അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യന്‍ സ്ക്വാഡിനെ തെരഞ്ഞെടുക്കുക
കൊല്‍ക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബിസിസിഐ സെലക്ടമാര്‍ക്ക് മുന്നിലുള്ളത്. സെപ്റ്റംബര്‍ 5 ആണ് സ്ക്വാഡ് പട്ടിക ഐസിസിക്ക് കൈമാറാനുള്ള സമയപരിധി. ഏഷ്യാ കപ്പിനായി പ്രഖ്യാപിച്ച 17 അംഗ ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് വലിയ മാറ്റം ഏകദിന ലോകകപ്പ് ടീമിലുണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പ് സ്ക്വാഡില്‍ നിന്ന് വലിയ മാറ്റം ലോകകപ്പില്‍ ഗാംഗുലി കാണുന്നില്ലെങ്കിലും രണ്ട് താരങ്ങളെ ടീമില്‍ നിന്ന് മുന്‍ നായകന്‍ ഒഴിവാക്കി.
അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യന്‍ സ്ക്വാഡിനെ തെരഞ്ഞെടുക്കുക. ഏഷ്യാ കപ്പിനായി 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത് എങ്കില്‍ ലോകകപ്പിനായി 15 അംഗ സ്ക്വാഡിനെയാണ് ബിസിസിഐ മുന്‍ പ്രസിഡന്‍റ് സൗരവ് ഗാംഗുലി തെരഞ്ഞെടുത്തത്. ഏഷ്യാ കപ്പിലൂടെ ഏകദിന ടീമിലേക്ക് കന്നി ക്ഷണം ലഭിച്ച ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മ്മയെയും അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയിലൂടെ പരിക്കിന് ശേഷം മടങ്ങിയെത്തിയ പേസര്‍ പ്രസിദ്ധ് കൃഷ്‌ണയേയും ദാദ ഒഴിവാക്കി. ഏഷ്യാ കപ്പിലെ സ്റ്റാന്‍ഡ്-ബൈ താരം സഞ്ജു സാംസണും ദാദയുടെ സ്ക്വാഡിലില്ല. അതേസമയം ലോകകപ്പ് സ്ക്വാഡില്‍ സ്റ്റാന്‍ഡ്-ബൈ താരങ്ങളായി തിലക് വര്‍മ്മയെയും പ്രസിദ്ധ് കൃഷ്‌ണയെയും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെയും ഗാംഗുലി ചേര്‍ത്തിട്ടുണ്ട്. ചഹലിനെ ഏഷ്യാ കപ്പില്‍ നിന്ന് തഴഞ്ഞത് നേരത്തെ വലിയ വിവാദമായിരുന്നു.
ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ അഞ്ചാണ്. ഇതിന് ശേഷം 27-ാം തിയതി വരെ അനിവാര്യമായ മാറ്റങ്ങള്‍ വരുത്താം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ചിനാണ് ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തോടെ ഇന്ത്യയില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകുന്നത്. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്ക് എതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. 10 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നത്. പത്ത് വേദികളിലായാണ് മത്സരങ്ങള്‍.
ഗാംഗുലിയുടെ ഏകദിന ലോകകപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷര്‍ദുല്‍ താക്കൂര്‍.
Read more: വിരാട് കോലി എന്ന വന്‍മരം വീണു; ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിറ്റ്നസ് ഫ്രീക്ക് ഇനി മുതല്‍ ഗില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം