ക്രിക്കറ്റ് അസോസിയേഷനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോം ഗ്രൗണ്ട് മാറാന്‍ തയ്യാറാണെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അറിയിച്ചിരുന്നു.
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹോം മത്സരങ്ങള്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തന്നെ നടക്കും. നേരത്തെ, ക്രിക്കറ്റ് അസോസിയേഷനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോം ഗ്രൗണ്ട് മാറാന്‍ തയ്യാറാണെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അറിയിച്ചിരുന്നു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ ചില ഉന്നതര്‍ സൗജന്യ ടിക്കറ്റുകള്‍ക്കായി ഭീഷണിപ്പെടുത്തിയതാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഇതിലാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പായിരിക്കുന്നത്.
ഹോം മത്സരങ്ങളിലെ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ സംബന്ധിച്ചായിരുന്നു ഐപിഎല്‍ ഫ്രാഞ്ചൈസിയും ഹൈദരാബാദ് അസോസിയേഷനും തര്‍ക്കമുണ്ടായിരുന്നത്. കൂടുതല്‍ സൗജന്യ ടിക്കറ്റുകള്‍ വേണമെന്നായിരുന്ന ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യം. എന്നാല്‍ ആവശ്യം സണ്‍റൈസേഴ്‌സ് നിരസിക്കുകയായിരുന്നു. വിഷയം പരാതിയായി ഐപിഎല്‍ ടീം ബിസിസിഐയ്ക്ക് നല്‍കുകയും ചെയ്തു. പിന്നീട് ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ ഒത്തുതീര്‍ക്കുകയായിരുന്നു.
സണ്‍റൈസേഴ്‌സ് ഒരു മത്സരത്തിന് 3,900 സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്. ഇതില്‍ 50 വിഐപി ബോക്‌സ് ടിക്കറ്റുകള്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനാണ് നല്‍കുന്നത്. എന്നാല്‍ ഇത്രയും പോരെന്നും 20 ടിക്കറ്റുകള്‍ കൂടി വേണമെന്നും ക്രിക്കറ്റ് അസോസിയേഷനിലെ ഉന്നതര്‍ ആവശ്യപ്പെട്ടു. ഈ അഭ്യര്‍ത്ഥന സണ്‍റൈസേഴ്സ് നിരസിക്കുകയായിരുന്നു. സൗജന്യ ടിക്കറ്റുകള്‍ക്കായി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് ഇതാദ്യമല്ലെന്നും ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് മുമ്പും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് സണ്‍റൈസേഴ്‌സ് മാനേജര്‍ ആരോപിച്ചു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ് നഷ്ടം, ടീമില്‍ മാറ്റം; സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ രണ്ട് മാറ്റം
ഗ്രൗണ്ട് സംബന്ധിച്ച വിവാദമുണ്ടാകുന്നത് ആദ്യമായിട്ടല്ല. 2024 ഏപ്രിലില്‍, തെലങ്കാന സ്റ്റേറ്റ് സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ് ഗ്രൗണ്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നു. 3.05 കോടി രൂപയുടെ കുടിശ്ശികയാണ് അന്ന് ഉണ്ടായിരുന്നത്. സണ്‍റൈസേഴ്സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പാണ് നടപടി ഉണ്ടായത്. പിന്നീട് ബാക്കപ്പ് ജനറേറ്ററുകള്‍ ഉപയോഗിച്ച് പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കുകയായിരുന്നു.