Andrew Symonds : ആൻഡ്രൂ സൈമണ്ട്‌സിന്‍റെ അപ്രതീക്ഷിത വേര്‍പാട്; കണ്ണീര്‍ പൊടിയുന്ന കുറിപ്പുമായി സച്ചിന്‍

By Jomit Jose  |  First Published May 15, 2022, 12:01 PM IST

മുംബൈ ഇന്ത്യൻസിൽ ഒരുമിച്ചു ചിലവഴിച്ച സമയത്തെ കുറിച്ച് ഹൃദ്യമായ ഓര്‍മ്മകള്‍ മനസിലുണ്ടെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 


മുംബൈ: ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ആൻഡ്രൂ സൈമണ്ട്‌സിന്‍റെ(Andrew Symonds) അപ്രതീക്ഷിത വേര്‍പാടിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. സൈമണ്ട്‌സിന് ലോകമെങ്ങും നിന്ന് അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുന്നതിനിടെ ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമെത്തി(Sachin Tendulkar). ഐപിഎല്ലില്‍(IPL) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ക്യാമ്പില്‍ ഒന്നിച്ചുണ്ടായിരുന്നപ്പോഴത്തെ ഓര്‍മ്മകളാണ് ഇന്ത്യന്‍ ഇതിഹാസം ഓര്‍ത്തെടുത്തത്. രാജ്യാന്തര കരിയറില്‍ ആൻഡ്രൂ സൈമണ്ട്‌സിന് എതിരെയും സച്ചിന്‍ കളിച്ചിട്ടുണ്ട്. 

'ആൻഡ്രൂ സൈമണ്ട‌്‌സിന്‍റെ വിയോഗം നമ്മെയെല്ലാം ഞെട്ടിക്കുന്ന വാർത്തയാണ്. അദേഹം ഒരു മികച്ച ഓൾറൗണ്ടർ മാത്രമല്ല, മൈതാനത്തെ ഊര്‍ജ്ജസ്വലനായ താരം കൂടിയായിരുന്നു. മുംബൈ ഇന്ത്യൻസിൽ ഒരുമിച്ചു ചിലവഴിച്ച സമയത്തെ കുറിച്ച് ഹൃദ്യമായ ഓര്‍മ്മകള്‍ മനസിലുണ്ട്. അദേഹത്തിന് ആത്മശാന്തി നേരുന്നു, അദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളേയും അനുശോചനം അറിയിക്കുന്നു'- സച്ചിന്‍ ട്വിറ്ററില്‍ വേദനയോടെ എഴുതി. 

Andrew Symond’s demise is shocking news for all of us to absorb. Not only was he a brilliant all-rounder, but also a live-wire on the field. I have fond memories of the time we spent together in Mumbai Indians.

May his soul rest in peace, condolences to his family & friends. pic.twitter.com/QnUTEZBbsD

— Sachin Tendulkar (@sachin_rt)

Latest Videos

ക്വിൻസ്‍ലാൻഡിലുണ്ടായ കാറപകടത്തിലാണ് 46കാരനായ ആൻഡ്രൂ സൈമണ്ട്‌സ് മരണമടഞ്ഞത്. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറിൽ ഒരാളായിരുന്നു. ഓസ്ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 14 ട്വന്‍റി 20കളും കളിച്ചു. 2003ലും 2007ലും ലോകകിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായി. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞുനിന്നു. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്‍റെയും മുംബൈ ഇന്ത്യന്‍സിന്‍റേയും താരമായിരുന്നു. ആദ്യ സീസണ്‍ ഐപിഎല്ലിൽ സെഞ്ച്വറിയും ഡെക്കാനൊപ്പം കിരീടവും നേടിയിട്ടുണ്ട് ആൻഡ്രൂ സൈമണ്ട്‌സ്‌. വിരമിച്ച ശേഷം ഫോക്സ് സ്പോർട്സിന്‍റെ കമന്‍റേറ്ററായി സേവനമനുഷ്ടിച്ചിരുന്നു. 

ആൻഡ്രൂ സൈമണ്ട്‌സ്‌ ഏകദിനത്തില്‍ 5000ലേറെ റണ്‍സും നൂറിലേറെ വിക്കറ്റുമുള്ള അപൂര്‍വ താരങ്ങളിലൊരാളാണ്. 11 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 198 ഏകദിനങ്ങളില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി. 26 ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റും 14 രാജ്യാന്തര ടി20യില്‍ 337 റണ്‍സും 8 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ 974 റണ്‍സും 20 വിക്കറ്റും സ്വന്തമാക്കി. ഒപ്പം എക്കാലത്തെയും മികച്ച ഫീല്‍ഡ‍ര്‍മാരില്‍ ഒരാളായും വാഴ്‌ത്തപ്പെട്ടു. ഷെയ്ൻ വോണിനും റോഡ് മാർഷിനും ശേഷം ഈ വർഷം വിടവാങ്ങുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരമാണ് ആൻഡ്രൂ സൈമണ്ട്‌സ്‌. 

Andrew Symonds : ആരാധകര്‍ അറിയുമോ? ആ ലോക റെക്കോര്‍ഡ് 20 വര്‍ഷം ആൻഡ്രൂ സൈമണ്ട്‌സിന്‍റെ കൈവശമിരുന്നു!

click me!