ടി20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം നിര്‍ണായകമാകും എന്ന് കാര്‍ത്തിക്
ദില്ലി: ടി20 ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി പുറത്തുവിട്ടതോടെ ടീമുകളെയും ഫേവറേറ്റുകളേയും കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്കും ഇതിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. യുഎഇയിലും ഒമാനിലുമായി നടക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തും എന്നാണ് കാര്‍ത്തിക്കിന്‍റെ പ്രവചനം.
ഞാന്‍ വരുന്ന ഇന്ത്യയോടുള്ള ചായ്‌വ് മാറ്റിവച്ച് ഉത്തരം പറയാന്‍ പറഞ്ഞാല്‍ ഇംഗ്ലണ്ടിന്‍റെ പേരായിരിക്കും അത്. ആദ്യ പന്ത് മുതല്‍ ടി20 ക്രിക്കറ്റില്‍ എങ്ങനെ കളിക്കണമെന്ന് അവര്‍ സ്ഥിരതയോടെ മറ്റ് ടീമുകള്‍ക്ക് കാട്ടിയിട്ടുണ്ട്. ഏകദിനത്തിലും അത് കാട്ടിയിട്ടുണ്ടെങ്കിലും ടി20യിലാണ് കൂടുതല്‍ ഉചിതം. എണ്ണയിട്ട യന്ത്രത്തെപ്പോലെ കളിക്കുന്ന ഓയിന്‍ മോര്‍ഗന്‍റെ ടീമിന് വലിയ അത്ഭുതം കാട്ടാനാകും എന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു. മോര്‍ഗന്‍ അടുത്ത കാലത്ത് റണ്ണടിച്ചുകൂട്ടിയിട്ടില്ലെങ്കിലും സാഹചര്യം ആവശ്യപ്പെടുമ്പോള്‍ താരം മികച്ച പ്രകടനം പുറത്തെടുക്കും എന്ന് തനിക്കുറപ്പാണ് എന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ താരങ്ങളില്‍ ഹര്‍ദിക്
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം നിര്‍ണായകമാകും എന്ന് കാര്‍ത്തിക് വ്യക്തമാക്കി. ബാറ്റും പന്തും കൊണ്ട് നിര്‍ണായകമാകും പാണ്ഡ്യ. റണ്‍റേറ്റ് ഉയര്‍ത്തേണ്ട ഘട്ടങ്ങളിലെല്ലാം പാണ്ഡ്യ തുണയ്‌ക്കെത്തിയിട്ടുണ്ട്. ഗ്രൗണ്ടിന്‍റെ മിക ഭാഗത്തേക്കും ഒട്ടുമിക്ക ബൗളര്‍മാരെയും അടിച്ചകറ്റാന്‍ താരത്തിനാകും. അതാണ് പാണ്ഡ്യയെ താന്‍ ഇഷ്‌ടപ്പെടാന്‍ കാരണമെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.
ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടൂർണമെന്റ് കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു. ഒക്‌ടോബര്‍ 24ന് ദുബായ് ഇന്റനാഷണല്‍ സ്‌റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ടി20 ലോകകപ്പില്‍ രണ്ടാം കിരീടം തേടിയാണ് ഇന്ത്യ ഇറങ്ങുക.
നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഗ്രൂപ്പ് ഒന്നിലും ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകൾ ഗ്രൂപ്പ് രണ്ടിലുമാണ്. ഒക്‌ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്ക്കുക. ശ്രീലങ്കയും ബംഗ്ലാദേശും അടക്കമുള്ള ടീമുകൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നുണ്ട്.
ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് നിര്‍ണായകമാവുക ആര്? പേരുമായി ദിനേശ് കാര്‍ത്തിക്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona