കോലിയില്ലെങ്കിലെന്താ, അവര് രണ്ട് പേരും ധാരാളം! രണ്ട് യുവതാരങ്ങള്‍ ഇംഗ്ലണ്ടിനെതിരെ തിളങ്ങുമെന്ന് ഗവാസ്‌കര്‍

By Web Team  |  First Published Jan 23, 2024, 10:39 AM IST

കോലിയുടെ അഭാവത്തില്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നുള്ള ചോദ്യം നിലനില്‍ക്കുന്നുണ്ട്. അതിന് മറുപടിയായി രണ്ട് യുവതാരങ്ങളുടെ പേരുകള്‍ നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.


മുംബൈ: ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യ. ടീം നേരിടുന്ന പ്രധാന വെല്ലുവിളി ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് വിരാട് കോലി ഇല്ലെന്നുള്ളതാണ്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് സീനിയര്‍ താരം വിട്ടുനില്‍ക്കുന്നത്. വ്യാഴാഴ്ച്ച, ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് വിശാഖപ്പട്ടണത്തും ആരംഭിക്കും. ഈ രണ്ട് ടെസ്റ്റില്‍ നിന്നുമാണ് കോലി വിട്ടുനില്‍ക്കുന്നത്. ഫെബ്രുവരി 15ന് രാജ്കോട്ടില്‍ നടക്കുന്ന ടെസ്റ്റിലേക്ക് കോലി തിരിച്ചെത്തും.

കോലിയുടെ അഭാവത്തില്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നുള്ള ചോദ്യം നിലനില്‍ക്കുന്നുണ്ട്. അതിന് മറുപടിയായി രണ്ട് യുവതാരങ്ങളുടെ പേരുകള്‍ നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. യഷസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ പേരുകളാണ് ഗവാസ്‌കര്‍ പറയുന്നത്. ഗവാസ്‌ക്കറുടെ വാക്കുകള്‍... ''ജെയ്‌സ്വാള്‍ അനായാസമായി നാട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. ഇടങ്കയ്യന്‍ ബാറ്ററായ അവന്‍ പരമ്പരയ്ക്ക് ശേഷം അദ്ദേഹം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ പൂര്‍ണ്ണമായും നിലയുറപ്പിക്കും. ലോകകപ്പില്‍, ഇന്ത്യന്‍ പിച്ചുകളില്‍ ശ്രേയസ് അയ്യര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു, അതിനാല്‍ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം അഞ്ചാം നമ്പറില്‍ സമാനമായി കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തുടക്കത്തില്‍ വളരെ ശ്രദ്ധിച്ച കളിച്ച താരം പിന്നീട് ആക്രമണോത്സുകമായി ബാറ്റ് ചെയ്തു. പിച്ച് മനസിലാക്കിയാണ് ശ്രേയസ് ബാറ്റ് വീശിയത്. അത് ടെസ്റ്റിലും ആവര്‍ത്തിക്കുമെന്ന് കരുതാം.'' ഗവാസ്‌കര്‍ പറഞ്ഞു.

Latest Videos

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയസ്വാള്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രിത്  ബുമ്ര, ആവേഷ് ഖാന്‍.

അയോധ്യ കീഴടക്കി വിരാട് കോലിയുടെ അപരന്‍! വിടാതെ ആരാധക കൂട്ടം, ഒടുവില്‍ ഓടി രക്ഷപ്പെടേണ്ടി വന്നു - വീഡിയോ
 

click me!