ഭുവനേശ്വര്‍ കുമാറായിരിക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നയിക്കുക
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടീമിന്‍റെ ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി. ടീമിന്‍റെ നായകനും സ്റ്റാര്‍ ബാറ്ററുമായ എയ‌്‌ഡന്‍ മാര്‍ക്രമിന് സീസണിലെ ആദ്യ മത്സരം നഷ്‌ടമാകും. നെതര്‍ലന്‍ഡ്‌സിനെതിരായ രണ്ട് മത്സരങ്ങളുടെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കന്‍ ടീം കളിക്കുന്നതിനാലാണിത്. മാര്‍ച്ച് 31, ഏപ്രില്‍ 2 തിയതികളിലാണ് ഈ മത്സരങ്ങള്‍. ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഈ പരമ്പര നിര്‍ണായകമാണ്. പരമ്പര പൂര്‍ത്തിയാക്കി ഏപ്രില്‍ മൂന്നിന് മാത്രമേ മാര്‍ക്രം ഇന്ത്യയില്‍ എത്തുകയുള്ളൂ.
ഞായറാഴ്‌ചയാണ് ഹൈദരാബാദ്-രാജസ്ഥാന്‍ പോരാട്ടം. എയ‌്‌ഡന്‍ മാര്‍ക്രമിന്‍റെ അഭാവത്തില്‍ ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറായിരിക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നയിക്കുക. 2013 മുതല്‍ സണ്‍റൈസേഴ്‌സിന്‍റെ താരമാണ് ഭുവി. മുമ്പും ഹൈദരാബാദ് ടീമിനെ നയിച്ചതിന്‍റെ പരിചയമുണ്ട് മുപ്പത്തിമൂന്നുകാരനായ താരത്തിന്. ഏഴ് മത്സരങ്ങള്‍ ഭുവിക്ക് കീഴില്‍ കളിച്ച ടീം രണ്ട് കളികള്‍ ജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ തോറ്റു. ഏപ്രില്‍ ഏഴിന് ലഖ‌്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ സീസണിലെ രണ്ടാം മത്സരം. ഇതില്‍ മാര്‍ക്രം കളിക്കും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്‌ക്വാഡ്
അബ്ദുള്‍ സമദ്, ഉമ്രാന്‍ മാലിക്ക്, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ്മ, കാര്‍ത്തിക് ത്യാഗി, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, എയ‌്‌ഡന്‍ മാര്‍ക്രം, മാര്‍കോ ജാന്‍സെന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഫസല്‍ഹഖ് ഫാറൂഖി, ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, ഹെന്‍റിച്ച് ക്ലാസന്‍, ആദില്‍ റഷീദ്, മായങ്ക് മര്‍കണ്ഡെ, വിവ്രാന്ത് ശര്‍മ്മ, സമര്‍ത്ഥ് വ്യാസ്, സന്‍വീര്‍ സിംഗ്, ഉപേന്ദ്ര സിംഗ് യാദവ്, മായങ്ക് ദാഗര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അകെയ്ല്‍ ഹുസൈന്‍, അന്‍മോല്‍പ്രീത് സിംഗ്.
ഐപിഎല്‍ 2022 സീസണില്‍ എട്ടാം സ്ഥാനത്തേക്ക് വീണതോടെ ടീം അടിമുടി പൊളിച്ചെഴുതിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇക്കുറി ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ ടി20 ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രമാണ് ഹൈദരാബാദിനെ നയിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ പരിശീലകനായി എത്തുന്നുവെന്ന പ്രത്യേകതയും ഹൈദരാബാദിനുണ്ട്. ഹൈദരാബാദിന്റെ സ്ഥിരം താരങ്ങളായിരുന്ന ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, റാഷിദ് ഖാന്‍ എന്നിവരൊന്നും ടീമിനൊപ്പമില്ല. യുവതാരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും സീസണില്‍ സണ്‍റൈസേഴ്‌സിന്‍റെ കുതിപ്പ്. ഇംഗ്ലണ്ടിന്‍റെ പുത്തന്‍ സെന്‍സേഷന്‍ ഹാരി ബ്രൂക്കാണ് ടീമിന്‍റെ ശ്രദ്ധാകേന്ദ്രം.
പുതിയ നായകനും കോച്ചും! മാറ്റത്തിനൊരുങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; ശക്തിയും ദൗര്‍ബല്യവും