കഴിഞ്ഞ മാസം ആദ്യം നടന്ന കൂടിക്കാഴ്ചയില്‍ രോഹിത്തും ഹാര്‍ദ്ദിക്കും സൂര്യയും ഒരുപോലെ പറഞ്ഞ കാര്യം ടീമിലെ ഏറ്റവും വിലയേറിയ കളിക്കാരനാവേണ്ടത് ജസ്പ്രീത് ബുമ്രയാണെന്നതാണ്.
മുംബൈ: ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന കളിക്കാരെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചപ്പോള്‍ രോഹിത്തും സൂര്യയും ബുമ്രയും ഹാര്‍ദ്ദിക്കും അടങ്ങുന്ന തങ്ങളുടെ ഫാബ് ഫോറിനെ 75 കോടിക്കുള്ളില്‍ നിലനിര്‍ത്തുക എന്നതായിരുന്നു മുംബൈ ഇന്ത്യൻസ് നേരിട്ട വെല്ലുവിളി. ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രോഹിത് ശര്‍മ എന്നിവരെ നിലനിര്‍ത്തി അടുത്ത സീസണിലേക്കുള്ള ടീമിനെ എങ്ങനെ രൂപപ്പെടുത്താമെന്നതായിരുന്നു മുംബൈ ടീം മാനേജ്മെന്‍റ് ആലോചിച്ചത്.
ഇതിനായി കഴിഞ്ഞ മാസം മുംബൈ ഇന്ത്യൻസ് ടീം മാനേജ്മെന്‍റ് കോച്ച് മഹേള ജയവര്‍ധനെയുടെയും ടീം ഉടമ ആകാശ് അംബാനിയുടെയും നേതൃത്വത്തില്‍ പ്രധാന താരങ്ങളുമായി രണ്ട് വട്ടം കൂടിക്കാഴ്ച നടത്തി. അടുത്ത സീസണ് മുമ്പ് ടീമിനകത്ത് ഓരോ കളിക്കാരന്‍റെയും റോളിനെക്കുറിച്ച് വ്യക്തത വരുത്താനും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രതിഫലം അറിയാനുമായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം ആദ്യം നടന്ന കൂടിക്കാഴ്ചയില്‍ രോഹിത്തും ഹാര്‍ദ്ദിക്കും സൂര്യയും ഒരുപോലെ പറഞ്ഞ കാര്യം ടീമിലെ ഏറ്റവും വിലയേറിയ കളിക്കാരനാവേണ്ടത് ജസ്പ്രീത് ബുമ്രയാണെന്നതാണ്. അതുകൊണ്ട് തന്നെ റീടെന്‍ഷനില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കേണ്ട താരവും ബുമ്രയായിരിക്കണമെന്ന കാര്യത്തിലും മൂന്നുപേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. അങ്ങനെയാണ് ബുമ്രയെ 18 കോടി നല്‍കി നിലനിര്‍ത്താന്‍ മുംബൈ ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്.
അതിനുശേഷമാണ് രോഹിത്തിനോടും ഹാര്‍ദ്ദിക്കിനോടും സൂര്യകുമാറിനോടും നിലനിർത്തുമ്പോള്‍ അവര്‍ പ്രതീക്ഷിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത്. 75 കോടി രൂപക്കുള്ളില്‍ ടോപ് ഫോറിനെ നിലിനിര്‍ത്താനായി മൂന്ന് പേർക്കും ഒരേ പ്രതിഫലം നല്‍കാമെന്നതായിരുന്നു ചര്‍ച്ചയില്‍ ധാരണയിലെത്തിയത്. അങ്ങനെയാണ് സൂര്യകുമാറിനും ഹാര്‍ദ്ദിക്കിനും 16.35 കോടിയും രോഹിത്തിന് 16.30 കോടിയും നല്‍കി നിലനിര്‍ത്താന്‍ മുംബൈക്കായത്. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍ നിലനിര്‍ത്തുന്ന നാലാമത്തെ കളിക്കാരനാവുന്നതില്‍ തനിക്ക് പ്രശ്നമൊന്നും ഇല്ലെന്നും രോഹിത് പറഞ്ഞു.
രോഹിത്തിന്‍റെ പിന്‍ഗാമിയായി ഇന്ത്യൻ ടി20 ടീമിന്‍റെ ക്യാപ്റ്റനായതോടെ മുംബൈ ഇന്ത്യൻസിലെ തന്‍റെ റോളിനെക്കുറിച്ചും ഭാവിയില്‍ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാവാനുള്ള തന്‍റെ ആഗ്രവും സൂര്യകുമാര്‍ ടീം മാനേജ്മെന്‍റിനോട് കൂടിക്കാഴ്ചയില്‍ തുറന്നു പറഞ്ഞിരുന്നു. നിലനിര്‍ത്തുന്നതിന് മുമ്പ് എന്തെങ്കിലും ഉപാധികളുണ്ടോ എന്നാരാഞ്ഞ ടീം മാനേജ്മെന്‍റ് ഉണ്ടെങ്കില്‍ തന്നെ ഉറപ്പുകളൊന്നും നല്‍കാനാവില്ലെന്നുള്ള വ്യക്തമായ സന്ദേശവും സൂര്യകുമാറിന് നല്‍കി. ഒപ്പം തല്‍ക്കാലും ഹാര്‍ദ്ദിക്കിനെ കൈവിടില്ലെന്നും ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.
തിരിച്ചടിച്ച് ഇന്ത്യൻ യുവനിര, മുകേഷ് കുമാറിന് 6 വിക്കറ്റ്; ഓസ്ട്രേലിയ എയെ എറിഞ്ഞിട്ടു
ഒരു സീസണിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്നത് ഉചിതമല്ലെന്നും ടീമിനകത്ത് മികച്ച അന്തരീക്ഷമൊരുക്കിയാല്‍ ഈ സീസണില്‍ മെച്ചപ്പെട്ട റിസൾട്ട് ഉണ്ടാവുമോ എന്ന് നോക്കിയശേഷം മാത്രമെ ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം പരിഗണിക്കൂവെന്നും ടീം മാനേജ്മെന്‍റ് സൂര്യകുമാർ അടക്കമുള്ള സീനിയര്‍ താരങ്ങളോട് അർത്ഥശങ്കയില്ലാതെ വ്യക്തമാക്കി.
ടീം എങ്ങനെയാണ് മുന്നോട്ടുപോകുക എന്നതിനെക്കുറിച്ചും ഓരോ കളിക്കാരന്‍റെയും ടീമിലെ റോളിനെക്കുറിച്ചും വ്യക്തത വരുത്തി മുന്നോട്ടു പോയില്ലെങ്കില്‍ ടീമിന് ഇപ്പോള്‍ ലഭിക്കുന്ന ആരാധക പിന്തുണ നഷ്ടമാവുമെന്നും അത് അപകടമാണെന്നും ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയപ്പോള്‍ ടീമിനകത്ത് മെച്ചപ്പെട്ട അന്തരീക്ഷം ഉണ്ടാക്കുന്ന കാര്യം താനേറ്റുവെന്ന് സൂര്യ ചര്‍ച്ചയില്‍ വാക്കുകൊടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക