മനോഭാവമാണ് മുഖ്യം! സഞ്ജുവിനെ കുറിച്ച് വാതോരാതെ സൂര്യകുമാര്‍ യാദവ്

By Web Team  |  First Published Nov 9, 2024, 6:33 PM IST

ബംഗ്ലാദേശിനെതിരെ അവസാന ടി20യില്‍ സെഞ്ചുറി നേടിയ സഞ്ജു ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യിലും സെഞ്ചുറി നേടുകയായിരുന്നു


ഡര്‍ബന്‍: സൂര്യകുമാര്‍ യാദവിന് കീഴിലാണ് മലയാളി താരം സഞ്ജു സാംസണ്‍ വലിയ പിന്തുണ ലഭിക്കുന്നത്. രോഹിത് ശര്‍മ വിരമിച്ചതിന് ശേഷം സഞ്ജുവിന് ഓപ്പണിംഗ് റോള്‍ നല്‍കുകയായിരുന്നു. എന്തായാലും ലഭിച്ച അവസരം സഞ്ജു ശരിക്കും മുതലാക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരെ അവസാന ടി20യില്‍ സെഞ്ചുറി നേടിയ സഞ്ജു ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യിലും സെഞ്ചുറി നേടുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമാവാനും സഞ്ജുവിന് സാധിച്ചു.

നിരവധി പേര്‍ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തി. അക്കൂട്ടത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമുണ്ടായിരുന്നു. മത്സരശേഷമാണ് സൂര്യ, സഞ്ജുവിനെ കുറിച്ച് സംസാരിച്ചത്. സൂര്യയുടെ വാക്കുകള്‍... ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സഞ്ജു നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിക്കുന്നത്. അവന്‍ 90-കളില്‍ ആയപ്പോഴും കൂറ്റനടികള്‍ക്കാണ് ശ്രമിച്ചത്. ടീമിന് വേണ്ടിയാണ് സഞ്ജു കളിച്ചത്. അവന്റെ ശരീര ഭാഷയില്‍ അതുണ്ടായിരുന്നു. അത്തരത്തിലുള്ള മനോഭാവമാണ് ടീമിന് വേണ്ടതും.'' സൂര്യ പറഞ്ഞു.

Latest Videos

രഞ്ജി ട്രോഫി: കൂറ്റന്‍ ജയം നേടിയിട്ടും കേരളത്തിന് ഒന്നാം സ്ഥാനമില്ല! തിരിച്ചടിയായത് പഞ്ചാബിന്‍റെ തോല്‍വി

സ്പിന്നര്‍മാരെ ഉപയോഗിച്ചതിനെ കുറിച്ചും സൂര്യ സംസാരിച്ചു. ''സ്പിന്നര്‍മാരെ കൊണ്ടുവന്നതില്‍ വ്യക്തമായ പ്ലാനുണ്ടായിരുന്നു. ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു ലക്ഷ്യം. അത് ഫലം കാണുകയും ചെയ്തു. വിക്കറ്റുകള്‍ നഷ്ടമായാലും ഭീതിയില്ലാതെ കളിക്കുകയെന്നുള്ളതാണ് ഇന്ത്യന്‍ ടീമിന്റെ ശൈലി. ഇതൊരു ടി20 ഗെയിമാണ്, ഞങ്ങള്‍ക്ക് 20 ഓവറുകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ നിങ്ങള്‍ക്ക് 17 ഓവറില്‍ 200 സ്‌കോര്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ അത് നല്ലതാണ്.'' സൂര്യ കൂട്ടിചേര്‍ത്തു.

മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ പിന്തുണയെ കുറിച്ച് സഞ്ജു സംസാരിച്ചിരുന്നു. ''ഞാന്‍ ദുലീപ് ട്രോഫി കളിക്കുമ്പോള്‍, സൂര്യ എന്നോട് സംസാരിച്ചിരുന്നു. അടുത്ത ഏഴ് മത്സരങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യ എനിക്ക് ഉറപ്പ് നല്‍കി. അത് എത്ര സ്‌കോര്‍ ചെയ്താലും തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്ന് സൂര്യ പറഞ്ഞിരുന്നു. ക്യാപ്റ്റനില്‍ നിന്ന് ഇത്തരമൊരു വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നല്‍കുന്നത്.'' സഞ്ജു ജിയോ സിനിമയോട് പറഞ്ഞു.

tags
click me!