ആദ്യ മത്സരം മുതല്‍ ഗാലറിയില്‍ നിറഞ്ഞ 'വോണി' ബാനറുകള്‍ അര്‍ഥവത്താക്കി ഫൈനലിലേക്ക് ഐതിഹാസികമായി മുന്നേറുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്
അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) ഫൈനല്‍ പ്രവേശം രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) ടീമിന് ആദ്യ നായകന്‍ ഷെയ്‌ന്‍ വോണിനുള്ള(Shane Warne) സ്‌മരണാഞ്ജലിയാണ്. ഐപിഎല്ലിലെ പ്രഥമ സീസണില്‍ രാജസ്ഥാനെ കിരീടത്തിലേക്ക് നയിച്ച വോണിന്‍റെ വേര്‍പാടിന് ശേഷമുള്ള ആദ്യ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണാണിത്. ആദ്യ മത്സരം മുതല്‍ ഗാലറിയില്‍ നിറഞ്ഞ 'വോണി' ബാനറുകള്‍ അര്‍ഥവത്താക്കി ഫൈനലിലേക്ക് ഐതിഹാസികമായി മുന്നേറുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്.
രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മിന്നും സെഞ്ചുറിയുമായി രാജസ്ഥാന് ജയമൊരുക്കിയ ജോസ് ബട്‌ലറുടെ മത്സരത്തിന് ശേഷമുള്ള പ്രതികരണം വോണുമായി ടീമിനുള്ള അടുപ്പം വിളിച്ചോതുന്നതായി. 'ഏറെ അഭിമാനത്തോടെ വോണ്‍ ഉയരങ്ങളിലിരുന്ന് ഞങ്ങളെ ഇന്ന് നോക്കിക്കാണും' എന്നായിരുന്നു ജോസ് ദ് ബോസിന്‍റെ പ്രതികരണം.
ആര്‍സിബിക്കെതിരെ രണ്ടാം ക്വാളിഫയറില്‍ ജോസ് ബട്‌ലറുടെ ഇടിവെട്ട് സെഞ്ചുറിയില്‍ ഏഴ് വിക്കറ്റിന് ജയിച്ച് രാജസ്ഥാൻ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ബാംഗ്ലൂരിന്‍റെ 157 റൺസ് ബട്‌ലറുടെ വെടിക്കെട്ടില്‍ 11 പന്ത് ശേഷിക്കേ രാജസ്ഥാൻ മറികടന്നു. വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനലിലെത്തിയത്.
തകർത്തടിച്ച് തുടങ്ങിയ യശസ്വീ ജയ്സ്വാൾ 21ൽ വീണെങ്കിലും ജോസ് ബട്‍ലർ ബാംഗ്ലൂരിന്‍റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. 60 പന്തിൽ 10 ഫോറും ആറ് സിക്‌സും പറത്തിയ ബട്‍ലർ 106 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സഞ്ജു സാംസണെ 23ലും ദേവ്ദത്ത് പടിക്കലിനെ ഒൻപതിലും മടക്കിയെങ്കിലും ബാംഗ്ലൂരിന് ആശ്വസിക്കാന്‍ ഒന്നുമുണ്ടായില്ല. നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണയും ഒബേദ് മക്കോയിയുമാണ് ബാംഗ്ലൂരിനെ 157ൽ പിടിച്ചുകെട്ടിയത്. 58 റൺസെടുത്ത രജത് പടിദാറാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറർ. വിരാട് കോലി ഏഴ് റൺസിന് പുറത്തായി. അഹമ്മദാബാദിൽ നാളെയാണ് രാജസ്ഥാൻ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് കിരീടപ്പോരാട്ടം.
IPL 2022 : കെ എല്‍ രാഹുലിന്‍റെ അടവെല്ലാം പാളി; ഓറഞ്ച് ക്യാപ് ജോസ് ബട്‍ലറുടെ തലയില്‍ ഭദ്രം