വിരാട് കോലിയും രോഹിത് ശർമ്മയും ജസ്പ്രീത് ബുമ്രയും അടങ്ങുന്ന ഇന്ത്യൻ സീനിയർ ടീം ഇംഗ്ലണ്ടിലായതോടെയാണ് ശിഖർ ധവാൻ നയിക്കുന്ന യുവനിരക്ക് ശ്രീലങ്കയിലേക്ക് നറുക്കുവീണത്
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. കൊളംബോയിൽ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് മൂന്ന് മണിക്കാണ് മത്സരം തുടങ്ങുന്നത്. സഞ്ജു സാംസന്‍റെ ഏകദിന അരങ്ങേറ്റം ഉണ്ടാകുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ.
വിരാട് കോലിയും രോഹിത് ശർമ്മയും ജസ്പ്രീത് ബുമ്രയും അടങ്ങുന്ന ഇന്ത്യൻ സീനിയർ ടീം ഇംഗ്ലണ്ടിലായതോടെയാണ് ശിഖർ ധവാൻ നയിക്കുന്ന യുവനിരക്ക് ശ്രീലങ്കയിലേക്ക് നറുക്കുവീണത്. രണ്ടാംനിര ടീമെന്ന് ലങ്കൻ മുൻ നായകൻ അർജുന രണതുംഗെ പരിഹസിച്ചെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്ന് ഇന്ത്യയുടെ ടീം ലിസ്റ്റ് കണ്ടാൽ വ്യക്തമാകും. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നിത്തിളങ്ങിയ ഒരുപിടി താരങ്ങളാണ് ലങ്കൻ പര്യടനത്തിലുള്ളത്. ഭുവനേശ്വർ കുമാർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, പൃഥ്വി ഷാ, ഹർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, യുസ്‍വേന്ദ്ര ചാഹൽ... അങ്ങനെ നീളുന്നു പട്ടിക.
ശിഖർ ധവാനൊപ്പം പൃഥ്വി ഷാ വേണോ അതോ ദേവ്ദത്ത് പടിക്കലാകണോ ഓപ്പണറാവേണ്ടത് എന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം ഇഷാൻ കിഷനും പരിഗണനയിലുണ്ട്. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ഉറപ്പായും ടീമിലുണ്ടാകുമെന്ന് കരുതാം. മൂന്ന് സ്‌പിന്നർമാരെ ഇന്ത്യ കളിപ്പിച്ചേക്കും. എന്നാൽ പ്ലെയിംഗ് ഇലവനെക്കുറിച്ച് കൂടുതൽ സൂചന നൽകാൻ നായകൻ ശിഖർ ധവാൻ തയ്യാറായില്ല.
പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കം ഉൾപ്പെടെ നിരവധി പ്രതിസന്ധികളിലാണ് ശ്രീലങ്ക. കുശാൽ പെരേര പരിക്കേറ്റ് പുറത്തായതോടെ ദാസുൻ ഷനകയ്‌ക്കാണ് ലങ്കയെ നയിക്കാനുള്ള നിയോഗം. പ്രതിഭകൾ ഏറെയുണ്ടായിരുന്ന ലങ്കൻ ക്രിക്കറ്റിന്‍റെ നിഴൽ മാത്രമാണ് ഇപ്പോഴത്തെ ടീം. അതിനാൽ സമ്പൂർണ്ണ ആധിപത്യം തന്നെ ടീം ഇന്ത്യ പ്രതീക്ഷിക്കുന്നു. മൂന്ന് വീതം ഏകദിനവും ട്വന്റി 20യുമാണ് പരമ്പരയിലുള്ളത്. രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ.
സഞ്ജു അരങ്ങേറുമോ..? ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona