രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കളിക്കാൻ ടീം തയ്യാറല്ലെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ സീസണിലെ ഐപിഎൽ മത്സരങ്ങൾ കളിക്കാൻ ടീം തയ്യാറായേക്കില്ലെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. സൗജന്യ ടിക്കറ്റുകൾക്ക് വേണ്ടി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ (എച്ച്‌സിഎ) ചില ഉന്നതർ നടത്തിയ ഭീഷണിയാണ് ടീമിനെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതോടെ ബാക്കിയുള്ള ഹോം മത്സരങ്ങൾ എവിടെ കളിക്കണമെന്ന് ടീം മാനേജ്മെന്റിന് രണ്ടാമതൊന്ന് കൂടി ആലോചിക്കേണ്ട അവസ്ഥയിലേയ്ക്കാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ഹൈദരാബാദിലെ പ്രൊഫഷണലല്ലാത്ത, ശത്രുതാപരമായ അന്തരീക്ഷം കാരണം സൺറൈസേഴ്‌സ് ഹൈദരാബാദ് ഹോം ഗ്രൗണ്ട് മാറാൻ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ട്. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ജനറൽ മാനേജർ ശ്രീനാഥ് ടി.ബി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ സി.ജെ ശ്രീനിവാസ് റാവുവിന് അതൃപ്തി അറിയിച്ചുകൊണ്ടുള്ള ഒരു ഇ-മെയിൽ അയച്ചിട്ടുണ്ടെന്നും ഇത്തരം പെരുമാറ്റം ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇ-മെയിലിലെ ഉള്ളടക്കമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
'ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റിന്റെ ഭീഷണികളും നടപടികളും വ്യക്തമാക്കുന്നത് സൺറൈസേഴ്‌സ് നിങ്ങളുടെ സ്റ്റേഡിയത്തിൽ കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്നാണ്. അങ്ങനെയാണെങ്കിൽ, ദയവായി എന്നെ രേഖാമൂലം അറിയിക്കുക. ഞങ്ങൾ മറ്റൊരു വേദിയിലേക്ക് മാറണമെന്നാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ആഗ്രഹമെന്ന് ബിസിസിഐയെയും തെലങ്കാന സർക്കാരിനെയും ഞങ്ങളുടെ മാനേജ്‌മെന്റിനെയും ഞങ്ങൾ തന്നെ അറിയിക്കാം. ഞങ്ങൾ മാറുകയും ചെയ്യാം. 12 വർഷത്തോളം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ സീസൺ മുതലാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രശ്നങ്ങൾ നേരിടുന്നത്'. ഹൈദരാബാദിന്റെ ജനറൽ മാനേജർ ഇ-മെയിലിൽ വ്യക്തമാക്കി.
അതേസമയം, ലഖ്നൗവിനെതിരെ നടന്ന രണ്ടാം മത്സരത്തിന് മുമ്പ് സൗജന്യ ടിക്കറ്റുകളെ ചൊല്ലി സൺറൈസേഴ്സ് ഫ്രാഞ്ചൈസിയും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ വലിയ തർക്കം ഉടലെടുത്തതായും റിപ്പോർട്ടുകൾ വന്നിരുന്നു. പതിനെട്ടാം സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഹോം ഗ്രൗണ്ടിലാണ് രണ്ട് മത്സരങ്ങളും കളിച്ചത്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയപ്പോൾ രണ്ടാം മത്സരത്തിൽ സൺറൈസേഴ്സിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു.
READ MORE: തോൽവിയ്ക്ക് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഇരുട്ടടിയായി 12 ലക്ഷം രൂപ പിഴയും; മുംബൈയ്ക്ക് കാലക്കേട്