ദൈവം എന്ന് വിശേഷണം, ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ച നേട്ടങ്ങൾ; അതിനിടയിലും സച്ചിന് ചില 'വലിയ' നഷ്ടങ്ങളുണ്ട്

By Anver Sajad  |  First Published Apr 23, 2023, 9:53 PM IST

നേട്ടങ്ങളുടെ മികവിലും സച്ചിനും ചില 'വലിയ' നഷ്ടങ്ങളുണ്ട്. ഏറ്റവും പ്രധാനം നായകനെന്ന നിലയിലെ സച്ചിന്‍റെ നഷ്ടങ്ങളാണ്


സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ആ പേരിന് പിന്നാലെ വലിയ നേട്ടങ്ങളുടെ പട്ടികയാകും ഏവരുടെയും മനസിൽ ഓടിയെത്തുക. ആധുനിക ക്രിക്കറ്റിൽ പോലും ഒരാൾക്കും എത്തിപ്പിടിക്കാൻ പറ്റുമോയെന്ന് ആരാധകർ സംശയിക്കുന്ന ഒരു പിടി നേട്ടങ്ങളാണ് ക്രിക്കറ്റ് ദൈവത്തിന്‍റെ പേരിലുള്ളത്. ടെസ്റ്റിലും ഏകദിനത്തിലും റൺസിന്‍റെ കൊടുമുടികളാണ് സച്ചിൻ സ്വന്തമാക്കി വച്ചിട്ടുള്ളത്. സെഞ്ചുറികളുടെ കാര്യവും മറിച്ചല്ല. ഏറ്റവുമൊടുവിൽ ഏകദിന ലോകകപ്പിലും കയ്യൊപ്പ് ചാർത്തി ഇതിഹാസ താരം വിടവാങ്ങിയപ്പോൾ നേട്ടങ്ങളുടെ ഒരു ക്രിക്കറ്റ് ജീവിതത്തിനായിരുന്നു അവസാനമായത്. അത്രയേറെ നേട്ടങ്ങളുടെ മികവിലും സച്ചിനും ചില 'വലിയ' നഷ്ടങ്ങളുണ്ട്. ഏറ്റവും പ്രധാനം നായകനെന്ന നിലയിലെ സച്ചിന്‍റെ നഷ്ടങ്ങളാണ്.

സച്ചിൻ എന്ന നായകൻ

Latest Videos

undefined

സച്ചിൻ ടെൻഡുൽക്കർ അത്രമേൽ വിലപിടിച്ച ക്രിക്കറ്റ് താരമായിരിക്കുമ്പോളും നായകൻ എന്ന നിലയിൽ തന്‍റേതായ കയ്യൊപ്പ് ചാർത്താനായിരുന്നില്ല. ഇതിഹാസ താരങ്ങളിൽ പലരും നായക മികവിന്‍റെ കാര്യത്തിൽ കൂടി ഓ‍ർമ്മിക്കപ്പെടുമ്പോൾ സച്ചിനെക്കുറിച്ച് ഓർക്കാൻ അത്തരം വലിയ നേട്ടങ്ങൾ കുറവാണ്. 1996 ലോകകപ്പ് പരാജയത്തിന് ശേഷമാണ് അസറുദ്ദീനിൽ നിന്നും സച്ചിൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. വലിയ പ്രതീക്ഷളോടെയാണ് തുടങ്ങിയതെങ്കിലും ആ പ്രതീക്ഷകൾക്കൊത്ത പ്രകടനം അന്നത്തെ ടീമിൽ നിന്നും ഉണ്ടായില്ല. മാത്രമല്ല തന്‍റെ ബാറ്റിംഗിനെ കൂടി നായകത്വം ബാധിക്കാൻ തുടങ്ങിയതോടെ സച്ചിൻ ഇന്ത്യയുടെ ക്യാപ്ടൻസി വലിച്ചെറിഞ്ഞു. രണ്ടാം തവണ നായക സ്ഥാനം ഏറ്റെടുത്തപ്പോഴും കാര്യങ്ങൾക്ക് ഒരു മാറ്റവുമുണ്ടായില്ല. 73 ഏകദിനങ്ങളിലാണ് സച്ചിൻ ഇന്ത്യയുടെ നായകനായത്. 23 വിജയവും 43 പരാജയങ്ങളുമായിരുന്നു ഫലം. ടെസ്റ്റിലാകട്ടെ 25 തവണ നായകനായപ്പോൾ ടീം ഇന്ത്യ ജയിച്ചത് 4 തവണ മാത്രമായിരുന്നു. 9 തോൽവികളായിരുന്നു സച്ചിന്‍റെ ടീം ഇന്ത്യ അന്ന് നേരിട്ടത്. ഏകദിനത്തിൽ ബാറ്റിംഗിനെ നായകത്വം കാര്യമായി ബാധിച്ചു എന്നും കാണാം. ഇക്കാലയളവിൽ 37 മാത്രമാണ് സച്ചിന്‍റെ ബാറ്റിംഗ് ശരാശരി. മൊത്തം കരിയറിൽ 46 ന് മുകളിലാണ് സച്ചിന്‍റെ ബാറ്റിംഗ് ശരാശരി എന്നും ഓർക്കണം.

