ടി20 ലോകകപ്പ് ടീം; താരങ്ങളെ തഴഞ്ഞെന്ന മുന്‍താരങ്ങളുടെ വിമർശനത്തിനെതിരെ ഗാവസ്‍കർ

By Jomit Jose  |  First Published Sep 18, 2022, 4:52 PM IST

ശ്രേയസ് അയ്യർ, മുഹമ്മദ് ഷമി എന്നിവരെ ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തി എന്നായിരുന്നു ലോകകപ്പ് ടീം പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ട്വീറ്റ്


മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‍ക്വാഡിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പല താരങ്ങളെയും തഴഞ്ഞത് ചോദ്യം ചെയ്ത് മുന്‍ താരങ്ങളായ മുഹമ്മദ് അസ്ഹർദ്ദീനും ദിലീപ് വെങ്സർകറും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇരുവരുടേയും അഭിപ്രായങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചിരിക്കുകയാണ് മുന്‍ നായകന്‍ സുനില്‍ ഗാവസ്കർ. 

ശ്രേയസ് അയ്യർ, മുഹമ്മദ് ഷമി എന്നിവരെ ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തി എന്നായിരുന്നു ലോകകപ്പ് ടീം പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ട്വീറ്റ്. ദീപക് ഹൂഡയ്ക്ക് പകരം ശ്രേയസും ഹർഷല്‍ പട്ടേലിന് പകരം മുഹമ്മദ് ഷമിയും വരണം എന്നും അസർ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ മുന്‍ ചീഫ് സെലക്ടർ കൂടിയായ ദിലീപ് വെങ്സർക്കറും ടീം സെലക്ഷനില്‍‌ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഞാനായിരുന്നെങ്കില്‍ മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്, ശുഭ്മാന്‍ ഗില്‍ എന്നിവരെ ടീമിലെടുക്കുമായിരുന്നു. കാരണം മൂവർക്കും മികച്ച ഐപിഎല്‍ സീസണുണ്ടായിരുന്നു എന്നുമായിരുന്നു വെങ്സർകറുടെ വാക്കുകള്‍. 

Latest Videos

മുന്‍താരങ്ങളുടെ ഈ നിലപാട് പൂർണമായും തള്ളിയിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗാവസ്കർ. ഇന്ത്യന്‍ എക്സ്പ്രസിനോട് സുനില്‍ ഗാവസ്കർ പ്രതികരിച്ചത് ഇങ്ങനെ. 'ഞാനീ ടീമില്‍ വിശ്വസിക്കുന്നു. ട്രോഫി നേടണമെങ്കില്‍ കുറച്ച് ഭാഗ്യം ഏത് ടീമിനും വേണം. ടീമിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ നമ്മളതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. താരങ്ങളുടെ ഉള്‍പ്പെടുത്തലും ഒഴിവാക്കലും ചോദ്യം ചെയ്യാന്‍ പാടില്ല' എന്നും ഗാവസ്കർ പറഞ്ഞു. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.  

അദ്ദേഹം ക്ലാസിക് താരം, ഓസീസിന് ഭീഷണിയാവും; തുറന്നുസമ്മതിച്ച് പാറ്റ് കമ്മിന്‍സ്

click me!