പരിക്കിന് ശേഷം മടങ്ങിവരവിന് ശ്രേയസ്; ടി20 ലോകകപ്പില്‍ അവസരം ലഭിക്കുമോ?

By Web Team  |  First Published Aug 29, 2021, 4:08 PM IST

ടി20 ലോകകപ്പ് ടീമിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് മധ്യനിര താരം ശ്രേയസ് അയ്യര്‍


ദില്ലി: ടി20 ലോകകപ്പില്‍ ആരൊക്കെ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കും എന്ന് ഇപ്പോള്‍ വ്യക്തമല്ല. ലോകകപ്പിന് മുമ്പ് ഐപിഎല്‍ കൂടി നടക്കാനിരിക്കേ ടീമിനെ ചൊല്ലി ചര്‍ച്ചകള്‍ തകൃതിയാണ്. ഈ സാഹചര്യത്തില്‍ ടി20 ലോകകപ്പ് ടീമിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് മധ്യനിര താരം ശ്രേയസ് അയ്യര്‍. ഐപിഎല്ലിലൂടെ നീണ്ട പരിക്കിന് ശേഷമുള്ള മടങ്ങിവരവിനാണ് ശ്രേയസ് തയ്യാറെടുക്കുന്നത്. 

'പരിക്കില്‍ നിന്ന് മുക്തനായ ശേഷം ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുന്നത് വലിയ അവസരമാണ്. ഐപിഎല്ലും ലോകകപ്പുമാണ് ഇന്ത്യന്‍ താരങ്ങള്‍ കൊതിക്കുന്ന വലിയ രണ്ട് ടൂര്‍ണമെന്‍റുകള്‍. രണ്ടിന്‍റേയും ഭാഗമാകാന്‍ എപ്പോഴും കൊതിക്കുന്ന താരങ്ങളാണ് നമ്മള്‍. കൂടുതല്‍ കഠിന പ്രയത്നം നടത്തിയ കാലയളവായിരുന്നു കഴിഞ്ഞ നാല് മാസങ്ങള്‍. ഈവേള വിശ്രമം എടുത്തിട്ടില്ല. മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോവുകയാണ്'- ശ്രേയസ് പറഞ്ഞു. 

Latest Videos

undefined

ഈ വര്‍ഷം മാര്‍ച്ച് 23ന് ശേഷം ശ്രേയസ് അയ്യര്‍ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കിടെ താരത്തിന്‍റെ ഇടത് ചുമലിന് പരിക്കേല്‍ക്കുകയായിരുന്നു. പിന്നാലെ താരം ശസ്‌ത്രക്രിയക്ക് വിധേയനായി. അയ്യരുടെ അഭാവത്തില്‍ മധ്യനിരയില്‍ അവസരം ലഭിച്ച സൂര്യകുമാര്‍ യാദവ് മികവ് കാട്ടുകയും ചെയ്‌തു. എന്നാല്‍ അവസരത്തിനായി മത്സരിക്കുന്ന മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുന്നതിന് പകരം കളിക്കാരനെന്ന നിലയില്‍ എങ്ങനെ മെച്ചപ്പെടാമെന്ന് മാത്രമാണ് ചിന്തിക്കുന്നത് എന്ന് ശ്രേയസ് പറയുന്നു. 

'നിങ്ങളും നിങ്ങളും തമ്മിലാണ് എപ്പോഴും പോരാട്ടം. സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യാറില്ല. തീര്‍ച്ചയായും എന്‍റെ സ്ഥാനത്തിനായി മത്സരിക്കുന്ന നിരവധി പേരുണ്ട്. ശക്തമായ മത്സരമാണുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള എന്‍റെ പ്രകടനം പരിശോധിച്ചാല്‍ മികച്ചതാണ്. എന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഓരോ ദിവസവും ഇഷ്‌ടപ്പെടുന്നത്. ടീമിന്‍റെ ജയത്തിനായി എല്ലാ സംഭാവനകളും നല്‍കും. അതിലാണ് ഇപ്പോള്‍ ശ്രദ്ധ' എന്നും ശ്രേയസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു. 

ടി20 പൂരം ഒക്‌ടോബര്‍ 17 മുതല്‍

ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടൂർണമെന്‍റ് കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു. ഒക്‌ടോബര്‍ 17 മുതലാണ് ടി20 ലോകകപ്പ് നടക്കുന്നത്. നവംബര്‍ 14ന് ദുബൈയിലാണ് ഫൈനല്‍.  

നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍. ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകൾ ഗ്രൂപ്പ് രണ്ടിലും. ഒക്‌ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്ക്കുക. ശ്രീലങ്കയും ബംഗ്ലാദേശും അടക്കമുള്ള ടീമുകൾ യോ​ഗ്യതാറൗണ്ടിൽ മത്സരിക്കുന്നുണ്ട്. 

മെഡല്‍ നേട്ടത്തിനുശേഷം ഏറ്റവും വലിയ ആഗ്രഹം തുറന്നുപറഞ്ഞ് ഭവിന പട്ടേല്‍

പാഠം പഠിക്കുന്നില്ല, കോലി വീണ്ടും നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍

അശ്വിനെ അടുത്ത രണ്ട് ടെസ്റ്റിലും കളിപ്പിക്കണമെന്ന് മൈക്കല്‍ വോണ്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!