ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ സ്റ്റാര്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെതിരെ ധോണി സ്റ്റൈലില്‍ ഹെലികോപ്റ്റര്‍ ഷോട്ട് പറത്തി കെ എല്‍ രാഹുല്‍
ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയുടെ വാംഅപ് മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ ആദ്യ വാംഅപ് മത്സരത്തില്‍ കെ എല്‍ രാഹുലിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റേയും ബാറ്റിംഗ് ഫോമാണ് ഇന്ത്യക്ക് വലിയ പ്ലസ് പോയിന്‍റ്. തകര്‍പ്പന്‍ ഫിഫ്റ്റി ഇരുവരും നേടിയപ്പോള്‍ രാഹുലിന്‍റെ വക കുറച്ച് സ്‌പെഷ്യല്‍ ഷോട്ടുകളുമുണ്ടായിരുന്നു. എം എസ് ധോണി പ്രസിദ്ധമാക്കിയ ഹെലികോപ്റ്റര്‍ ഷോട്ട് പായിച്ചു പാറ്റ് കമ്മിന്‍സിനെതിരെ രാഹുല്‍.
ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ സ്റ്റാര്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ ധോണി സ്റ്റൈലില്‍ ഹെലികോപ്റ്റര്‍ ഷോട്ട് പറത്തി കെ എല്‍ രാഹുല്‍. കമ്മിന്‍സിന്‍റെ പന്തിനെ ഡീപ് മിഡ് വിക്കറ്റിലൂടെ അനായാസം കോരിയിടുകയായിരുന്നു രാഹുല്‍. എന്നാല്‍ തൊട്ടടുത്ത പന്തില്‍ കട്ട ബൗണ്‍സര്‍ രാഹുലിന്‍റെ തലയ്ക്ക് നേര്‍ക്ക് എറിഞ്ഞ് കമ്മിന്‍സ് പ്രതികാരം ചെയ്യുകയും ചെയ്തു. കമ്മിന്‍സിന്‍റെ ബൗണ്‍സര്‍ രാഹുലിന്‍റെ ഹെല്‍മറ്റില്‍ തട്ടിത്തെറിച്ചു. എങ്കിലും പതറാതെ കളിച്ച രാഹുല്‍ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.
ഇന്ത്യക്ക് മികച്ച സ്കോര്‍
ഗാബയില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കെ എല്‍ രാഹുലിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റേയും അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സെടുത്തു. രാഹുല്‍ 33 പന്തില്‍ 57 ഉം സൂര്യ 33 പന്തില്‍ 50 ഉം റണ്‍സെടുത്ത് പുറത്തായി. മൂന്ന് സിക്‌സും ആറ് ഫോറും രാഹുലിന്‍റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മ 15 റണ്‍സില്‍ മടങ്ങി. ഓസീസിനായി കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ നാലും മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്‌സ്‌വെല്ലും ആഷ്‌ടണ്‍ അഗറും ഓരോ വിക്കറ്റും വീഴ്‌ത്തി.
കെ എല്‍ രാഹുലിനും സൂര്യകുമാര്‍ യാദവിനും അര്‍ധസെഞ്ചുറി; ഇന്ത്യക്ക് മികച്ച സ്‌കോര്‍