ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹന്‍ ഡി സില്‍വ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇന്ത്യയോടേറ്റ് തോല്‍വിക്ക് ശേഷം ലങ്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
കൊളംബൊ: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് സര്‍ക്കാര്‍. ഏകദി ലോകകപ്പില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയുടെ കീഴില്‍ ഇടക്കാല ഭരണ സമിതിക്കാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ന് ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടാനിരിക്കെയെടുത്ത തീരുമാനം ലങ്കന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു.
ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹന്‍ ഡി സില്‍വ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇന്ത്യയോടേറ്റ് തോല്‍വിക്ക് ശേഷം ലങ്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു രാജി. എന്നാല്‍ മോഹന്റെ രാജിക്കു കാരണമെന്തെന്നു ശ്രീലങ്ക ക്രിക്കറ്റ് വ്യക്തമാക്കിയിരുന്നില്ല. ലോകകപ്പില്‍ ഇനി നേരിയ സാധ്യത മാത്രമാണ് ശ്രീലങ്കയ്ക്കുള്ളത്. ഇന്ന് ബംഗ്ലാദേശിനോട് തോറ്റാല്‍ പുറത്ത് പോവാം. അവരുടെ അവസാന മത്സരം ശക്തരായ ന്യൂസിലന്‍ഡിതിരെയാണ്.
ഏഴു മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമാണ് ശ്രീലങ്കയ്ക്കുള്ളത്. ജയിക്കാന്‍ സാധിച്ചതു രണ്ടു കളികള്‍ മാത്രം. പോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനം മാത്രമാണ് അവര്‍ക്കുള്ളത്. വ്യാഴാഴ്ച ഇന്ത്യയോടു 302 റണ്‍സിന്റെ വന്‍ തോല്‍വിയാണു ശ്രീലങ്ക വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തപ്പോള്‍, ലങ്കയുടെ മറുപടി 55 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ലങ്കയെ തകര്‍ത്തത്.