സിഡ്‌നിയില്‍ ഇന്ത്യക്ക് തിരിച്ചടി! ബുമ്ര ഗ്രൗണ്ട് വിട്ടു, സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കൊപ്പം പുറത്തേക്ക്

By Web Desk  |  First Published Jan 4, 2025, 9:21 AM IST

രണ്ടാം സെഷന്റെ തുടക്കത്തിലാണ് ബുമ്ര ഗ്രൗണ്ട് വിടുന്നത്. അതിന് മുമ്പ് തന്നെ പലപ്പോഴായി ഓവര്‍ പൂര്‍ത്തിയാക്കിയതിന് ഗ്രൗണ്ടിന് പുറത്ത് പോയിരുന്നു ബുമ്ര.


സിഡ്‌നി: ഓസീസിനെതിരെ അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര ഗ്രൗണ്ട് വിട്ടു. മത്സരത്തിനിടെ താരത്തിന് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കൊപ്പം പുറത്തുപോയ ബുമ്ര ആശുപത്രിയില്‍ സ്‌കാനിംഗിന് വിധേയനായേക്കും. സിഡ്‌നിയില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പതിന് 170 എന്ന നിലയിലാണ് ഓസീസ്. സ്കോട്ട് ബോളണ്ട് (4), നതാന്‍ ലിയോണ്‍ (1) എന്നിവരാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185നെതിരെ ഇപ്പോഴും 15 റണ്‍സ് പിറകിലാണ് ഓസീസ്. ബ്യൂ വെബ്‌സ്റ്ററാണ് (57) ടോപ് സ്കോറര്‍.

ഇതിനിടെയാണ് ബുമ്ര ട്രയ്‌നിംഗ് കിറ്റ് ധരിച്ച് കാറില്‍ സ്റ്റേഡിയത്തിന് പുറത്തേക്ക് പോയത്. നിരവധി സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും അദ്ദേഹത്തിനൊപ്പമുണ്ട്. രണ്ടാം സെഷന്റെ തുടക്കത്തിലാണ് ബുമ്ര ഗ്രൗണ്ട് വിടുന്നത്. അതിന് മുമ്പ് തന്നെ പലപ്പോഴായി ഓവര്‍ പൂര്‍ത്തിയാക്കിയതിന് ഗ്രൗണ്ടിന് പുറത്ത് പോയിരുന്നു ബുമ്ര. വിരാട് കോലിയാണ് ഇപ്പോള്‍ ഇന്ത്യയെ നയിക്കുന്നത്. ബുമ്ര എപ്പോള്‍ തിരിച്ചുവരുമെന്നോ, പരിക്ക് എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. അദ്ദേഹം കാറില്‍ കയറി പോകുന്ന വീഡിയോ കാണാം...

Bumrah went to hospital for scanning 🥲

Heavy workload on his body & our batters not even batting one full day to give him rest 🤦‍♂️ |

pic.twitter.com/aAS2mHW8zr

— Abhi (@abhi_is_online)

Latest Videos

പരമ്പരയിലുടനീളം തകര്‍പ്പന്‍ ഫോമിലായിരുന്നു ബുമ്ര. ഇതുവരെ 32 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്തുന്ന ഇന്ത്യന്‍ താരവും ബുമ്ര തന്നെ. 31 വിക്കറ്റ് നേടിയിട്ടുള്ള ബിഷന്‍ സിംഗ് ബേദിയുടെ റെക്കോഡാണ് ബുമ്ര തകര്‍ത്തിരുന്നത്. തിരിച്ചടിയില്‍ നിന്ന് ഇന്ത്യ എങ്ങനെ കരകയറുമെന്ന് കാത്തിരുന്ന് കാണാം. രണ്ട് വിക്കറ്റെടുത്ത ശേഷമാണ് ബുമ്ര മടങ്ങിയത്. ബുമ്രയക്ക് പുറമെ  പ്രസിദ്ധ് കൃഷ്ണ മൂന്നും  മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

ഇന്ന് എട്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആദ്യം മടങ്ങിയത് മര്‍നസ് ലബുഷാനെ ആയിരുന്നു. രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ബുമ്ര, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലേക്കയച്ചു. തുടര്‍ന്ന് മുഹമ്മദ് സിറാജ് ഓസീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ആദ്യം സാം കോണ്‍സ്റ്റാസിനെ (23) മടക്കിയാണ് സിറാജ് വിക്കറ്റ് കോളത്തില്‍ ഇടം പിടിച്ചത്. യശസ്വി ജയ്‌സ്വാളിന് ക്യാച്ച്. അതേ ഓവറില്‍ ട്രാവിസ് ഹെഡിനേയും (4) സിറാജ് മടക്കി. കെ എല്‍ രാഹുല്‍ ഇത്തവണ ക്യാച്ചെടുത്തത്. പിന്നാലെ പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് നേടി. സ്റ്റീവ് സ്മിത്തിനെ (33) സ്ലിപ്പില്‍ രാഹുലിന്റെ കൈകളിലെത്തിക്കാന്‍ പ്രസിദ്ധിന് സാധിച്ചു.

തുടര്‍ന്ന് അലക്‌സ് ക്യാരിയെ (21) ബൗള്‍ഡാക്കി. ഇതോടെ ആറിന് 137 എന്ന നിലയിലായി ഓസീസ്. പാറ്റ് കമ്മിന്‍സ് (10), മിച്ചല്‍ സ്റ്റാര്‍ക്ക് (1) എന്നിവരെ നിതീഷ് കുമാര്‍ റെഡ്ഡി മടക്കി. ഇതിനിടെ വെബ്‌സ്റ്റര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ പ്രസിദ്ധിന്‍റെ പന്തില്‍ പുറത്തായി. ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് ഒന്നാം ദിനം നഷ്ടമായിരുന്നു. ബുമ്രയുടെ പന്തില്‍ രാഹുലിന് വിക്കറ്റ് നല്‍കുകയായിരുന്നു താരം.

click me!