സല്‍മാന്‍ 99*, രോഹന്‍ 87! മുംബൈയെ അടിച്ചുമെതിച്ച് കേരളത്തിന് 234 റണ്‍സ്; സഞ്ജു സാംസണ്‍ നിര്‍ഭാഗ്യവാന്‍

By Web Team  |  First Published Nov 29, 2024, 12:56 PM IST

സഞ്ജു സാംസണ്‍ നാല് റണ്‍സില്‍ പുറത്തായിട്ടും രോഹന്‍- സല്‍മാന്‍ വെടിക്കെട്ടില്‍ കേരളത്തിന് മുംബൈക്കെതിരെ കൂറ്റന്‍ സ്കോര്‍


ഹൈദരാബാദ്: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ക്രിക്കറ്റ് ടി20 ടൂര്‍ണമെന്‍റില്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് പരാജയമായെങ്കിലും രോഹന്‍ എസ് കുന്നുമ്മല്‍- സല്‍മാന്‍ നിസാര്‍ വെടിക്കെട്ടില്‍ മുംബൈക്കെതിരെ കേരളത്തിന് പടുകൂറ്റന്‍ സ്കോര്‍. കേരളം 20 ഓവറില്‍ 234-5 സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. രോഹന്‍ 48 പന്തില്‍ 87 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സല്‍മാന്‍ 49 പന്തില്‍ 99* റണ്‍സുമായി പുറത്താവാതെ നിന്നു. നിര്‍ഭാഗ്യം കൊണ്ടാണ് ഇരുവരും സെഞ്ചുറി തികയ്ക്കാതെ പോയത്. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി ക്രീസിലെത്തിയത് ക്യാപ്റ്റന്‍ സഞ്ജു സാംസണും രോഹന്‍ എസ് കുന്നുമ്മലും. മുംബൈ പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിനെതിരെ ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ ബൗണ്ടറി നേടി പ്രതീക്ഷ തന്ന സഞ്ജു പക്ഷേ അടുത്ത പന്തില്‍ മടങ്ങി. ഷര്‍ദ്ദുലിനെ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച സഞ്ജു ബൗള്‍ഡാവുകയായിരുന്നു. 4 പന്തില്‍ 4 റണ്‍സേ സഞ്ജു സാംസണ്‍ നേടിയുള്ളൂ. അധിക നേരം ക്രീസില്‍ നിന്നില്ലെങ്കിലും വണ്‍ഡൗണ്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ റണ്ണുയര്‍ത്താന്‍ ശ്രമിച്ചു. 8 പന്തില്‍ 13 റണ്‍സുമായി മോഹിത് ആവസ്‌ത്തിക് അസ്‌ഹര്‍ വിക്കറ്റ് സമ്മാനിച്ചതോടെ കേരളം 3.5 ഓവറില്‍ 40-2. പിന്നാലെ സച്ചിന്‍ ബേബി (4 പന്തില്‍ 7) പരിക്കേറ്റ് മടങ്ങുകയും ചെയ്തു. 

Latest Videos

മൂന്നാം വിക്കറ്റില്‍ രോഹന്‍ എസ് കുന്നുമ്മലും സല്‍മാന്‍ നിസാറും ചേര്‍ന്ന് കേരളത്തിനായി തകര്‍ച്ചടിച്ചു. ഇന്നിംഗ്‌സിലെ 9-ാം ഓവറില്‍ ഷാംസ് മലാനിയെ മൂന്ന് സിക്‌സറിന് പറത്തി ഇരുവരും ഗിയര്‍ ടോപ്പിലാക്കി. 15 ഓവറില്‍ ഇവര്‍ ടീമിനെ 150 കടത്തി. ഇതേ ഓവറില്‍ രോഹന്‍- സല്‍മാന്‍ സഖ്യം 100 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പ് തികയ്ക്കുകയും ചെയ്തു. 48 പന്തില്‍ 87 റണ്‍സെടുത്ത രോഹനെ ഷാംസ് മലാനി എറിഞ്ഞ 18-ാം ഓവറിലെ ആദ്യ മോഹിത് ആവസ്‌ത്തി പന്തില്‍ പറക്കും ക്യാച്ചില്‍ മടക്കി. ക്രീസിലെത്തി ആദ്യ പന്തില്‍ സിക്‌സര്‍ പറത്തിയ വിഷ്‌ണു വിനോദ് (2 പന്തില്‍ 6) തൊട്ടടുത്ത ബോളിലും പുറത്തായി. അടുത്ത പന്തില്‍ അബ്‌ദുള്‍ ബാസിത് പി എ ഗോള്‍ഡന്‍ ഡക്കായി.

19-ാം ഓവറില്‍ സിക്സോടെ സല്‍മാന്‍ കേരളത്തെ 200 കടത്തി. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ വീണ്ടും സിക്‌സുമായി സല്‍മാന്‍ നിസാര്‍ 99ലെത്തി. 

Read more: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20: മുംബൈയെ മലര്‍ത്തിയടിക്കാന്‍ സഞ്ജുപ്പട; എങ്ങനെ തത്സമയം കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!