നാളുകളോളം കളിക്കാനും ഭരണ പദവിയിൽ ഇരിക്കാനും കഴിയില്ല. ക്രിക്കറ്റ് താരം എന്ന നിലയിൽ കുറേ കളിക്കാനായി, ക്രിക്കറ്റ് ഭരണത്തിലും ഉണ്ടായിരുന്നു, ഇനി മറ്റെന്തെങ്കിലും ചെയേണ്ടതുണ്ടെന്നും ഗാംഗുലി
ദില്ലി: ബിജെപിക്ക് വഴങ്ങാത്തതു കൊണ്ടാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സൗരവ് ഗാംഗുലി. ദീർഘകാലം പദവിയിൽ തുടരാനാകില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. നാളുകളോളം കളിക്കാനും ഭരണ പദവിയിൽ ഇരിക്കാനും കഴിയില്ല. ക്രിക്കറ്റ് താരം എന്ന നിലയിൽ കുറേ കളിക്കാനായി, ക്രിക്കറ്റ് ഭരണത്തിലും ഉണ്ടായിരുന്നു, ഇനി മറ്റെന്തെങ്കിലും ചെയേണ്ടതുണ്ടെന്നും ഗാംഗുലി പ്രതികരിച്ചു. ബിസിസഐ അധ്യക്ഷ പദവിയിൽ നിന്നുള്ള സ്ഥാന ചലനവുമായി ബന്ധപ്പെട്ട് ബിജെപി - തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയ പോര് തുടരുന്നതിനിടയാണ് ഗാംഗുലിയുടെ പ്രതികരണം.
ബിജെപിയില്‍ ചേരാത്തതിനാലാണ് ഗാംഗുലിയെ ഒഴിവാക്കിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് അമിത് ഷാ ഗാംഗുലിയുടെ വീട് സന്ദർശിച്ചത് സമ്മർദ്ദം ചെലുത്താനായിരുന്നു. എന്നാൽ ഗാംഗുലി ബിജെപിയില്‍ ചേരില്ലെന്ന് ബോധ്യപ്പെട്ടതോടെ പകപോക്കലിന്‍റെ ഭാഗമായാണ് ഒഴിവാക്കുന്നതെന്നായിരുന്നു നേതാക്കളുടെ ആരോപണം. അമിത് ഷായുടെ മകന്‍ ജയ്ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരുമ്പോൾ ഗാംഗുലിയെ മാത്രം ഒഴിവാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ടിഎംസി എംപി ശന്തനു സെന്‍ അടക്കമുള്ളവർ ആരോപണവുമായി രംഗത്തെത്തിയത്.
എന്നാല്‍ ഗാംഗുലിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ലെന്നായിരുന്നു ആരോപണങ്ങളെ പ്രതിരോധിച്ച് ബിജെപി വ്യക്തമാക്കിയത്. അമിത് ഷാ ഗാംഗുലിയെ കാണാനെത്തിയതില്‍ രാഷ്ട്രീയമില്ലെന്നും ബിജെപി എംപി ലോക്കറ്റ് ചാറ്റർജി പ്രതികരിച്ചു.
ഈ മാസം 18നാണ് ബിസിസിഐയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുക. ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് രണ്ടാമതൊരു അവസരം കൂടി സൗരവ് ഗാംഗുലി ആഗ്രഹിച്ചെങ്കിലും നൽകാനാകില്ലെന്ന നിലപാടിലാണ് സെക്രട്ടറി ജയ് ഷായും സംഘവും സ്വീകരിച്ചത്. ഗാംഗുലിക്ക് പകരം റോജർ ബിന്നി ബിസിസിഐ അധ്യക്ഷനാകുമെന്നാണ് റിപ്പോർട്ടുകൾ. ഐപിഎൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്തുവെങ്കിലും തരംതാഴ്ത്തലെന്ന് ബോധ്യമായതോടെ ഗാംഗുലി പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്.