തിരുവനന്തപുരത്തെ പേസ് പിച്ചില്‍ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ 33 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു സൂര്യകുമാര്‍ യാദവ്
കാര്യവട്ടം: ഇന്ത്യ-ദക്ഷിണാഫ്രിക്ക കാര്യവട്ടം ടി20യില്‍ ബാറ്റ് പിച്ച് പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ ബൗളര്‍മാര്‍ അരങ്ങുവാഴുന്നതാണ് കണ്ടത്. മികച്ച സ്വിങും പേസും ബൗളര്‍മാര്‍ക്ക് ലഭിച്ചപ്പോള്‍ ബാറ്റര്‍മാരില്‍ ഒരാളൊഴികെ എല്ലാവരും പാടുപെട്ടു. നേരിട്ട ആദ്യ മൂന്ന് പന്തില്‍ രണ്ട് സിക്‌സറുകളുമായി സൂര്യകുമാര്‍ യാദവായിരുന്ന കാര്യവട്ടത്തെ ചതിയന്‍ പിച്ചില്‍ വീരചരിത്രമെഴുതിയത്. ബാറ്റിംഗ് ഏറെ ദുഷ്ക്കരമായ ട്രാക്കില്‍ തന്‍റെ ഏറ്റവും മികച്ച അര്‍ധസെഞ്ചുറികളിലൊന്ന് നേടിയെങ്കിലും സ്കൈ അത്ര സംതൃപ്തനല്ല. ഇനിയും തന്‍റെ ബാറ്റിംഗ് കൂടുതല്‍ മെച്ചപ്പെടാനുണ്ട് എന്നാണ് സ്കൈയുടെ നിലപാട്.
മത്സരശേഷം ടീം ഹോട്ടലിലെത്തിയപ്പോള്‍ തന്‍റെ ബാറ്റിംഗ് വീഡിയോ വീണ്ടും കാണുകയാണ് സൂര്യകുമാര്‍ യാദവ് ചെയ്തതത്. സൂര്യകുമാറിന്‍റെ ഭാര്യയാണ് താരം മത്സരം കാണുന്നതിന്‍റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
തിരുവനന്തപുരത്തെ പേസ് പിച്ചില്‍ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ 33 പന്തില്‍ അര്‍ധ സെഞ്ചുറിയും കെ എല്‍ രാഹുലിനൊപ്പം പുറത്താകാതെ 93 റണ്‍സ് കൂട്ടുകെട്ടുമായി സൂര്യകുമാര്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്‍റെ ജയം സമ്മാനിക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ രാഹുല്‍ പ്രയാസപ്പെട്ടപ്പോള്‍ സിക്‌സറുകളുമായി ഇന്നിംഗ്‌സിന്‍റെ ഗിയര്‍ മാറ്റിയത് സൂര്യയായിരുന്നു.
ബാറ്റര്‍മാര്‍ക്ക് കനത്ത വെല്ലുവിളിയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ച് നല്‍കിയത്. ആദ്യ ഓവറില്‍ പേസര്‍ ദീപക് ചാഹര്‍ ഒന്നും രണ്ടാം ഓവറില്‍ അര്‍ഷ്‌ദീപ് സിംഗ് മൂന്നും വിക്കറ്റുമായി ഞെട്ടിച്ചപ്പോള്‍ 2.3 ഓവറില്‍ 9 റണ്‍സിന് ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. ഒടുവില്‍ 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് പ്രോട്ടീസിനെ 20 ഓവറില്‍ 8 വിക്കറ്റിന് 106 റണ്‍സിലെത്തിച്ചത്. വീണ എട്ടില്‍ ഏഴ് വിക്കറ്റും ഇന്ത്യന്‍ പേസര്‍മാര്‍ക്കായിരുന്നു. നാല് ഓവര്‍ വീതമെറിഞ്ഞ ദീപക് ചാഹര്‍ 24ന് രണ്ടും അര്‍ഷ്‌ദീപ് 32ന് മൂന്നും ഹര്‍ഷല്‍ പട്ടേല്‍ 26ന് രണ്ടും വിക്കറ്റ് സ്വന്തമാക്കി. സ്പിന്നര്‍ അക്‌സര്‍ പട്ടേലിനാണ് ശേഷിക്കുന്ന വിക്കറ്റ്.
മറുപടി ബാറ്റിംഗില്‍ ഇന്ത്യയേയും വിറപ്പിച്ചു തുടക്കത്തില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍. ഇതോടെ 6.1 ഓവറിനിടെ രോഹിത് ശര്‍മ്മയും വിരാട് കോലിയും കൂടാരം കയറി. ഹിറ്റ്‌മാന്‍ അക്കൗണ്ട് തുറക്കാതെയും കോലി മൂന്ന് റണ്ണിലുമാണ് പുറത്തായത്. കെ എല്‍ രാഹുല്‍ പവര്‍പ്ലേയില്‍ റണ്‍ കണ്ടെത്താന്‍ കഷ്ടപ്പെട്ടു. എങ്കിലും പുറത്താകാതെ 33 പന്തില്‍ 50 റണ്‍സെടുത്ത സൂര്യകുമാറും 56 പന്തില്‍ 51 റണ്‍സെടുത്ത് രാഹുലും കാര്യവട്ടത്തെ ഇന്ത്യന്‍ കാണികള്‍ക്ക് എട്ട് വിക്കറ്റിന്‍റെ ജയം 16.4 ഓവറില്‍ സമ്മാനിക്കുകയായിരുന്നു.
കാര്യവട്ടത്തെ വിസ്‌മയ ബൗളിംഗ്; അര്‍ഷ്‌ദീപ് സിംഗിനെ വാഴ്ത്തി കെ എല്‍ രാഹുല്‍