ഒമ്പതാം ഓവറില്‍ അര്‍ലിന്‍ കെല്ലിയുടെ പന്തില്‍ സിംഗിളെടുത്താണ് മന്ദാന നേട്ടം സ്വന്തമാക്കിയത്.
വഡോദര: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയായി സ്മൃതി മന്ദാന. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിലാണ് മന്ദാന നാഴികക്കല്ല് പിന്നിട്ടത്. ഏകദിനത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ 15-ാമത്തെ വനിതാ താരം കൂടിയാണ് മന്ദാന. മിതാലി രാജാണ് ചരിത്ര നേട്ടത്തിലെത്തിയ ആദ്യ താരം. ഹര്‍മന്‍പ്രീത് കൗറിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച മന്ദാന 29 പന്തില്‍ നിന്ന് 41 റണ്‍സെടുത്തിരുന്നു.
ഒമ്പതാം ഓവറില്‍ അര്‍ലിന്‍ കെല്ലിയുടെ പന്തില്‍ സിംഗിളെടുത്താണ് മന്ദാന നേട്ടം സ്വന്തമാക്കിയത്. മന്ദാനയുടെ 95-ാം ഏകദിന മത്സരമായിരുന്നു ഇത്. വേഗത്തില്‍ 4000 ക്ലബില്‍ കയറിയ ഇന്ത്യന്‍ വനിത കൂടിയാണ് മന്ദാന. ലോക വനിതാ ക്രിക്കറ്റെടുത്താല്‍ വേഗത്തില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ താരമാണ് മന്ദാന. 100-ല്‍ താഴെ ഇന്നിംഗ്സുകളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ബഹുമതിയും അവര്‍ സ്വന്തമാക്കി.
'എന്റെ കുടുംബത്തെ അന്ന് ഗംഭീര്‍ അധിക്ഷേപിച്ചു'; ഇന്ത്യന്‍ പരിശീലകനെതിരെ മനോജ് തിവാരി
7805 റണ്‍സുമായി മിതാലി രാജ് വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോറര്‍ ആയി തുടരുന്നു. മന്ദാന ഇപ്പോള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 2024ല്‍ ഏകദിനത്തിലും ടി20യിലും ഏറ്റവുമധികം റണ്‍സ് നേടിയ താരവും മന്ദാന തന്നെ. കൂടാതെ, 2024 ലെ ഇന്ത്യയുടെ ഏക ടെസ്റ്റ് മത്സരത്തില്‍ അവര്‍ ഒരു സെഞ്ച്വറി നേടി. 2024ല്‍ നാല് ഏകദിന സെഞ്ചുറികളാണ് മന്ദാന നേടിയത്. നിര്‍ണായക നിമിഷങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവും സ്ഥിരതയാര്‍ന്ന പ്രകടനവും കൊണ്ട്, മന്ദാന വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി മാറി.
ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ആറ് വിക്കറ്റ് ജയം നേടിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് നേടിയത്. 92 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗാബി ലെവിസാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 34.3 ഓവറില്‍ ലക്ഷ്യം മറികടന്നു. 89 റണ്‍സ് നേടിയ പ്രതിക റാവലാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. തെജല്‍ ഹസബ്നിസ് (53) പുറത്താവാതെ നിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.