സച്ചിനിസത്തിന് 50; അമ്പതാം പിറന്നാള്‍ നിറവില്‍ മാസ്റ്റർ ബ്ലാസ്റ്റർ, ആഘോഷക്കടലൊരുക്കി ക്രിക്കറ്റ് ലോകം

By Web Team  |  First Published Apr 24, 2023, 12:04 AM IST

22 വാരയ്ക്കകത്തെ 24 വർഷം നീണ്ട രാജ്യാന്തര കരിയറില്‍ ഏറ്റവും ഉയർന്ന റണ്‍മല കെട്ടിപ്പടുത്തും സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചും മറ്റൊരു താരത്തിനും ഇനിയൊരിക്കലും ഒരുപക്ഷേ നേടാനാവാത്തയത്രയും റെക്കോർഡുകളും സൃഷ്ടിച്ചും ഇന്ത്യയുടെ ക്രിക്കറ്റ് ജീനിയസ് ജീവിതത്തിന്‍റെ ക്രീസില്‍ 50* നോട്ടൗട്ട് തികച്ചിരിക്കുന്നു


മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക്, ലോക ക്രിക്കറ്റിന്‍റെ ജീവവായുവിന്, ഒരേയൊരു മാസ്റ്റർ ബ്ലാസ്റ്റർക്ക്, ക്രിക്കറ്റിന്‍റെ ദൈവത്തിന് അമ്പതാം പിറന്നാള്‍. 22 വാരയ്ക്കകത്തെ 24 വർഷം നീണ്ട രാജ്യാന്തര കരിയറില്‍ ഏറ്റവും ഉയർന്ന റണ്‍മല കെട്ടിപ്പടുത്തും സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചും മറ്റൊരു താരത്തിനും ഇനിയൊരിക്കലും ഒരുപക്ഷേ നേടാനാവാത്തയത്രയും റെക്കോർഡുകളും സൃഷ്ടിച്ചും ഇന്ത്യയുടെ ക്രിക്കറ്റ് ജീനിയസ് ജീവിതത്തിന്‍റെ ക്രീസില്‍ 50* നോട്ടൗട്ട് തികച്ചിരിക്കുന്നു. സച്ചിന്‍റെ അമ്പതാം പിറന്നാള്‍ രാജ്യവും കായികലോകവും കൊണ്ടാടുകയാണ്. 

അചരേക്കർ പഠിപ്പിച്ചു, സച്ചിന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി

Latest Videos

മഹാരാഷ്ട്രയിലെ മുംബൈയില്‍ 1973 ഏപ്രില്‍ 24നായിരുന്നു സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറുടെ ജനനം. മുംബൈയിലെ ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നാണ്‌ ക്രിക്കറ്റിന്‍റെ ബാലപാഠങ്ങൾ രമാകാന്ത് അചരേക്കറിൽ നിന്ന് കുഞ്ഞു സച്ചിൻ പഠിച്ചെടുത്തത്. പിന്നീട് സംഭവിച്ചതെല്ലാം ലോക ക്രിക്കറ്റിന്‍റെ ചരിത്രത്തിനോടൊപ്പം എഴുതിച്ചേർക്കപ്പെട്ടു. 1989 നവംബർ 15ന് കറാച്ചിയില്‍ പാകിസ്ഥാന് എതിരെയായിരുന്നു സച്ചിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ 15 റണ്‍സുമായി ആ പതിനാറുകാരന്‍ മടങ്ങി. ഇതേ വർഷം തന്നെ ഡിസംബർ 18ന് ഏകദിനത്തിലും സച്ചിന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഏകദിന അരങ്ങേറ്റത്തില്‍ പൂജ്യത്തില്‍ പുറത്താവാനായിരുന്നു വിധി. രാജ്യാന്തര ടി20 അരങ്ങേറ്റം 2006 ഡിസംബർ ഒന്നിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു. ഈ മത്സരം സച്ചിന്‍റെ അവസാന രാജ്യാന്തര ടി20യുമായി. 

രാജ്യാന്തര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 100 സെഞ്ചുറികളോടെ 34,357 റണ്‍സും എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകളുമാണ് സച്ചിന്‍റെ ക്രിക്കറ്റ് സമ്പാദ്യം. സെഞ്ചുറികളിൽ സെഞ്ചുറി തീര്‍ത്ത ഏക ക്രിക്കറ്ററായി ഇന്നും സച്ചിന്‍ തുടരുന്നു. 2012 മാര്‍ച്ചിൽ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്‍റെ നൂറാം സെഞ്ചുറി. ടെസ്റ്റിൽ 51 ഉം ഏകദിനത്തിൽ 49 ഉം ഉൾപ്പടെയാണ് സച്ചിന്‍ സെഞ്ചുറികളില്‍ 100 പൂർത്തിയാക്കിയത്. 

കണക്കിലെ സച്ചിനഴക്...

