ദാദ തട്ടകത്തിലേക്ക് മടങ്ങുന്നു; ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിലേക്ക് മത്സരിക്കും

By Jomit Jose  |  First Published Oct 16, 2022, 9:21 AM IST

സൗരവ് ഗാംഗുലിക്ക് പകരം റോജർ ബിന്നി ബിസിസിഐയുടെ പുതിയ പ്രസിഡന്‍റാകും എന്ന് നേരത്തെ വ്യക്തമായിരുന്നു


കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷസ്ഥാനം ഒഴിയുന്ന സൗരവ് ഗാംഗുലി വീണ്ടും ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിലേക്ക്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലി മത്സരിക്കും. ഇന്ത്യന്‍ മുന്‍ നായകന്‍ ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. ശനിയാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഈമാസം മുപ്പത്തിയൊന്നിനാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും. സിഎബിയുടെ മുൻ പ്രസിഡന്‍റാണ് ഗാംഗുലി. ഗാംഗുലിയുടെ സഹോദരൻ സ്നേഹാശിഷാണ് നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി.

സൗരവ് ഗാംഗുലിക്ക് പകരം റോജർ ബിന്നി ബിസിസിഐയുടെ പുതിയ പ്രസിഡന്‍റാകും എന്ന് നേരത്തെ വ്യക്തമായിരുന്നു. റോജർ ബിന്നി മാത്രമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. നിലവിലെ സെക്രട്ടറിയായ ജയ് ഷാ സെക്രട്ടറിയായി തല്‍സ്ഥാനത്ത് തുടരുമ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവായ ആശിഷ് ഷെലാറാകും ബിസിസിഐയുടെ പുതിയ ട്രഷറര്‍. ദേവ്‌ജിത് സൈക്കിയ പുതിയ ജോയിന്‍റ് സെക്രട്ടറിയാകും. 18ന് ചേരുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിലായിരിക്കും പുതിയ ഭാരവാഹികളെ ഔദ്യോഗികമായി തെരഞ്ഞെടുക്കുക.

Latest Videos

ബിസിസിഐയില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തെ മുന്‍ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍ രൂക്ഷമായി വിമര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്‍റെന്ന നിലയില്‍ ഗാംഗുലി ഒന്നും ചെയ്തില്ലെന്നും തികഞ്ഞ പരാജയമാണെന്നും ശ്രീനിവാസന്‍ തുറന്നടിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ തന്‍റെ കാലത്തെ നേട്ടങ്ങള്‍ ഗാംഗുലി ഒരു സ്വകാര്യ ചടങ്ങില്‍ എണ്ണിയെണ്ണി പറഞ്ഞതും ശ്രദ്ധേയമായി. ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ ടീം വര്‍ക്കിലൂടെ ദാദ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ഗാംഗുലിയുടെ നേതൃത്വത്തിന് കഴിഞ്ഞെന്നും നിലവിലെ ട്രഷററും നിയുക്ത ഐപിഎല്‍ ചെയര്‍മാനുമായ അരുണ്‍ ധുമാല്‍ വ്യക്തമാക്കിയതും ചര്‍ച്ചയായിരുന്നു. 

ഗാംഗുലിക്ക് പകരം റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റാവുന്നതില്‍ സന്തോഷമെന്ന് രവി ശാസ്ത്രി

click me!