ഈ വര്‍ഷം നീലക്കുപ്പായത്തില്‍ ടീം ഇന്ത്യയെ സഞ്ജു രക്ഷിച്ചെടുത്ത ഇന്നിംഗ്‌സുകള്‍ ഒന്ന് പരിശോധിക്കാം
ചെന്നൈ: ടി20 ലോകകപ്പ് ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ തഴയപ്പെട്ടപ്പോഴും ആരാധകര്‍ക്ക് താരത്തിന്‍റെ മികവിനെ കുറിച്ച് തെല്ലും സംശയം ഉണ്ടായിരുന്നില്ല. കാരണം, 2022ല്‍ ടി20 ഫോര്‍മാറ്റിലും ഏകദിനത്തിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കുന്ന സഞ്ജുവിനെയാണ് ആരാധകര്‍ കണ്ടത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ഇടംപിടിക്കാനുള്ള പോരാട്ടത്തില്‍ സഞ്ജുവിനൊപ്പം മത്സരംഗത്തുള്ള ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരുടേതിനേക്കാള്‍ മികച്ച പ്രകടനം. ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട് ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എയുടെ നായകനായി അവസരം ലഭിച്ചപ്പോഴും ക്യാപ്റ്റന്‍റെ ഉത്തരവാദിത്വവും ടീമിലെ രക്ഷകവേഷവും ഗംഭീരമാക്കുകയാണ് സഞ്ജു.
ഈ വര്‍ഷം നീലക്കുപ്പായത്തില്‍ ടീം ഇന്ത്യയെ സഞ്ജു രക്ഷിച്ചെടുത്ത ഇന്നിംഗ്‌സുകള്‍ ഒന്ന് പരിശോധിക്കാം. വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 79/3 എന്ന നിലയില്‍ പ്രതിരോധത്തിലായിരിക്കേ ക്രീസിലെത്തിയ സഞ്ജു 51 പന്തില്‍ 54 റണ്‍സുമായി ടീമിന്‍റെ നെടുംതൂണായി. തൊട്ടടുത്ത സിംബാബ്‌വെ പര്യടനത്തിലായിരുന്നു സഞ്ജുവിന്‍റെ എണ്ണം പറഞ്ഞ മറ്റൊരു ഇന്നിംഗ്‌സ്. സിംബാബ്‌വെയോട് രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന് 97 എന്ന നിലയില്‍ ഇന്ത്യന്‍ ടീം ശ്വാസം വലിക്കുമ്പോഴായിരുന്നു ക്രീസിലേക്ക് സഞ്ജുവിന്‍റെ വരവ്. 39 പന്തില്‍ പുറത്താകാതെ 43* റണ്‍സുമായി മാച്ച് വിന്നറായി സഞ്ജു.
ഇപ്പോള്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജു ഇന്ത്യയുടെ രക്ഷകവേഷം അണിയുകയാണ്. ആദ്യ ഏകദിനത്തില്‍ 101/3 എന്ന നിലയില്‍ ടീം നില്‍ക്കേ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു 32 പന്തില്‍ 29* റണ്‍സുമായി മത്സരം ജയിപ്പിച്ചാണ് മടങ്ങിയത്. രണ്ടാം ഏകദിനത്തിലും സഞ്ജുവിന്‍റെ ബാറ്റ് മോശമാക്കിയില്ല. ടീം നാല് വിക്കറ്റിന് 134 റണ്‍സ് എന്ന നിലയിലുള്ളപ്പോള്‍ ക്രീസിലെത്തിയ താരം 35 പന്തില്‍ 37 റണ്‍സെടുത്തു. സഞ്ജു തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇരു മത്സരങ്ങളിലും ജയിച്ച ഇന്ത്യ ഒരു ഏകദിനം അവശേഷിക്കേ പരമ്പര 2-0ന് സ്വന്തമാക്കി. ചൊവ്വാഴ്‌ച അവസാന ഏകദിനത്തിലെ സഞ്ജുവിന്‍റെ ബാറ്റിലേക്ക് ഉറ്റുനോക്കുകയാണ് ഏവരും.