ഇടംകൈ-വലംകൈ കോംപിനേഷനിലായിരിക്കും സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക
ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ കിരീടം സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് റോയല്‍സ് ഫൈനലില്‍ കിരീടം കൈവിടുകയായിരുന്നു. ഇക്കുറിയും ഫൈനല്‍ കളിക്കാനുള്ള സ്‌ക്വാഡ‍് കരുത്ത് രാജസ്ഥാനുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്‍റെ ഏറ്റവും ശക്തമായ പ്ലേയിംഗ് ഇലവന്‍ പരിശോധിക്കാം.
കരുത്തുറ്റ ബാറ്റിംഗ് നിരയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രത്യേകത. ഇടംകൈ-വലംകൈ കോംപിനേഷനിലായിരിക്കും സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ വര്‍ഷത്തെ റണ്‍വേട്ടക്കാരനായ ജോസ് ബട്‌ലര്‍ക്കൊപ്പം ഇന്ത്യന്‍ യുവതാരം യശ്വസി ജയ്‌സ്വാളായിരിക്കും ഓപ്പണിംഗില്‍ വരാന്‍ സാധ്യത. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കരുത്തുള്ള ബട്‌ലര്‍ തന്നെ രാജസ്ഥാന്‍റെ ബാറ്റിംഗ് നെടുംതൂണ്‍. മൂന്നാം നമ്പറില്‍ ദേവ്‌ദത്ത് പടിക്കലെത്തുമ്പോള്‍ നാലാം നമ്പറിലെ സഞ്ജു സാംസണാണ് ശ്രദ്ധേയ താരം. ഇവരിലൊന്നും അവസാനിക്കുന്നില്ല രാജസ്ഥാന്‍റെ ബാറ്റിംഗ് കരുത്ത്. വെടിക്കെട്ട് വീരന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയറും പിന്നാലെ ജേസന്‍ ഹോള്‍ഡറും റിയാന്‍ പരാഗും എത്തും. മൂവര്‍ക്കുമായിരിക്കും ഫിനിഷറുടെ ചുമതല.
ബൗളിംഗ് നിരയെ നയിക്കുക ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍റ് ബോള്‍ട്ടും കഴിഞ്ഞ തവണത്തെ പര്‍പ്പിള്‍ ക്യാപ് വിന്നറായ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലുമായിരിക്കും. ഇന്ത്യന്‍ പേസര്‍മാരായ കുല്‍ദീപ് സിംഗും നവ്‌ദീപ് സെയ്‌നിയുമാണ് പിന്നീടുള്ള ബൗളര്‍മാരായി വരാന്‍ അന്തിമ ഇലവനില്‍ സാധ്യത.
രാജസ്ഥാന്‍ റോയല്‍സിന്‍റെ സാധ്യതാ ഇലവന്‍
ജോസ് ബട്‌ലര്‍(വിക്കറ്റ് കീപ്പര്‍), യശ്വസി ജയ്‌സ്വാള്‍, ദേവ്‌ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ജേസന്‍ ഹോള്‍ഡര്‍, റിയാന്‍ പരാഗ്, ട്രെന്‍റ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചഹല്‍, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍.
'ഞാന്‍ കളിക്കാന്‍ വരുന്നു'; ആരാധകരെ ത്രില്ലടിപ്പിച്ച് റിഷഭ് പന്തിന്‍റെ വീഡിയോ, ഒടുവില്‍ ട്വിസ്റ്റ്