IPL 2022 : അവസാന മത്സരത്തിന് നില്‍ക്കുന്നില്ല; ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ നാട്ടിലേക്ക് മടങ്ങി 

By Sajish A  |  First Published May 18, 2022, 12:39 PM IST

ഇന്നലെ മുംബൈ ഇന്ത്യന്‍സിനോട് ജയിച്ചതോടെ ഹൈദരബാദിന് ഇനിയും പ്ലേ ഓഫ് പ്രതീക്ഷയുണ്ട്. അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സാണ് ഹൈദരാബാദിന്റെ എതിരാളി. നിലവില്‍ 13 മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്.


മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (Kane Williamson) നാട്ടിലേക്ക് തിരിച്ചു. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം ന്യൂസിലന്‍ഡിലേക്ക് തിരിക്കുന്നത്. ഐപിഎല്ലില്‍ ഹൈദരാബാദിന്റെ (Sunrisers Hyderabad) അവസാന മത്സരത്തില്‍ വില്യംസണ്‍ ഉണ്ടാവില്ല. മുമ്പ് ക്യാപ്റ്റനായിരുന്നു ഭുവനേശ്വര്‍ കുമാര്‍, വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍ എന്നിവരില്‍ ഒരാളായിരിക്കും ഹൈദരാബാദിനെ നയിക്കുക.

ഇന്നലെ മുംബൈ ഇന്ത്യന്‍സിനോട് ജയിച്ചതോടെ ഹൈദരബാദിന് ഇനിയും പ്ലേ ഓഫ് പ്രതീക്ഷയുണ്ട്. അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സാണ് ഹൈദരാബാദിന്റെ എതിരാളി. നിലവില്‍ 13 മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്. വരുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിക്കുകയും ഹൈദരാബാദ് വന്‍ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ ഹൈദരാബാദ് പ്ലേ ഓഫിലെത്താം.

Latest Videos

എന്നാല്‍ വില്യംസണ്‍ ടൂര്‍ണമെന്റില്‍ തുടക്കം മുതല്‍ വലിയ സ്‌കോര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. 12 മത്സരങ്ങളിലും ഓപ്പണറായി കളിച്ച വില്യംസണ്‍ 100 മുകളില്‍ സ്‌ട്രൈക്ക് റേറ്റ് പോലുമില്ല. 93.50 വില്യംസണിന്റെ സ്‌ട്രൈക്ക് റേറ്റ്. മുംബൈക്കെതിരെ ആറാമനായിട്ടാണ് താരം ക്രീസിലെത്തിയത്. പകരം പ്രിയം ഗാര്‍ഗ് ഓപ്പണറാവുകയും ചെയ്തു. അവസരം മുതലെടുത്ത ഗാര്‍ക്ക് 26 പന്തില്‍ 42 റണ്‍സെടുക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്.  ഹൈദരാബാദിന് രാഹുല്‍ ത്രിപാഠിയുടെ (44 പന്തില്‍ 76) ഇന്നിംഗ്സാണ് തുണയായത്. ഗാര്‍ഗിനെ കൂടാതെ നിക്കൊളാസ് പുരാന്‍ (22 പന്തില്‍ 38) മികച്ച പ്രകടനം പുറത്തെടുത്തു. രമണ്‍ദീപ് സിംഗ് മുംബൈക്കായി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഉമ്രാന്‍ മാലിക്കാണ് മുംബൈയെ തകര്‍ത്തത്. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മ (48), ഇഷാന്‍ കിഷന്‍ (43) സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രോഹിത്തിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. അടുത്ത ഓവറില്‍ ഇഷാനെ ഉമ്രാന്‍ മാലിക്കും തിരിച്ചയച്ചു.  പിന്നീടെത്തിയ ഡാനിയേല്‍ സാംസ് (15), തിലക് വര്‍മ (8), ട്രിസ്റ്റണ്‍ സ്റ്റുബ്സ് (2), രമണ്‍ദീപ് സിംഗ് (0), സഞ്ജയ് യാദവ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ടിം ഡേവിഡ് (18 പന്തില്‍ 46) പ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല. രമണ്‍ദീപ് സിംഗ് (14), ജസ്പ്രിത് ബുമ്ര (0)  പുറത്താവാതെ നിന്നു.

click me!