ഗില്‍ ഐപിഎല്ലിനുണ്ടാകുമെന്ന് ഉറച്ച പ്രതീക്ഷിക്കുന്നതായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍
കൊല്‍ക്കത്ത: യുഎഇയില്‍ ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തില്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍(എന്‍സിഎ) രണ്ടാഴ്‌ചത്തെ ചികില്‍സയിലും പരിശീലനത്തിലുമുള്ള താരം ഐപിഎല്ലിനുണ്ടാകുമെന്ന് ഉറച്ച പ്രതീക്ഷിക്കുന്നതായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍ പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്ന ശുഭ്മാന്‍ ഗില്‍ പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജൂലൈയില്‍ വീട്ടില്‍ ചിലവഴിച്ച താരം ഈ മാസാദ്യമാണ് എന്‍സിഎയില്‍ പരിശീലനം ആരംഭിച്ചത്. 'ഗില്ലിന് ഇപ്പോള്‍ വേദന അനുഭവപ്പെടുന്നില്ല. താരത്തിന്‍റെ വര്‍ക്ക് ലോഡ് ക്രമേണ വര്‍ധിപ്പിക്കും. സാവധാനമുള്ള ജോഗിങ്ങില്‍ നിന്ന് ആഴ്‌ചയില്‍ രണ്ടുമൂന്ന് തവണ ഓടുന്നതിലേക്ക് എത്തിക്കും. ഒരു മാസത്തെ അകലമുള്ളതിനാല്‍ ഐപിഎല്‍ പുനരാരംഭിക്കുമ്പോഴേക്കും പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷ' എന്നും ഗില്ലിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഓഗസ്റ്റ് 27ന് അബുദാബിയിലേക്ക് തിരിക്കാനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പദ്ധതിയിടുന്നത്. ഇക്കൂട്ടത്തില്‍ ചേരാന്‍ ഗില്ലിന് സാധിച്ചേക്കില്ല. എന്നാല്‍ സെപ്റ്റംബര്‍ ആദ്യത്തെ ആഴ്‌ച ഗില്‍ കൊല്‍ക്കത്ത ക്യാമ്പില്‍ പ്രവേശിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ പുനരാരംഭിക്കുന്നത്.
ഐപിഎല്‍ പതിനാലാം സീസണിലെ മത്സരങ്ങള്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം കാരണം മെയ് മാസം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് പതിനാലാം സീസണിലെ രണ്ടാംഘട്ടത്തിന് യുഎഇയില്‍ തുടക്കമാവുന്നത്. ഒക്‌ടോബര്‍ 15നാണ് ഫൈനല്‍. ടി20 ലോകകപ്പ് തുടങ്ങുന്നതിന് രണ്ട് ദിവസം മാത്രം മുമ്പാണ് ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുക.
എട്ട് മത്സരങ്ങളില്‍ 12 പോയിന്‍റുമായി ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാമതുമാണ്.
നാലാം ദിനം ഇതൊന്നും ആരും സ്വപ്‌നം കണ്ടിരുന്നില്ല; ഷമി-ബുമ്ര ബാറ്റിംഗിനെ പ്രശംസ കൊണ്ടുമൂടി സഹീര്‍
ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് നിര്‍ണായകമാവുക ആര്? പേരുമായി ദിനേശ് കാര്‍ത്തിക്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona