സീസണില്‍ ദയനീയ പ്രകടനവുമായി ആദ്യം പുറത്തായ മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായിരുന്നു രോഹിത് ശര്‍മ്മ.
അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) ഏറെ പുത്തനുദയങ്ങളും തിരിച്ചുവരവും കണ്ടെങ്കിലും നിരാശപ്പെടുത്തിയ ഒരുപിടി താരങ്ങളാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും(Rohit Sharma) മുന്‍ നായകന്‍ വിരാട് കോലിയുമെല്ലാം(Virat Kohli) ഇതിലുള്‍പ്പെടും. ഈ സീസണില്‍ പ്രതീക്ഷ നഷ്‌ടപ്പെടുത്തിയ അഞ്ച് പ്രധാന താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
രോഹിത് ശര്‍മ്മ
സീസണില്‍ ദയനീയ പ്രകടനവുമായി ആദ്യം പുറത്തായ മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായിരുന്നു രോഹിത് ശര്‍മ്മ. ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല, വ്യക്തിഗത പ്രകടനത്തിലും ഹിറ്റ്‌മാന്‍ പേരിനോട് നീതി പുലര്‍ത്തിയില്ല. സീസണിലെ 14 കളികളില്‍ ഒരു അര്‍ധ സെഞ്ചുറി പോലുമില്ലാതെ 19.14 ശരാശരിയില്‍ 268 റണ്‍സാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. സണ്‍റൈസേഴ്‌സിനെതിരെ നേടിയ 48 ആണ് ഉയര്‍ന്ന സ്‌കോര്‍. 14ല്‍ ആറ് തവണ ഒറ്റയക്കത്തില്‍ രോഹിത് പുറത്തായി എന്നതാണ് വലിയ നാണക്കേട്.
വിരാട് കോലി
ആര്‍സിബിയുടെ മുന്‍ നായകന്‍ വിരാട് കോലിക്കും ഇത് കരിയറിലെ ഏറ്റവും മോശം സീസണുകളിലൊന്നാണ്. മൂന്ന് തവണ കിംഗ് ഡക്കില്‍ പുറത്തായി. 16 കളിയില്‍ 22.73 ശരാശരിയില്‍ 341 റണ്‍സ് നേട്ടം. രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമേ റണ്‍മെഷീന്‍ എന്ന പേരുള്ള കോലിയുടെ പേരിനൊപ്പമുള്ളൂ.
കെയ്‌ന്‍ വില്യംസണ്‍
ന്യൂസിലന്‍ഡിന്‍റെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റേയും നായകനായ കെയ്‌ന്‍ വില്യംസണും മറക്കാനാഗ്രഹിക്കുന്ന സീസണാണിത്. ബാറ്റിംഗ് ഓര്‍ഡറില്‍ ഓപ്പണറായി എത്തിയെങ്കിലും റണ്ണടിച്ചുകൂട്ടാനായില്ല. 19.64 മാത്രമാണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 93.51 മാത്രമായിരുന്നു. 13 കളിയില്‍ 216 റണ്‍സേ നേടാനായുള്ളൂ. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ ഒരു അര്‍ധ സെഞ്ചുറി മാത്രമേ പേരിലുള്ളൂ.
റിഷഭ് പന്ത്
ഭയരഹിത ബാറ്റിംഗിന് പേരുകേട്ട ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനും ഐപിഎല്‍ പതിനഞ്ചാം സീസണ്‍ ഏറെ മോശമായി. 14 കളിയില്‍ 30.91 ശരാശരിയില്‍ 340 റണ്‍സ് നേട്ടം. ഈ സീസണില്‍ അര്‍ധ സെഞ്ചുറികളില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ നേടിയ 44 ആണ് ഉയര്‍ന്ന സ്‌കോര്‍.
മുഹമ്മദ് സിറാജ്
ആര്‍സിബി പേസര്‍ മുഹമ്മദ് സിറാജിനും ഇത് മോശം സീസണ്‍. സീസണിലെ 15 കളിയില്‍ 9 വിക്കറ്റ് മാത്രമേ നേടിയുള്ളൂ. 10.08 ആണ് ഇക്കോണമി. ബൗളിംഗ് ശരാശരി 57.11.
IPL 2022 : കന്നിയങ്കത്തിലെ കിരീടം; ആരാധകര്‍ക്കൊപ്പം ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ആറാട്ട്- വീഡിയോ