ആഭ്യന്തര സീസണില്‍ മോശമല്ലാത്ത പ്രകടനമായിരുന്നു കേരളത്തിന്റേത്. വിജയ് ഹസാരെ ട്രോഫിയില്‍ ക്വാര്‍ട്ടറിലെത്താന്‍ സഞ്ജുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കേരളതതിനായിരുന്നു.
തിരുവനന്തപുരം: മൂന്ന് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം സഞ്ജു സാംസനാണ് നായകന്‍. രോഹന്‍ കുന്നുമ്മല്‍ വൈസ് ക്യാപ്റ്റനാവും. കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്‍, വിഷ്ണുരാജ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, രോഹന്‍ പ്രേം, ബേസില്‍ തമ്പി, തുടങ്ങിയവര്‍ ടീമിലുണ്ട്. ആലപ്പുഴയില്‍ ജനുവരി അഞ്ചിന്ഉത്തര്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യമത്സരം.
കേരളാ ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേഷര്‍ എ സുരേഷ്, മിഥുന്‍ എം ഡി, ബേസില്‍ എന്‍ പി, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍).
ഒഫീഷ്യല്‍സ്: നാസിര്‍ മച്ചാന്‍ (ഒബ്‌സെര്‍വര്‍), എം വെങ്കടരാമണ (ഹെഡ് കോച്ച്), എം. രാജഗോപാല്‍ (അസിറ്റന്റ് കോച്ച്), വൈശാഖ് കൃഷ്ണ (ട്രെയ്‌നര്‍), ആര്‍ എസ് ഉണ്ണികൃഷ്ണ (ഫിസിയോ), വാസുദേവന്‍ ഇരുശന്‍ (വീഡിയോ അനലിസ്റ്റ്), എന്‍ ജോസ് (ടീം മസാജര്‍).
ആഭ്യന്തര സീസണില്‍ മോശമല്ലാത്ത പ്രകടനമായിരുന്നു കേരളത്തിന്റേത്. വിജയ് ഹസാരെ ട്രോഫിയില്‍ ക്വാര്‍ട്ടറിലെത്താന്‍ സഞ്ജുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കേരളതതിനായിരുന്നു. ക്വാര്‍ട്ടറില്‍, രാജസ്ഥാനെതിരെ കേരളം പരാജയപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടേണ്ടതിനാല്‍ സഞ്ജു ഇല്ലാതെയാണ് കേരളം ക്വാര്‍ട്ടര്‍ കളിച്ചത്. പകരം രോഹന്‍ കുന്നുമ്മലായിരുന്നു കേരളത്തിന്റെ ക്യാപ്റ്റന്‍.
സഞ്ജുവാകട്ടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. പരമ്പര 1-1ല്‍ നില്‍ക്കെ, അവസാന ഏകദിനത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് സഞ്ജു. രഞ്ജി ട്രോഫിയിലും തിളങ്ങി ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കയറിപ്പറ്റാനുള്ള അവസരം കൂടിയാണിത്.