ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കും, സഞ്ജുവിന് സാധ്യത

By Web Team  |  First Published Oct 14, 2021, 10:28 PM IST

സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചേക്കും. ഐപിഎല്ലില്‍ തിളങ്ങിയ റുതുരാജ് ഗെയ്‌ക്‌വാദ്, മലയാളി താരം സഞ്ജു സാംസണ്‍, ആവേശ് ഖാന്‍, ഹര്‍ഷാല്‍ പട്ടേല്‍, വെങ്കിടേഷ് അയ്യര്‍ എന്നിവരെയും ടീമിലേക്ക് പരിഗണിച്ചേക്കും.


മുംബൈ: ഐപിഎല്ലിനും(IPL 2021) ടി20 ലോകകപ്പിനുശേഷം(T20 World Cup) അടുത്തുമാസം ഇന്ത്യയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍(India-New Zealand T20I) ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിനുശേഷം അടുത്തമാസം 17, 19, 21 തീയതികളില്‍ ജയ്പൂര്‍, റാഞ്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നടക്കുക. നവംബര്‍ 25 മുതല്‍ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും.

ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ഐപിഎല്‍ ബയോ ബബ്ബിളില്‍ പ്രവേശിച്ച ഇന്ത്യന്‍ താരങ്ങള്‍ ഇവിടെ നിന്ന് നേരെ ലോകകപ്പിനുള്ള ബയോ ബബ്ബിളിലേക്കാണ് പോവുന്നത്. തുടര്‍ച്ചയായി ബയോ ബബ്ബിളില്‍ കഴിയുന്നതിലുള്ള മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനായി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനും ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്ക് ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ അവസരം നല്‍കാനുമാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Latest Videos

undefined

സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചേക്കും. ഐപിഎല്ലില്‍ തിളങ്ങിയ റുതുരാജ് ഗെയ്‌ക്‌വാദ്, മലയാളി താരം സഞ്ജു സാംസണ്‍, ആവേശ് ഖാന്‍, ഹര്‍ഷാല്‍ പട്ടേല്‍, വെങ്കിടേഷ് അയ്യര്‍ എന്നിവരെയും ടീമിലേക്ക് പരിഗണിച്ചേക്കും. റിഷഭ് പന്തിനും വിശ്രമം അനുവദിച്ചാല്‍ സഞ്ജുവിന് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ടീമിലെത്താനുള്ള സാധ്യത തുറക്കും.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ഡിസംബര്‍ അവസാനത്തോടെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ പര്യടനവുമുണ്ട്. ജൂണില്‍ ബയോ ബബ്ബിളില്‍ പ്രവേശിച്ച ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ച്ചയായി നാലു മാസം ബയോ ബബ്ബിളിനകത്താണ് കഴിയുന്നത്. ഇതിനിടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ കോച്ച് രവി ശാസ്ത്രിക്കും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു.

അതേസമയം, ലോകകപ്പിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തുടങ്ങുന്നതിനാല്‍ പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐക്ക് സമയം ലഭിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ ന്യൂസിലന്‍ഡിനെതിരെ രാഹുല്‍ ദ്രാവിഡിനെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

click me!