ടി20 ലോകകപ്പിലെ എക്‌സ് ഫാക്‌ടറിനെ കുറിച്ച് രോഹിത് ശര്‍മ്മ; അത് റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയുമല്ല!

By Jomit Jose  |  First Published Oct 15, 2022, 4:26 PM IST

ലോകകപ്പില്‍ മറ്റൊരു താരത്തെയാണ് എക്‌സ് ഫാക്‌ടറായി നായകന്‍ രോഹിത് ശര്‍മ്മ കണക്കാക്കുന്നത്


ബ്രിസ്‌ബേന്‍: ബാറ്റും ബോളും ഫീല്‍ഡിംഗും കൊണ്ട് മത്സരം മാറ്റിമറിക്കാന്‍ കരുത്തുള്ള ത്രീ-ഡി പ്ലെയര്‍ ഹാര്‍ദിക് പാണ്ഡ്യ, ടി20 ക്രിക്കറ്റിലെ മികവില്‍ സംശയമെങ്കിലും അസാധാരണ ബാറ്റിംഗ് കൊണ്ട് മറ്റ് ഫോര്‍മാറ്റുകളില്‍ പലകുറി വിസ്‌മയിപ്പിച്ചിട്ടുള്ള റിഷഭ് പന്ത്. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റില്‍ സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ രണ്ട് എക്‌സ് ഫാക്‌ടറുകള്‍ ഇവര്‍ രണ്ടുമാണ്. ഓസ്ട്രേലിയയില്‍ തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇരുവരും കളിക്കുന്നുണ്ട്. എന്നാല്‍ ലോകകപ്പില്‍ മറ്റൊരു താരത്തെയാണ് എക്‌സ് ഫാക്‌ടറായി നായകന്‍ രോഹിത് ശര്‍മ്മ കണക്കാക്കുന്നത്. 

'സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ടീമിന്‍റെ എക്‌സ് ഫാക്‌ടറാവാന്‍ കഴിയും. ടി20 ലോകകപ്പിലും വിസ്‌മയ ഫോം അദ്ദേഹം തുടരും എന്നാണ് പ്രതീക്ഷ. വളരെ ആത്മവിശ്വാസമുള്ള താരമാണ് സ്‌കൈ. ജസ്പ്രീത് ബുമ്രക്ക് പകരക്കാരനായി അവസാന നിമിഷം ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ച മുഹമ്മദ് ഷമിയെ ഞാനടുത്ത് കണ്ടിട്ടില്ല. എന്നാല്‍ ഷമി മികച്ച ഫിറ്റ്‌നസിലാണ് എന്നാണ് മനസിലാക്കുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പൂര്‍ണ പരിശീലന സെഷനുകള്‍ പൂര്‍ത്തിയാക്കിയാണ് താരം വരുന്നത്. ഞായറാഴ്‌ച ബ്രിസ്‌ബേനില്‍ ഇന്ത്യന്‍ ടീമിന് പ്രാക്‌ടീസ് സെഷനുണ്ട്. അവിടെവച്ച് മുഹമ്മദ് ഷമിയെ കാണാമെന്നും അതിനനുസരിച്ച് തീരുമാനം കൈക്കൊള്ളാമെന്നുമാണ് പ്രതീക്ഷ എന്നും ടീം ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മ്മ' ലോകകപ്പിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

Latest Videos

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി. 

'എല്ലാവരും ആത്മവിശ്വാസത്തിലാണ്'; ടി20 ലോകകപ്പിന് മുമ്പ് പ്രതീക്ഷകള്‍ പങ്കുവച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്

click me!