ബാക്ക് അപ്പ് വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ കെ എല്‍ രാഹുലിനെ വേണോ റിഷഭ് പന്തിനെ വേണോ എന്ന കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ട്.
മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ സാധ്യതാ ഇലവന്‍ പ്രവചിച്ച് മുന്‍ ഇന്ത്യൻ താരം സഞ്ജയ് ബംഗാര്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്കോററായെങ്കിലും ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ ടി20 ടീമില്‍ ബാക്ക് അപ്പ് ഓപ്പണറായി മാത്രമാണ് ബംഗാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിഷഭ് പന്തിനെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായും ഉള്‍പ്പെടുത്താവുന്നതാണെന്ന് സ്റ്റാര്‍ സ്പോര്‍ട്സില്‍ നടന്ന ചര്‍ച്ചയിൽ ബംഗാർ പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടോപ് ഫോറില്‍ യാതൊരു മാറ്റവും വരുത്തേണ്ടതില്ല. ഓപ്പണര്‍മാരായി സഞ്ജു സാംസണും അഭിഷേക് ശര്‍മയും മൂന്നാം നമ്പറില്‍ തിലക് വര്‍മയും നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തന്നെ തുടരണം. റിങ്കു സിംഗ് അഞ്ചാമനായും ശിവം ദുബെ ആറാമനായും ക്രീസിലെത്തും.
ടോപ് ഓര്‍ഡറില്‍ യശസ്വി ജയ്സ്വാളിനെ റിസര്‍വ് ഓപ്പണറായി ടീമിലുള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ കെ എല്‍ രാഹുലിനെ വേണോ റിഷഭ് പന്തിനെ വേണോ എന്ന കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ട്. സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലുള്ളപ്പോള്‍ ബാക്ക് അപ്പായി ആരെ ഉള്‍പ്പെടുത്തുമെന്നതാണ് ചോദ്യം. ടോപ് ഫോറില്‍ അവസരം കിട്ടുമെങ്കില്‍ മാത്രം റിഷഭ് പന്തിനെ ടീമിലെടുക്കുകയും ഇല്ലെങ്കില്‍ കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തുകയും ചെയ്യാം.
ഭാവി കണക്കിലെടുത്താണെങ്കില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്നാണ് എന്‍റെ അഭിപ്രായം. സഞ്ജു സാംസണ് പരിക്കുമൂലം കളിക്കാനായില്ലെങ്കില്‍ മാത്രമെ ഓപ്പണറായി യശസ്വി ജയ്സ്വാളിനെ പരിഗണിക്കേണ്ടതുള്ളു. അങ്ങനെ വന്നാല്‍ മധ്യനിരയില്‍ റിങ്കു സിംഗും ശിവം ദുബെയും രണ്ട് ഇടം കൈയന്‍മാരുള്ളതിനാല്‍ ഇവരിലൊരാളെ ഒഴിവാക്കി റിഷഭ് പന്തിന് അവസരം നല്‍കാം.
ഏഴാം നമ്പറിലും എട്ടാം നമ്പറിലും ഹാര്‍ദ്ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും കളിക്കണം. ഒമ്പതാമനായി കുല്‍ദീപ് യാദവും പത്താമനായും അര്‍ഷ്ദീപ് സിംഗും പതിനൊനന്നാമതാനായി പ്രസിദ്ധ് കൃഷ്ണയും പ്ലേയിംഗ് ഇലവനില്‍ കളിക്കണമെന്നും സഞ്ജയ് ബംഗാര്‍ പറഞ്ഞു. വരുണ്‍ ചക്രവര്‍ത്തിയെ ബാക്ക് അപ്പ് സ്പിന്നറായും ഖലീല്‍ അഹമ്മദിനെ ബാക്ക് അപ്പ് പേസറായും ടീമിലുള്‍പ്പെടുത്താമെന്നും സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി.
സഞ്ജയ് ബംഗാര്‍ തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത്, വരുണ്‍ ചക്രവര്‍ത്തി, ഖലീല്‍ അഹമ്മദ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക