ഹാര്‍ദിക് പാണ്ഡ്യയെ പോലൊരു താരം ടീമിലുണ്ടായിട്ടാണ് പാകിസ്ഥാന്‍റെ ആനമണ്ടത്തരം; പൊരിച്ച് ഗാവസ്‌ക‍ര്‍

By Jomit Jose  |  First Published Oct 29, 2022, 9:25 AM IST

ഇന്ത്യക്കെതിരായ മത്സരത്തില്‍ മുഹമ്മദ് വസീം ജൂനിയറിനെ പാകിസ്ഥാന്‍ കളിപ്പിക്കേണ്ടതായിരുന്നു എന്ന് ഗാവസ്‌കര്‍ വാദിക്കുന്നു


സിഡ്‌നി: ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍റെ സെമി പ്രതീക്ഷകളെല്ലാം തുലാസിലായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയോട് നാല് വിക്കറ്റിന് തോറ്റ ബാബര്‍ അസവും സംഘവും രണ്ടാം കളിയില്‍ സിംബാബ്‌വെയുടെ അട്ടിമറിക്ക് മുന്നില്‍ ഒരു റണ്ണിന് തോറ്റു. ബൗളിംഗ് കരുത്തുമായി ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളിലൊന്നായി എത്തിയ പാക് ടീം ഇതോടെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകുന്നതിന്‍റെ വക്കിലാണ്. ഇതിന് പിന്നാലെ പാകിസ്ഥാനെ പൊരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. 

ഇന്ത്യക്കെതിരായ മത്സരത്തില്‍ മുഹമ്മദ് വസീം ജൂനിയറിനെ പാകിസ്ഥാന്‍ കളിപ്പിക്കേണ്ടതായിരുന്നു എന്ന് ഗാവസ്‌കര്‍ വാദിക്കുന്നു. ഹാര്‍ദിക് പാണ്ഡ്യയെ പോലൊരു താരമാണ് വസീം എന്നാണ് ഇതിഹാസ താരത്തിന്‍റെ അവകാശവാദം. 

Latest Videos

undefined

'പാകിസ്ഥാന് സ്ഥായിയായ മധ്യനിരയില്ല. മുമ്പ് ഫഖര്‍ സമാനായിരുന്നു മൂന്ന്, നാല് നമ്പറുകളില്‍ കളിച്ചിരുന്നത്. ഇപ്പോള്‍ സ്‌ക്വാഡിലുണ്ടെങ്കിലും പ്ലേയിംഗ് ഇലവനിലില്ല. പാകിസ്ഥാന്‍റെ ടീം സെലക്ഷന്‍ മോശമാണ്. സിംബാബ്‌വെക്കെതിരെ മുഹമ്മദ് വസീം മികച്ച രീതിയില്‍ പന്തെറിഞ്ഞതും ഷോട്ടുകള്‍ കളിച്ചതും കണ്ടതാണ്. അദേഹത്തിന് പ്രതിഭയുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ പോലൊരു താരമാണ്. വസീമിനെ ഇന്ത്യക്കെതിരെ കളിപ്പിച്ചില്ല. സിഡ്‌നിയില്‍ രണ്ട് സ്‌പിന്നര്‍മാരുമായാണ് കളിച്ചത് എന്നത് അംഗീകരിക്കാം. പക്ഷേ മറ്റ് വേദികളില്‍ 3-4 ഓവറുകള്‍ എറിയാന്‍ കഴിയുകയും അവസാന ഓവറുകളില്‍ 30 റണ്‍സ് നേടാനാവുകയും ചെയ്യുന്നൊരു താരം ടീമില്‍ വേണം' എന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. സിംബാബ്‌വെക്കെതിരെ വസീം നാല് ഓവറില്‍ 24 റണ്‍സിന് നാല് വിക്കറ്റും 13 പന്തില്‍ പുറത്താകാതെ 12 റണ്‍സും നേടിയിരുന്നു. 

ലോകകപ്പിലെ സൂപ്പര്‍-12 റൗണ്ടില്‍ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വിയേറ്റ് സെമിലെത്താനുള്ള സാധ്യതകളില്‍ പാകിസ്ഥാന്‍ വളരെ പിന്നിലായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ വിരാട് കോലിയുടെ വിസ്‌മയ പ്രകടനത്തിന് മുന്നില്‍ കാലിടറിയ പാക് ടീമിന് രണ്ടാം മത്സരത്തില്‍ അപ്രതീക്ഷിത തിരിച്ചടി നല്‍കുകയായിരുന്നു സിംബാബ്‌വെ. രണ്ട് മത്സരങ്ങളിലും അവസാന പന്തിലായിരുന്നു പാക് തോല്‍വി. ഗ്രൂപ്പ് രണ്ടില്‍ പോയിന്‍റ് ഒന്നുമില്ലാതെ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളും ജയിച്ച് ടീം ഇന്ത്യയാണ് തലപ്പത്ത്. 

'തീയുണ്ട'കളുമായി ലോകകപ്പിനെത്തി; വന്‍ തിരിച്ചടിയേറ്റ് പാകിസ്ഥാന്‍, പച്ച തൊടുമോ, ഭാവിയെന്ത്?


 

click me!