കെ എല്‍ രാഹുല്‍ ശൈലി മാറ്റണം, എങ്കില്‍ ലോകകപ്പില്‍ ബൗളര്‍മാര്‍ പാടുപെടും: ഷെയ്‌ന്‍ വാട്‌സണ്‍

By Jomit Jose  |  First Published Oct 2, 2022, 3:46 PM IST

ശൈലി മാറ്റാന്‍ രാഹുല്‍ തയ്യാറാവണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഓസീസ് മുന്‍ ഓള്‍റൗണ്ടറും വെടിക്കെട്ട് ബാറ്ററുമായിരുന്ന ഷെയ്‌ന്‍ വാട്‌സണ്‍


ഗുവാഹത്തി: ഇന്നിംഗ്‌സിന്‍റെ തുടക്കത്തിലെ മോശം സ്‌ട്രൈക്ക് റേറ്റിന്‍റെ പേരില്‍ കെ എല്‍ രാഹുലിനെതിരെ നാളുകളായി വിമര്‍ശനം ശക്തമാണ്. നീലക്കുപ്പായത്തില്‍ മാത്രമല്ല, ഐപിഎല്ലിലും സമാന വിമര്‍ശനം രാഹുല്‍ നേരിട്ടിരുന്നു. പിച്ചിനെ പഴിക്കാമെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20യിലും രാഹുലിന്‍റെ മെല്ലപ്പോക്ക് ചില ആരാധകരെയെങ്കിലും പ്രകോപിപ്പിച്ചു. അതിനാല്‍ തന്നെ ലോകകപ്പ് അടുത്തിരിക്കെ ശൈലി മാറ്റാന്‍ രാഹുല്‍ തയ്യാറാവണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഓസീസ് മുന്‍ ഓള്‍റൗണ്ടറും വെടിക്കെട്ട് ബാറ്ററുമായിരുന്ന ഷെയ്‌ന്‍ വാട്‌സണ്‍. 

'കെ എല്‍ രാഹുല്‍ എന്‍റെ ഫേവറേറ്റ് ബാറ്റര്‍മാരില്‍ ഒരാളാണ്. തന്‍റെ ഏറ്റവും മികച്ച ഫോമിലും ആക്രമിച്ചും കളിക്കുമ്പോള്‍ നിയന്ത്രണം ലഭിക്കുന്ന താരം. രാഹുല്‍ കഴിവുള്ള താരമാണ്. ലോകത്തെ മികച്ച ബൗളര്‍മാര്‍ക്കെതിരെ ഗ്രൗണ്ടിന്‍റെ നാലുപാടും കളിക്കാന്‍ രാഹുലിനാവും. ഒന്നും നഷ്‌ടപ്പെടാനില്ലാത്ത തരത്തില്‍ രാഹുല്‍ ബാറ്റ് ചെയ്യുന്നത് ഇഷ്‌ടപ്പെടുന്നു. അപ്പോള്‍ അധികം സാഹസികയില്ലാതെ തന്നെ 180 സ്ട്രൈക്ക് റേറ്റില്‍ അയാള്‍ക്ക് റണ്‍സ് കണ്ടെത്താനാവും. ഈ രീതിയില്‍ ഓസ്ട്രേലിയയില്‍ കളിക്കാനായാല്‍ ഒട്ടേറെ ബൗളര്‍മാര്‍ പ്രതിസന്ധിയിലാവും' എന്നും ഷെയ്‌ന്‍ വാട്‌സണ്‍ പറഞ്ഞു. 

Latest Videos

ജസ്പ്രീത് ബുമ്രയുടെ കാര്യത്തിലും ചിലത് വാട്‌സണിന് പറയാനുണ്ട്. 'ലോകോത്തര ബൗളറാണ് ബുമ്ര. ആക്രമണോത്സുകതയോടെ കളിക്കാനും സ്‌കോര്‍ പ്രതിരോധിക്കുന്നതിലും മികവുള്ള അപൂര്‍വം ചില ബൗളര്‍മാരില്‍ ഒരാള്‍. അദ്ദേഹത്തിന് ലോകകപ്പില്‍ കളിക്കാനായില്ലെങ്കില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. വലിയ നഷ്ടം തന്നെയായിരിക്കുമത്' എന്നും വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തു. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.  

ഇന്ത്യ വെല്ലുവിളിയാവില്ല, ടി20 ലോകകപ്പ് ഓസ്‌ട്രേലിയ പൊക്കും! സാധ്യതകള്‍ വിലയിരുത്തി ഷെയ്ന്‍ വാട്‌സണ്‍


 

click me!