മുഷ്‌താഖ് അലി ടി20: ഫിനിഷറാവാതെ സഞ്ജു സാംസണ്‍; കേരളത്തിന് ആദ്യ തോല്‍വി

By Web Team  |  First Published Oct 16, 2022, 12:42 PM IST

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത സര്‍വീസസ് 20 ഓവറില്‍ എട്ട് വിക്കറ്റിനാണ് 148 റണ്‍സെടുത്തത്


ചണ്ഡീഗഢ്: മുഷ്‌താഖ് അലി ടി20 ട്രോഫിയില്‍ തുടര്‍ച്ചയായ നാലാം ജയം തേടിയിറങ്ങിയ കേരളത്തിന് നിരാശ. സര്‍വീസസ് മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളം 19.4 ഓവറില്‍ 136ല്‍ ഓള്‍ഔട്ടായി. 12 റണ്‍സിനാണ് സര്‍വീസസിന്‍റെ ജയം. ഇന്ത്യന്‍ ടീമിനായി മിന്നും ഫോമിലായിരുന്ന സഞ്ജു സാംസണ്‍ 26 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. 36 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ടോപ് സ്കോറര്‍. വാലറ്റത്തിന്‍റെ പോരാട്ടം കേരളത്തിന് തികയാതെവന്നു. എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിന്‍റെ ആദ്യ തോല്‍വിയാണിത്. 

രോഹന്‍ കുന്നുമ്മലും വിഷ്‌ണു വിനോദും മുഹമ്മദ് അസ്‌ഹറുദ്ദീനും അതിവേഗം മടങ്ങിയതോടെ തുടക്കത്തിലെ കേരളം പ്രതിസന്ധിയിലായി. നാലാം ഓവറിലെ രണ്ടാം പന്തില്‍ വിഷ്‌ണുവിനെയാണ് ആദ്യ നഷ്‌ടമായത്. 6 പന്തില്‍ 8 റണ്‍സെടുത്ത താരത്തെ എന്‍ യാദവ് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ രോഹനെ പിആര്‍ രെഖേഡയും പറഞ്ഞയച്ചു. രോഹിന് 16 ബോളില്‍ 11 റണ്‍സേ നേടാനായുള്ളൂ. തകര്‍പ്പന്‍ ഫോമിലുള്ള അസറിന് 16 പന്തില്‍ അത്രതന്നെ റണ്‍സേ സമ്പാദ്യമായുള്ളൂ. പുല്‍കിത് നരംഗിനായിരുന്നു വിക്കറ്റ്. അക്കൗണ്ട് തുറക്കുംമുമ്പ് കൃഷ്‌ണ പ്രസാദിനെയും നരംഗ് പുറത്താക്കിയതോടെ കേരളം 9.3 ഓവറില്‍ 52-4 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടു. 

Latest Videos

16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റിന് 99 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. 24 പന്തില്‍ ജയിക്കാന്‍ 50 റണ്‍സ്. ക്രീസിലുണ്ടായിരുന്ന സച്ചിന്‍ ബേബിയും സഞ്ജു സാംസണും കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും 35 പന്തില്‍ 36 റണ്‍സെടുത്ത് നില്‍ക്കേ സച്ചിനെ രെഖേഡ ബൗള്‍ഡാക്കിയത് വഴിത്തിരിവായി. 18-ാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജു സാംസണെ അര്‍ജുന്‍ ശര്‍മ്മയും പുറത്താക്കിയതോടെ കേരളം തോല്‍വി മണത്തു. സഞ്ജു 26 പന്തില്‍ 30 നേടി. ഒരു പന്തിന്‍റെ ഇടവേളയില്‍ മനു കൃഷ്ണും(2 പന്തില്‍ 6) മടങ്ങി. അവസാന ഓവറിലെ 20 റണ്‍സ് ലക്ഷ്യം നേടാന്‍ കേരളത്തിനായില്ല. സിജോമോന്‍ ജോസഫ് ഗോള്‍ഡന്‍ ഡക്കായപ്പോള്‍ അബ്‌ദുല്‍ ബാസിത്തിനും(10 പന്തില്‍ 19) ബേസില്‍ തമ്പിക്കും(3 പന്തില്‍ 6) പോരാട്ടം തികയാതെവന്നു. ബാസിത് അവസാന ഓവറിലെ രണ്ടാം പന്തിലും ബേസില്‍ നാലാം ബോളിലും മടങ്ങിയതാണ് പ്രഹരമായത്. ആസിഫ് കെ എം ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത സര്‍വീസസ് 20 ഓവറില്‍ എട്ട് വിക്കറ്റിനാണ് 148 റണ്‍സെടുത്തത്. 35 പന്തില്‍ 39 റണ്‍സെടുത്ത ആന്‍ഷുല്‍ ഗുപ്‌തയാണ് ടോപ് സ്‌കോറര്‍. രവി ചൗഹാന്‍ 27 പന്തില്‍ 22 ഉം ദേവേന്ദര്‍ ലോച്ചാബും പി ആര്‍ രെഖേഡയും 17 വീതവും റണ്‍സെടുത്ത് പുറത്തായി. 5 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്ന എ പി ശര്‍മ്മ നിര്‍ണായകമായി. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ 28 റണ്‍സിന് മൂന്നും ആസിഫ് കെ എം 31ന് രണ്ടും മനു കൃഷ്‌ണനും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റും വീഴ്‌ത്തി. 

ടി20 ലോകകപ്പ്: ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം മഴ കവരുമോ? ആശങ്ക കനക്കുന്നു

click me!