ദാ കാണ്... നൂറഴക് ചിത്രവുമായി സഞ്ജു സാംസണ്‍, ഏറ്റെടുത്ത് ആരാധകര്‍; 'ചേട്ടന്‍' ഉയിരെന്ന് 'ജോസേട്ടന്‍'

By Web Team  |  First Published Dec 22, 2023, 9:08 AM IST

പാളിലെ ബോളണ്ട് പാര്‍ക്കില്‍ സഞ്ജു സാംസണിന്‍റെ സെഞ്ചുറി വന്നതും ഗ്യാലറിയും ഇന്ത്യന്‍ ഡ്രസിംഗ് റൂമും ഇളകിമറിഞ്ഞിരുന്നു


പാള്‍: പിച്ചുകളില്‍ ഭൂതം ഒളിച്ചിരിക്കുന്ന ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടുക ഏത് രാജ്യാന്തര ബാറ്ററുടെയും സ്വപ്നമാണ്. അത്ര എളുപ്പമല്ലാത്ത മഴവില്‍ രാഷ്ട്രത്തിലെ ബാലികേറമലകളായ മൈതാനങ്ങളില്‍ കാലിടറി വീണ പ്രമുഖ ബാറ്റര്‍മാര്‍ നിരവധി. എന്നാല്‍ ഈ പ്രതിസന്ധികളെയെല്ലാം തന്‍റെ ക്ലാസ് കൊണ്ട് മറികടന്ന് കന്നി രാജ്യാന്തര സെഞ്ചുറി ദക്ഷിണാഫ്രിക്കയില്‍ കുറിച്ച് ശ്രദ്ധേയനാവുകയാണ് ടീം ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലായിരുന്നു സഞ്ജുവിന്‍റെ സെഞ്ചുറി.  

പാളിലെ ബോളണ്ട് പാര്‍ക്കില്‍ സഞ്ജു സാംസണിന്‍റെ സെഞ്ചുറി വന്നതും ഗ്യാലറിയും ഇന്ത്യന്‍ ഡ്രസിംഗ് റൂമും ഇളകിമറിഞ്ഞു. ടെലിവിഷന്‍, മൊബൈല്‍ സ്ക്രീനുകളില്‍ നെഞ്ചിടിപ്പോടെ മത്സരം വീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ശ്വാസം വീണു. ടീമില്‍ വന്നും പോയും പ്രതിഭയോട് നീതി പുലര്‍ത്താത്തവന്‍ എന്ന പഴിയേറെ കേട്ടയാളുടെ ബാറ്റ് കൊണ്ടുള്ള മറുപടിയായിരുന്നു ബോളണ്ട് പാര്‍ക്കില്‍ കണ്ടത്. കരിയറിലെ അവിസ്‌മരണീയമായ ഇന്നിംഗ്‌സില്‍ സഞ്ജുവിനെ തേടി നിരവധി പ്രശംസകളും ആശംസകളുമെത്തി. മത്സരശേഷം സഞ്ജു സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. സെഞ്ചുറിയടിച്ച ശേഷം ബാറ്റ് ഉയര്‍ത്തിക്കാട്ടുന്ന സഞ്ജുവിന്‍റെ ചിത്രത്തിന് താഴെ ഉശിരന്‍ കമന്‍റുമായി രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം ജോസ് ബട്‌ലര്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യന്‍ മുന്‍ ഫുട്ബോളറും മലയാളിയുമായ സി കെ വിനീത്, സംവിധായകന്‍ ബേസില്‍ ജോസഫ് തുടങ്ങി നിരവധി പേരാണ് ഈ ഫോട്ടോയുടെ താഴെ സഞ്ജുവിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. 

Latest Videos

ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പോലും പരാജയമായി മാറിയ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യയുടെ ബാറ്റിംഗ് നിയന്ത്രണം ഏറ്റെടുത്ത സഞ്ജു സാംസണ്‍ വണ്‍ഡൗണായിറങ്ങി 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 94.74 സ്ട്രൈക്ക് റേറ്റില്‍ 108 റണ്‍സെടുത്തു. സഞ്ജുവിന്‍റെ കരുത്തില്‍ മത്സരം 78 റണ്‍സിന് ജയിച്ച ടീം ഇന്ത്യ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി. സ്കോര്‍: ഇന്ത്യ- 296/8 (50), ദക്ഷിണാഫ്രിക്ക- 218 (45.5). ഒന്‍പത് ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുമായി പേസര്‍ അര്‍ഷ്‌ദീപ് സിംഗും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. സഞ്ജു കളിയിലെയും അര്‍ഷ് പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. സഞ്ജുവിന്‍റെ കരിയര്‍ മാറ്റിമറിക്കുന്ന സെഞ്ചുറി എന്നാണ് പാളിലെ ഇന്നിംഗ്‌സ് വിശേഷിപ്പിക്കപ്പെടുന്നത്. 

Read more: സഞ്ജു സാംസണ്‍... 'ഇത് അർഹിച്ച സെഞ്ചുറി, തുടക്കം മാത്രം'; വമ്പന്‍ ആശംസകളുമായി എസ് ശ്രീശാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!