സൂര്യകുമാര്‍ യാദവിനെ ഏത് സ്ഥാനത്തും ഉപയോഗിക്കാം എന്നാണ് ദിലീപ് വെങ്‌സര്‍കറുടെ വാദം
മുംബൈ: ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള താരങ്ങളെ തഴഞ്ഞതില്‍ വിവാദം കടുക്കുകയാണ്. ഐപിഎല്ലില്‍ തിളങ്ങിയ മൂന്ന് താരങ്ങള്‍ നിര്‍ബന്ധമായും ലോകകപ്പ് ടീമില്‍ ഉണ്ടാകണമായിരുന്നു എന്നാണ് ഇന്ത്യന്‍ മുന്‍ നായകനും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സര്‍കറുടെ വാദം. ടി20 ലോകകപ്പിന് മുമ്പ് ശ്രദ്ധേയമായൊരു ഉപദേശം ഇന്ത്യന്‍ ടീമിന് നല്‍കുന്നുമുണ്ട് വെങ്‌സര്‍കര്‍.
സൂര്യകുമാര്‍ യാദവിനെ ബാറ്റിംഗില്‍ ഏത് സ്ഥാനത്തും ഉപയോഗിക്കാം എന്നാണ് ദിലീപ് വെങ്‌സര്‍കറുടെ വാദം. 'ഏത് നമ്പറില്‍ ആര് ബാറ്റ് ചെയ്യണം എന്ന് പറയാന്‍ ഞാനില്ല. അത് പരിശീലകനും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേര്‍ന്ന് തീരുമാനിക്കേണ്ടതാണ്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന സൂര്യകുമാര്‍ യാദവിന് അഞ്ചാമതും ഇറങ്ങാം. മികച്ച ഫിനിഷറായും പേരുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. ടി20 ഏകദിനമോ ടെസ്റ്റോ പോലെയല്ല. ടി20യില്‍ ആര്‍ക്കും എവിടെ വേണേലും ബാറ്റ് ചെയ്യാം. ക്രീസില്‍ കാലുറപ്പിക്കേണ്ട സമയമില്ല. ആദ്യ പന്ത് മുതല്‍ പ്രഹരം തുടങ്ങണം' എന്നും ദിലീപ്‍ വെങ്‌സര്‍ക്കര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.
അതേസമയം മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്, ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ ലോകകപ്പ് സ്‌ക്വാഡില്‍ വലിയ മിസ്സിംഗാണ് എന്ന് വെങ്‌സര്‍കര്‍ വാദിക്കുന്നു. 'ടി20 ലോകകപ്പിനായി മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്, ശുഭ്‌മാന്‍ ഗില്‍ എന്നിവരെ ഞാന്‍ തെരഞ്ഞെടുക്കുമായിരുന്നു. മികച്ച ഐപിഎല്‍ സീസണായിരുന്നു എന്നതിനാല്‍ മൂവര്‍ക്കും ദീര്‍ഘമായ മത്സരകാലയളവ് നല്‍കണമായിരുന്നു' എന്നുമാണ് വെങ്‌സര്‍ക്കറുടെ വാക്കുകള്‍.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.
ബംഗ്ലാദേശ് ടി20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു; സൂപ്പര്‍ താരം പുറത്ത്