മത്സരത്തില്‍ തിളങ്ങിയ യുവതാരങ്ങളെ കുറിച്ച് രോഹിത് പ്രത്യേകം പറയുകയുണ്ടായി. രോഹിത്തും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും യുവതാരങ്ങള്‍ക്ക് നല്‍കിയ പിന്തുണ വലുതായിരുന്നു.
ലഖ്‌നൗ: കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഒരു ടെസ്റ്റ് ബാക്കി നില്‍ക്കെയാണ് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര പോക്കറ്റിലാക്കിയത്. റാഞ്ചിയില്‍ നടന്ന അവസാന ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 192 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ (52), ധ്രുവ് ജുറെല്‍ (36) എന്നിവര്‍ പുറത്താവാതെ നേടിയ റണ്‍സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 55 റണ്‍സെടുത്തിരുന്നു.
മത്സരത്തില്‍ തിളങ്ങിയ യുവതാരങ്ങളെ കുറിച്ച് രോഹിത് പ്രത്യേകം പറയുകയുണ്ടായി. രോഹിത്തും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും യുവതാരങ്ങള്‍ക്ക് നല്‍കിയ പിന്തുണ വലുതായിരുന്നു. ഇപ്പോള്‍ ക്യാപ്റ്റന്‍ രോഹിത്തിനെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. മുന്‍ ഇന്ത്യന്‍ താരം കൂടിയായിരുന്ന റെയ്‌നയുടെ വാക്കുകള്‍... ''അടുത്ത എം എസ് ധോണിയാണ് രോഹിത്. ധോണി ചെയ്തതുപോലെ നിരവധി യുവതാരങ്ങള്‍ക്ക് രോഹിത് അവസരം നല്‍കുന്നു. ഞാന്‍ ധോണിയുടെ കീഴില്‍ ഒരുപാട് മത്സരം കളിച്ചിട്ടുണ്ട്. രോഹിത് ശരിയായ പാതയിലൂടെയാണ് പോയികൊണ്ടിരിക്കുന്നത്. തന്ത്രശാലിയായ ക്യാപ്റ്റനാണ് രോഹിത്.'' റെയ്‌ന വ്യക്തമാക്കി.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കുറിച്ചും റെയ്‌ന സംസാരിച്ചു. ''കോലി ഒരു ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും വേണ്ടി അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. അദ്ദേഹം ഐപിഎല്‍ കിരീടം നേടുന്നത് കാണാന്‍ ആരാധകരും ആഗ്രഹിക്കുന്നുണ്ട്.'' റെയ്‌ന വ്യക്തമാക്കി.
നാലാം ടെസ്റ്റിന് ശേഷം യുവതാരങ്ങള്‍ക്ക് സ്ഥാനം നിലനിര്‍ത്തുക എളുപ്പമല്ലെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു... ''കോലി എല്ലാം തെളിയിച്ച് കളിക്കാരനാണ്. കോലി തിരിച്ചെത്തുമ്പോള്‍ യുവതാരങ്ങള്‍ തമ്മിലുള്ള മത്സരം കടുക്കും. അവര്‍ക്ക് സ്ഥാനം നിലനിര്‍ത്തുക എളുപ്പമായിരിക്കില്ല. എന്ത് സംഭവിച്ചാലും വിജയിക്കണമെന്ന ആഗ്രഹത്തോടെയാണ് ഞങ്ങള്‍ ഓരോ ടെസ്റ്റിനും തിരിയുന്നത്. ഇതൊരു മികച്ച പരമ്പരയാണ്. പക്ഷേ ധരംശാല ടെസ്റ്റിലാണ് ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും.'' രോഹിത് വ്യക്തമാക്കി. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിനെ കുറിച്ച് പറയാതെ പറയുക കൂടിയാണ് രോഹിത് ചെയ്തത്.