സിഡ്നിയില്‍ 'സ്കൈ'യ്ക്ക് എന്ത് ഭംഗി; പാക് താരത്തെ പിന്നിലാക്കി സൂര്യയുടെ കുതിപ്പ്, ആരാധകര്‍ ആവേശത്തില്‍

By Web Team  |  First Published Oct 27, 2022, 6:59 PM IST

25 പന്തില്‍ 51 റണ്‍സ് അടിച്ച സൂര്യയുടെ വെടിക്കെട്ടാണ് നെതര്‍ലാന്‍ഡ്സിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഈ വര്‍ഷം 25 ഇന്നിംഗ്സില്‍ നിന്നായി 867 റണ്‍സാണ് ഇതുവരെ സൂര്യ അടിച്ചുകൂട്ടിയത്. 41.28 ആണ് സൂര്യയുടെ ആവറേജ്.


സിഡ്നി: ട്വന്‍റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാമത്തെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ സന്തോഷിപ്പിക്കുന്ന നേട്ടം സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്. ഈ വര്‍ഷം ട്വന്‍റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായാണ് സൂര്യ മാറിയത്. പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്‍വാനെയാണ് താരം പിന്നിലാക്കിയത്. നെതര്‍ലാന്‍ഡ‍്സിനെതിരെ മിന്നുന്ന അര്‍ധ സെഞ്ചുറി കുറിച്ച് കൊണ്ടാണ് ആരാധകരുടെ സ്വന്തം 'സ്കൈ' ഈ നേട്ടം പേരിലെഴുതിയത്.

25 പന്തില്‍ 51 റണ്‍സ് അടിച്ച സൂര്യയുടെ വെടിക്കെട്ടാണ് നെതര്‍ലാന്‍ഡ്സിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഈ വര്‍ഷം 25 ഇന്നിംഗ്സില്‍ നിന്നായി 867 റണ്‍സാണ് ഇതുവരെ സൂര്യ അടിച്ചുകൂട്ടിയത്. 41.28 ആണ് സൂര്യയുടെ ആവറേജ്. ഒരു സെഞ്ചുറി നേടാനും താരത്തിനായി. 19 ഇന്നിംഗ്സില്‍ നിന്ന് 825 റണ്‍സുള്ള മുഹമ്മദ് റിസ്‍വാനാണ് രണ്ടാം സ്ഥാനത്ത്. 51.56 ശരാശരിയിലാണ് റിസ്‍വാന്‍റെ കുതിപ്പ്. ലോകകപ്പ് കഴിയുമ്പോള്‍ ആര് ഒന്നാം സ്ഥാനത്ത് നില്‍ക്കുമെന്നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Latest Videos

നെതര്‍ലാന്‍ഡ്സിനെതിരെയുള്ള മിന്നും പ്രകടനത്തിലൂടെ മറ്റൊരു റെക്കോര്‍ഡ് കൂടെ സൂര്യ സ്വന്തമാക്കിയിട്ടുണ്ട്. . ടി20 ക്രിക്കറ്റില്‍ ഒരു വര്‍ഷം 200 മുകളില്‍ പ്രഹരശേഷിയില്‍ അഞ്ച് അര്‍ധസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡാണ് സൂര്യ ഇന്ന് നേടിയത്. ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ 55 പന്തില്‍ 117 റണ്‍സടിച്ച സൂര്യ ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരെ 39 പന്തില്‍ 68 റണ്‍സടിച്ചു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ 31 പന്തില്‍ 65 റണ്‍സും ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 22 പന്തില്‍ 61 റണ്‍സും ഇന്ന് നെതര്‍ലന്‍ഡ്സിനെതിരെ 25 പന്തില്‍ 51 റണ്‍സും നേടിയാണ് സൂര്യ മറ്റൊരു ബാറ്റര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റില്‍ മറ്റൊരു ബാറ്റര്‍ക്കും നാലു തവണ പോലും 200ന് മുകളില്‍ പ്രഹരശേഷിയുള്ള പ്രകടനങ്ങളില്ല എന്നുള്ളതാണ് ശ്രദ്ധേയം. വാന്‍ ബീക്ക് എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്സിലെ അവസാന ഓവറിലെ അവസാന പന്ത് സ്വതസിദ്ധമായ ശൈലിയില്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ സിക്സിന് പറത്തിയാണ് ഇന്ന് സൂര്യകുമാര്‍ അര്‍ധസെഞ്ചുറി തികച്ചത്. 

ടി20 ലോകകപ്പ്: ഓറഞ്ച് പടയെയും വീഴ്ത്തി; രണ്ടാം ജയവുമായി ഇന്ത്യ ഒന്നാമത്

click me!