ക്രിക്കറ്റ് ചരിത്രത്തിലെ 'ഗോട്ട്' ആയി വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍റെ കണക്കുകള്‍ ആരെയും മോഹിപ്പിക്കുന്നതാണ്. 200 ടെസ്റ്റും 463 ഏകദിനങ്ങളും ഒരു രാജ്യാന്തര ടി20യും കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കർ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറികളുമുള്ള താരമാണ്. ടി20 മാറ്റി നിർത്തിയാല്‍ മറ്റ് രണ്ട് ഫോർമാറ്റിലും സച്ചിനേക്കാള്‍ റണ്‍സും സെഞ്ചുറിയും മറ്റാർക്കുമില്ല. 200 ടെസ്റ്റുകള്‍ കളിച്ച ഏക താരമായ സച്ചിന്‍ ക്രിക്കറ്റിലെ ദൈർഘ്യമേറിയ ഫോർമാറ്റില്‍ 51 സെഞ്ചുറികളും ആറ് ഇരട്ട സെഞ്ചുറികളും സഹിതം 53.79 ശരാശരിയിലും 54.08 പ്രഹരശേഷിയിലും 15921 റണ്‍സ് അടിച്ചുകൂട്ടി. 463 ഏകദിനങ്ങളില്‍ 49 സെഞ്ചുറിയും ഒരു ഡബിളും സഹിതം 18426 റണ്‍സും സ്വന്തമാക്കി. ഏകദിനത്തിലെ ബാറ്റിംഗ് ശരാശരി 44.83 ഉം പ്രഹരശേഷി 86.24 ഉം ആണ്. രാജ്യാന്തര ട്വന്‍റി 20യില്‍ ഒരു മത്സരം മാത്രം കളിച്ച ശേഷം യുവതലമുറയ്ക്ക് വഴിമാറിക്കൊടുത്ത സച്ചിന്‍ 10 റണ്‍സാണ് കുട്ടി ക്രിക്കറ്റില്‍ നേടിയത്. എന്നാല്‍ ഐപിഎല്ലില്‍ 78 മത്സരങ്ങളില്‍ ഒരു ശതകവും 13 അർധശതകവും സഹിതം സച്ചിന്‍ 2334 റണ്‍സ് സ്വന്തം അക്കൗണ്ടിലൊഴുതി. 

റെക്കോർഡുകള്‍ കടപുഴക്കി റണ്ണൊഴുക്കി കുതിക്കുമ്പോഴും രണ്ട് പതിറ്റാണ്ട് സച്ചിന് അന്യമായി നിന്നത് ഒരു ലോകകപ്പ് കിരീടമായിരുന്നു. എന്നാല്‍ 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായി സച്ചിന്‍ ആ വിടവ് തന്‍റെ നേട്ടങ്ങളുടെ പട്ടികയില്‍ നികത്തി. ടെസ്റ്റില്‍ ആറ് ഡബിള്‍ സെഞ്ചുറികള്‍ നേടിയ സച്ചിനാണ് ഏകദിനത്തില്‍ ആദ്യമായി 200 കണ്ടെത്തിയ ബാറ്റര്‍. 2010 ഫെബ്രുവരി 24ന് ഗ്വാളിയാറില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിലായിരുന്നു സച്ചിന്‍റെ ഏകദിന ഡബിള്‍. 147 പന്തിൽ 25 ഫോറും മൂന്ന് സിക്‌സറും ഉൾപ്പെടെ അന്ന് 200* റണ്‍സുമായി സച്ചിന്‍ ക്രിക്കറ്റിലെ അജയ്യനെപ്പോലെ പുറത്താവാതെ നിന്നു. കരിയറില്‍ ബൗളിംഗിലും മോശമായിരുന്നില്ല സച്ചിന്‍ ടെന്‍ഡുല്‍ക്കർ. ടെസ്റ്റില്‍ 46 ഉം ഏകദിനത്തില്‍ 154 ഉം രാജ്യാന്തര ടി20യില്‍ ഒന്നും വിക്കറ്റും നേടി. 

രണ്ടര പതിറ്റാണ്ടോളം നീണ്ട ഐതിഹാസിക കരിയറിനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കർ വിരാമമിട്ടത്. 2012 ഡിസംബർ 23ന് ഏകദിന ഫോർമാറ്റില്‍ നിന്ന് വിരമിച്ചതായി സച്ചിൻ അറിയിച്ചു. 2013 നവംബർ 17ന് ടെസ്റ്റും മതിയാക്കി 22 വാരയ്ക്കകത്തെ 24 വർഷം നീണ്ട വിസ്മയ ഇന്നിംഗ്സിന് ക്രിക്കറ്റിന്‍റെ ദൈവം വിരമാമിട്ടു. വെസ്റ്റ് ഇൻഡീസിനെതിരെ കരിയറിലെ തന്‍റെ ഇരുന്നൂറാം ടെസ്റ്റ്‌ കളിച്ചാണ് സച്ചിന്‍ ക്രിക്കറ്റിന്‍റെ പരമോന്നത തൂവെള്ള കുപ്പായത്തില്‍ നിന്ന് വിടവാങ്ങിയത്. 

റെക്കോർഡുകളുടെ തമ്പുരാന്‍

ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ചുറികള്‍, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റികള്‍(68), ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച്(59), മാന്‍ ഓഫ് ദ് സീരീസ്(14), പ്രായം കുറഞ്ഞ ഇന്ത്യന്‍ ടെസ്റ്റ് താരം(16 വയസും 205 ദിവസവും), ഏകദിനത്തിലെ പ്രായം കുറഞ്ഞ ഇന്ത്യൻ(16 വയസും 238 ദിവസവും) ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ്(1894), ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റികള്‍(9), ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്(2278) തുടങ്ങി എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകള്‍ മാസ്റ്റർ ബ്ലാസ്റ്റർ കരസ്ഥമാക്കി. 2003 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സച്ചിന്‍ 2004, 2007 വർഷങ്ങളില്‍ ഐസിസിയുടെ ലോക ഇലവനില്‍ ഇടംപിടിച്ചു. 

രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയും പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരവും അർജുന അവാർഡും പത്മശ്രീയും പത്മവിഭൂഷനും വിസ്ഡന്‍ ക്രിക്കറ്റർ ഓഫ് ദ് ഇയറും ലോറസ് പുരസ്കാരവും അടക്കം അനവധി നേട്ടങ്ങള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കർ തന്‍റെ ഷോക്കേസില്‍ എത്തിച്ചിട്ടുണ്ട്.

click me!