IPL 2022 : സഞ്ജു സാംസണ്‍ പുറത്ത്; ഏറ്റവും മികച്ച ഐപിഎല്‍ ഇലവനുമായി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ

By Jomit Jose  |  First Published May 31, 2022, 6:37 PM IST

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ക്വിന്‍റണ്‍ ഡികോക്കും രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്‌ലറുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍


മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനുമായി പ്രമുഖ ക്രിക്കറ്റ് വെ‌ബ്‌സൈറ്റായ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ. ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണ്(Sanju Samson) ഇലവനില്‍ ഇടംപിടിക്കാനായില്ല. കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ(Gujarat Titans) കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് പാണ്ഡ്യയാണ്(Hardik Pandya) ടീം ഓഫ് ദ് ടൂര്‍ണമെന്‍റിന്‍റെ ക്യാപ്റ്റന്‍. 

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ക്വിന്‍റണ്‍ ഡികോക്കും രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്‌ലറുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. സീസണില്‍ 57.53 ശരാശരിയും 149.05 സ്‌ട്രൈക്ക് റേറ്റിലും 863 റണ്‍സുമായി ഡികോക്ക് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. നാല് സെഞ്ചുറികളും 45 സിക്‌സറുകളുമായി സീസണില്‍ ബട്‌ലര്‍ തിളങ്ങി. അതേസമയം ലഖ്‌നൗവിന്‍റെ ക്വിന്‍റണ്‍ ഡികോക്ക് 36.28 ശരാശരിയും 148.97 സ്‌ട്രൈക്ക് റേറ്റിലും 508 റണ്‍സ് നേടി. ഡികോക്കാണ് വിക്കറ്റ് കീപ്പറും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സെഞ്ചുറി വീരന്‍ രജത് പടിദാറാണ് മൂന്നാം നമ്പറില്‍. എട്ട് മത്സരങ്ങളില്‍ 55.50 ശരാശരിയും 152.75 സ്‌ട്രൈക്ക് റേറ്റിലും 333 റണ്‍സാണ് പടിദാറിന്‍റെ സമ്പാദ്യം. മുംബൈ ഇന്ത്യന്‍സിന്‍റെ നെടുംതൂണ്‍ സൂര്യകുമാര്‍ യാദവാണ് നാലാം നമ്പറില്‍ സീസണില്‍ 43.28 ശരാശരിയിലും 145.67 സ്‌ട്രൈക്ക് റേറ്റിലും 303 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം.

Latest Videos

undefined

പഞ്ചാബ് കിംഗ്‌സിനായി വെടിക്കെട്ട് പുറത്തെടുത്ത ലയാം ലിവിംഗ്‌സ്റ്റണാണ് അടുത്തത്. 36.41 ശരാശരിയിലും 182.028 സ്‌ട്രൈക്ക് റേറ്റിലും 437 റണ്‍സ് താരം നേടിയിരുന്നു. ബട്‌ലര്‍ക്ക് പിന്നിലായി 34 സിക്‌സ് പേരിലാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി കീരിടത്തിലേക്ക് നയിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍. 15 കളിയില്‍ 487 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തെത്തിയ ഹാര്‍ദിക് പാണ്ഡ്യ എട്ട് വിക്കറ്റും വീഴ്ത്തി. ഫൈനലില്‍ രാജസ്ഥാനെതിരെ 17ന് മൂന്ന് വിക്കറ്റുമായി കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. കലാശപ്പോരില്‍ 30 പന്തില്‍ 34 റണ്‍സെടുത്ത് ബാറ്റിംഗില്‍ നിര്‍ണായക സംഭാവനയും നല്‍കി.

335 റണ്‍സും 17 വിക്കറ്റുമായി ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസലാണ് അടുത്തത്. 174.47 സ്‌ട്രൈക്ക് റേറ്റ് റസലിനുണ്ട്. 200ലേറെ റണ്‍സും 10 വിക്കറ്റും സീസണില്‍ നേടിയ ഏക താരമാണ് റസല്‍. സീസണിന്‍റെ കണ്ടെത്തല്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങളിലൊരാളായ ലഖ്‌നൗവിന്‍റെ മൊഹ്‌സീന്‍ ഖാനാണ് അടുത്തത്. അണ്‍ക്യാപ്‌ഡ് താരമായ മൊഹ്‌സീന്‍ 5.96 ഇക്കോണമിയില്‍ 14 വിക്കറ്റ് സ്വന്തമാക്കി. പവര്‍പ്ലേയില്‍ 5.25 ഇക്കോണമിയില്‍ ആറ് വിക്കറ്റ് പേരിലാക്കി. ഒരു നാല് വിക്കറ്റ് നേട്ടമടക്കം 7.06 ഇക്കോണമിയില്‍ 16 വിക്കറ്റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഉമേഷ് യാദവും 10 മത്സരങ്ങളില്‍ 16 വിക്കറ്റുമായി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഖലീല്‍ അഹമ്മദും ടീമിലെത്തി. സീസണിലെ പര്‍പ്പിള്‍ ക്യാപ്പിനുടമായ രാജസ്ഥാന്‍റെ യുസ്‌വേന്ദ്ര ചാഹലാണ് അടുത്തത്. 7.75 ഇക്കോണമിയില്‍ 27 വിക്കറ്റാണ് നേട്ടം. 

IPL 2022 : അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ; പറയുന്നത് മൈക്കല്‍ വോണ്‍

click me!