Sourav Ganguly: ചട്ടം ലംഘിച്ച് സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുക്കുന്നു, ഗാംഗുലിക്കെതിരെ പുതിയ ആരോപണം

By Web Team  |  First Published Feb 2, 2022, 12:19 PM IST

ടീം സെലക്ഷനില്‍ ബിസിസിഐ കൈകടത്തുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ട്വീറ്റാണ് വിവാദത്തിന് തുടക്കമിട്ടത്. സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ ബിസിസിഐ പ്രസിഡന്‍റിന് റോളൊന്നും ഇല്ലെങ്കിലും ചില ബിസിസിഐ ഉന്നതരുടെ അറിവോടെ ഗാംഗുലി പങ്കെടുത്തിരുന്നുവെന്നും ടീം സെലക്ഷനില്‍ ഇടപെടുന്നുവെന്നുമാണ് ആരോപണം.


മുംബൈ: ബിസിസിഐ പ്രസിഡന്‍റ്(BCCI President) സൗരവ് ഗാംഗുലി)(Sourav Ganguly ചട്ടം ലംഘിച്ച് സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍(Selection Meetings) നിര്‍ബന്ധപൂര്‍വം പങ്കെടുക്കുന്നതായി ആരോപണം. സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ സെലക്ടര്‍മാരും ബിസിസിഐ സെക്രട്ടറിയുമാണ് പങ്കെടുക്കേണ്ടത്. കീഴ്വഴക്കമെന്ന നിലയില്‍ സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗിന് മുമ്പ് ടീം നായകനുമായും മുഖ്യ പരിശീലകനുമായും സെലക്ടര്‍മാര്‍ ചര്‍ച്ച നടത്താറുണ്ട്. എന്നാല്‍ ബിസിസിഐ ഭരണഘടനപോലും ലംഘിച്ച് ഗാംഗുലി സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ നിര്‍ബന്ധപൂര്‍വം പങ്കെടുക്കുന്നുവെന്നും ടീം സെലക്ഷനില്‍ ഇടപെടുന്നുവെന്നുമാണ് പുതിയ ആരോപണം.

ടീം സെലക്ഷനില്‍ ബിസിസിഐ കൈകടത്തുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ട്വീറ്റാണ് വിവാദത്തിന് തുടക്കമിട്ടത്. സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ ബിസിസിഐ പ്രസിഡന്‍റിന് റോളൊന്നും ഇല്ലെങ്കിലും ചില ബിസിസിഐ ഉന്നതരുടെ അറിവോടെ ഗാംഗുലി പങ്കെടുത്തിരുന്നുവെന്നും ടീം സെലക്ഷനില്‍ ഇടപെടുന്നുവെന്നുമാണ് ആരോപണം. ബിസിസഐ ഭരണഘടന പ്രകാരം സെക്രട്ടറിക്ക് സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ടീം സെലക്ഷനില്‍ സെലക്ടര്‍മാരുടേതാണ് അവസാന വാക്ക്.

Latest Videos

ആരോപണങ്ങളോട് ഗാംഗുലിയോ ബിസിസിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിരാട് കോലിയെ ഏകദിന ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതുമായി ബന്ധപ്പെട്ടും ഗാംഗുലി വിവാദത്തിലായിരുന്നു. ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച കോലിയോട് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് താന്‍ വ്യക്തിപരമായും ബിസിസിഐയും അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം കോലിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും ഗാംഗുലി പറഞ്ഞിരുന്നു.

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടുന്നതിന് തൊട്ടു മുമ്പ് ഗാംഗുലിയുടെ വാദങ്ങള്‍ പരസ്യമായി തള്ളി കോലി തന്നെ രംഗത്തെത്തിയിരുന്നു. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം തീരുമാനം വരുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് താന്‍ അറിഞ്ഞതെന്നും ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കോലി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കുശേഷം വിരാട് കോലി ടെസ്റ്റ് നായകപദവിയും ഒഴിയുകയും ചെയ്തു.

click me!