കിട്ടാക്കനിയായി ട്രിപ്പിൾ സെഞ്ചുറി

സച്ചിന്‍റെ മറ്റൊരു വലിയ നഷ്ടമാകും ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടാനാകാത്തത്. ആറ് തവണ 200 കടന്നിട്ടും 300 എന്ന മാന്ത്രിക സംഖ്യയിലേക്ക് ബാറ്റ് വീശി ആകാശത്തേക്ക് കൈകളുയർത്തി ആഹ്ളാദം പ്രകടിപ്പിക്കാൻ ക്രിക്കറ്റ് ദൈവത്തിന് ഒരിക്കലും സാധിച്ചില്ല എന്നത് ആരാധകർക്കും ഒരു പക്ഷേ വേദനയായി അവശേഷിച്ചേക്കാം. ഏകദിന ക്രിക്കറ്റിൽ ആദ്യമായി 200 എന്ന മാന്ത്രിക സംഖ്യ കടന്ന താരത്തിന് ടെസ്റ്റിൽ ഒരിക്കൽ പോലും 300 കടക്കാനാകാത്തത് ടെസ്റ്റ് ക്രിക്കറ്റിന്‍റെ കൂടി നഷ്ടമാകും.

2003 ലോകകപ്പ് നഷ്ടം, ഫൈനലിൽ സച്ചിനും നിരാശ

2003 ലോകകപ്പ് ഫൈനലിലേക്ക് ഗാംഗുലിയുടെ ക്യാപ്ടൻസിയിലിറങ്ങിയ ടീം ഇന്ത്യ കുതിച്ചെത്തിയത് സച്ചിന്‍റെ തോളിലേറിയായിരുന്നു. പാകിസ്താനെതിരായ 98 റൺസിന്‍റെ ബാറ്റിംഗ് പ്രകടനം ആ ലോകകപ്പിലെ തന്നെ ഏറ്റവും മനോഹര കാഴ്ചയായിരുന്നു. ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ വമ്പൻ വിജയലക്ഷ്യം തേടിയിറങ്ങുമ്പോഴും സച്ചിനിൽ നിന്ന് ഏവരും പ്രതീക്ഷിച്ചതും അതുപോലൊരു ഇന്നിംഗ്സ് ആയിരുന്നു. എന്നാൽ കലാശപ്പോരാട്ടത്തിൽ സച്ചിന് അടിപതറി. മഗ്രാത്തിനെ തകർപ്പനൊരു ഫോറിന് പായിച്ചപ്പോൾ സച്ചിൻ ഫോമിലേക്കെത്തുന്നതായിരുന്നു ഏവരും കണ്ട സ്വപ്നം. എന്നാൽ മഗ്രാത്തിന്‍റെ പന്തിൽ സച്ചിൻ നിരാശപ്പെടുത്തി മടങ്ങിയപ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ കൂടിയാണ് അസ്തമിച്ചത്. ആ ലോകകപ്പിലാകെ 673 റൺസ് അടിച്ചുകൂട്ടി ഇന്ത്യയെ തോളിലേറ്റിയ സച്ചിന് പക്ഷേ കലാശക്കളിയിൽ പിഴച്ചു. സച്ചിന്‍റെ കരിയറിലെ വലിയൊരു നഷ്ടമാകും ആ ലോകകപ്പ് ഫൈനൽ.

ടി 20 ലോകകപ്പ് കളിച്ചിട്ടേയില്ല

ലോകത്ത് ഏറ്റവും കൂടുതൽ മത്സരങ്ങളും ലോകകപ്പ് മത്സരങ്ങളും കളിച്ചിട്ടുള്ള താരമെന്ന ഖ്യാതിയും 24 വ‍ർഷം നീണ്ട കരിയറുമെല്ലാം ഉള്ളപ്പോഴും സച്ചിന്, ടി 20 ലോകകപ്പിൽ ഇന്ത്യൻ ജെഴ്സി അണിയാൻ ഭാഗ്യം കിട്ടിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. 2007 ൽ ടി 20 ലോകകപ്പ് ധോണിയും സംഘവും ചേർന്ന് ഇന്ത്യയിലെത്തിച്ചപ്പോൾ സച്ചിൻ അടക്കമുള്ള മുതിർന്ന താരങ്ങൾ വിശ്രമത്തിലായിരുന്നു. പിന്നീട് ടി 20 ക്രിക്കറ്റിൽ ധോണിയും സംഘവുമായിരുന്നു ഇന്ത്യയുടെ മുഖം. സച്ചിൻ ടെസ്റ്റ്-ഏകദിന താരമായി മാറി. ആകെ ഒരു ടി 20 അന്താരാഷ്ട്ര മത്സരം മാത്രമേ സച്ചിൻ കളിച്ചിട്ടുള്ളു എന്നതും സച്ചിനും കുട്ടിക്രിക്കറ്റിനും വലിയ നഷ്ടം തന്നെ.

ഐപിഎല്ലിൽ കിരിടീമില്ലാത്ത നായകൻ, ടി 20 യിൽ വിക്കറ്റുമില്ല

ഐപിഎല്ലിലും സച്ചിന് ചെറിയ ചില നഷ്ടങ്ങളുണ്ട്. മുംബൈ ഇന്ത്യൻസിന്‍റെ നായകനായി പോരാടിയപ്പോളൊന്നും സച്ചിന് കിരീടത്തിൽ മുത്തമിടാനുള്ള ഭാഗ്യമുണ്ടായില്ല. എന്നാൽ രോഹിതിന്‍റെ ക്യാപ്ടൻസിക്ക് കീഴിൽ അവസാന സീസണിൽ സച്ചിന്‍റെ മുംബൈ കപ്പുയർത്തി. അതേസമയം തന്നെ ടെസ്റ്റിലും ഏകദിനത്തിലും ബൗളർ എന്ന നിലയിൽ പലപ്പോഴും തിളങ്ങിയിട്ടുള്ള സച്ചിന്, കുട്ടിക്രിക്കറ്റിൽ ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ലെന്നതും മറ്റൊരു നഷ്ടം.

click me!