മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റനാണ് ഇന്ത്യക്ക് വേണ്ടതെങ്കില്‍ അതിന് ജസ്പ്രീത് ബുമ്രയെ തന്നെ ക്യാപ്റ്റനാക്കണമെന്ന് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കർ.
മുംബൈ: സിഡ്നി ടെസ്റ്റില്‍ മോശം ഫോമിന്‍റെ പേരില്‍ വിട്ടു നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടെസ്റ്റ് ഭാവി വലിയ ചോദ്യചിഹ്നമാണ്. ജൂണില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലും രോഹിത് ക്യാപ്റ്റനായി ഉണ്ടാകുമോ എന്നകാര്യത്തിലും വലിയ ഉറപ്പില്ല. ഇതിനിടെ ടെസ്റ്റില്‍ ഇന്ത്യയുടെ അടുത്ത നായകനാരാകണമെന്ന ചര്‍ച്ചകളും സജീവമാണ്.
ജസ്പ്രീത് ബുമ്രയുടെയും കെ എല്‍ രാഹുലിന്‍റെയും റിഷഭ് പന്തിന്‍റെയുമെല്ലാം പേരുകള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സജീവമായി പറഞ്ഞു കേൾക്കുന്നുമുണ്ട്. എന്നാല്‍ മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റനാണ് ഇന്ത്യക്ക് വേണ്ടതെങ്കില്‍ അതിന് ജസ്പ്രീത് ബുമ്രയെ തന്നെ ക്യാപ്റ്റനാക്കണമെന്നാണ് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കറുടെ അഭിപ്രായം.
ബുമ്ര തന്നെയാകും അടുത്ത ക്യാപ്റ്റന്‍, അവന്‍ തന്നെയാകണം അടുത്ത ക്യാപ്റ്റന്‍. കാരണം ക്യാപ്റ്റനെന്നാല്‍ മുന്നില്‍ നിന്ന് നയിക്കുന്നവനാകണം. ബുമ്രക്ക് അതിനുള്ള കഴിവും മികവുമുണ്ട്. സഹതാരങ്ങളില്‍ സമ്മര്‍ദ്ദമൊട്ടും ചെലുത്താതെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവന് കഴിയും. ചില ക്യാപ്റ്റന്‍മാര്‍ സഹതാരങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കും. എന്നാല്‍ ബുമ്ര അങ്ങനെയല്ലെന്നും ചാനല്‍ 7ന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്കർ പറഞ്ഞു.
ബുമ്ര ക്യാപ്റ്റനായാല്‍ സ്വാഭാവികമായും മറ്റ് താരങ്ങളും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ നിര്‍ബന്ധിതരാവും. എന്തുകൊണ്ട് അവര്‍ രാജ്യത്തിനായി കളിക്കുന്നു എന്ന് തെളിയിക്കേണ്ടിവരും. അതുപോലെ പേസ് ബൗളര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും ബുമ്രയോളം മികവ് മറ്റാര്‍ക്കുമില്ല. ക്യാപ്റ്റനല്ലാത്തപ്പോള്‍ തന്നെ മിഡോണിലോ മിഡോഫിലോ നിന്ന് അവന്‍ സഹ ബൗളര്‍മാരെ ഉപദേശിക്കാറുണ്ട്. അതുകൊണ്ട് തന്നെ അവന്‍ അധികം വൈകാതെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ താൻ അത്ഭുതപ്പെടില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച ബുമ്രക്ക് കീഴില്‍ ഇന്ത്യ 295 റണ്‍സിന്‍റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഫോമിലല്ലാത്തതിന്‍റെ പേരില്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ അവസാന ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നുപ്പോഴും ബുമ്രയായിരുന്നു ഇന്ത്യയെ നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക