കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 7.1 ഓവറില്‍ ലക്ഷ്യം മറികടന്നു.
കേപ്ടൗണ്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. കേപ്ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. പാകിസ്ഥാനെ ഫോളോഓണ്‍ ചെയ്യിപ്പിച്ച ശേഷം 58 വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക വിക്കറ്റൊന്നും നഷ്ടമാക്കാതെ ലക്ഷ്യം മറികടന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 615 & 61, പാകിസ്ഥാന്‍ 194 & 478. ഇതോടെ ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര തൂത്തുവാരി. നേരത്തെ ആദ്യ മത്സരം ജയിച്ചിരുന്ന ദക്ഷിണാഫ്രിക്ക ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചിരുന്നു.
കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 7.1 ഓവറില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് ബെഡിംഗ്ഹാം (47), എയ്ഡന്‍ മാര്‍ക്രം (14) പുറത്താവാതെ നിന്നു. ഫോളോഓണിന് ശേഷം രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച പാകിസ്ഥാന് ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെ (145) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ബാബര്‍ അസം (81), സല്‍മാന്‍ അഗ (48), മുഹമ്മദ് റിസ്വാന്‍ (41) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാലും ദക്ഷിണാഫ്രിക്കയെ വെല്ലുവിളിക്കാന്‍ പോന്ന വിജയലക്ഷ്യം ഉയര്‍ത്താന്‍ പാകിസ്ഥാന് സാധിച്ചില്ല. ഖുറാം ഷെഹ്‌സാദ് (18), കമ്രാന്‍ ഗുലാം (28), സൗദ് ഷക്കീല്‍ (23), ആമേര്‍ ജമാല്‍ (34), മിര്‍ ഹംസ (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് അബ്ബാസ് (0) പുറത്താവാത നിന്നു. സെയിം അയൂബ് റിട്ടയേര്‍ഡ് ഔട്ടായി.
നേരത്തെ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 194ന് അവസാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ കഗിസോ റബാദ, രണ്ട് വിക്കറ്റ് വീതം നേടിയ ക്വെന മഫാക, കേശവ് മഹാരാജ് എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. 58 റണ്‍സ് നേടിയ ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് റിസ്വാന്‍ 46 റണ്‍സെടുത്തു. കമ്രാന്‍ ഗുലാം (12), സല്‍മാന്‍ അഗ (19), ആമിര്‍ ജമാല്‍ (15), ഖുറാം ഷെഹ്സാദ് (14), മിര്‍ ഹംസ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് റ്യാന്‍ റിക്കിള്‍ട്ടണ്‍ (259), തെംബ ബവൂമ (106), കെയ്ല്‍ വെറെയ്നെ (100) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മാര്‍കോ ജാന്‍സന്‍ (60), കേശവ് മഹാരാജ് (40) നിര്‍ണായക സംഭാവന നല്‍കി.