വിരമിക്കൽ പ്രഖ്യാപനമില്ല, സ്വയം മാറിനിൽക്കാൻ സന്നദ്ധനായി രോഹിത്; മെല്‍ബണില്‍ കളിച്ചത് അവസാന ടെസ്റ്റെന്ന് സൂചന

By Web Desk  |  First Published Jan 2, 2025, 4:31 PM IST

അവസാനം കളിച്ച ഒമ്പത് ടെസ്റ്റില്‍ 10.93 മാത്രമാണ് രോഹിത്തിന്‍റെ ബാറ്റിംഗ് ശരാശരി.ഓസ്ട്രേലിയക്കെതിരായ പരമ്പരയിലാകട്ടെ 6.2 മാത്രമാണ് രോഹിത്തിന്‍റെ ബാറ്റിംഗ് ശരാശരി


സിഡ്നി:ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് മാറിനില്‍ക്കാൻ രോഹിത് ശര്‍മ തീരുമാനിച്ചതോടെ ഇന്ത്യൻ ക്യാപ്റ്റന്‍റെ ടെസ്റ്റ് കരിയറിനും അവസാനമായെന്ന് റിപ്പോര്‍ട്ട്. ഓദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചില്ലെങ്കിലും ഓസ്ട്രേലിയക്കെതിരെ മെല്‍ബണില്‍ കളിച്ച അവസാന ടെസ്റ്റാവും രോഹിത്തിന്‍റെ കരിയറിലെ അവസാന ടെസ്റ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിഡ്നിയില്‍ ജയിച്ചാല്‍ പോലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.

ഈ സാഹചര്യത്തില്‍ ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലോ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലോ രോഹിത് കളിക്കാനുള്ള സാധ്യത വിദൂരമാണ്. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇനി ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയുള്ളത്. അതിന് ആറു മാസം ബാക്കിയുണ്ടെന്നതിനാല്‍ രോഹിത്തിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമായിരിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ടി20 ലോകകപ്പ് നേട്ടത്തോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രോഹിത്  അടുത്തമാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റിനോടും വിടപറയുമെന്നാണ് കരുതുന്നത്. അവസാനം കളിച്ച ഒമ്പത് ടെസ്റ്റില്‍ 10.93 മാത്രമാണ് രോഹിത്തിന്‍റെ ബാറ്റിംഗ് ശരാശരി.

Latest Videos

പുതിയ ലുക്കിൽ വിനോദ് കാംബ്ലി, വീണ്ടും ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ആശുപത്രി വിട്ടു; കാണാന്‍ വരുമെന്ന് വാക്കുനൽകി കപിൽ

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലാകട്ടെ 6.2 മാത്രമാണ് രോഹിത്തിന്‍റെ ബാറ്റിംഗ് ശരാശരി. ആദ്യ ടെസ്റ്റില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുമ്ര ടീമിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചപ്പോള്‍ രോഹിത് മടങ്ങിയെത്തിയശേഷം കളിച്ച മൂന്ന് ടെസ്റ്റില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ തോറ്റപ്പോള്‍ ബ്രിസ്ബേനില്‍ മഴയുടെ ആനുകൂല്യത്തില്‍ സമനില നേടി. ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് മുമ്പ് നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 0-3ന് തോറ്റ് നാണക്കേടിന്‍റെ റെക്കോര്‍ഡും രോഹിത്തിന്‍റെ തലയിലായി. ക്യാപ്റ്റനെന്ന നിലയിലുിം രോഹിത്തിന്‍റെ പ്രകടനം പരമ്പരയില്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു. മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയൻ വാലറ്റക്കാര്‍ ക്രീസിലുള്ളപ്പോള്‍ പോലും ഡിഫന്‍സീവ് ഫീല്‍ഡ് ചെയ്ത രോഹിത്തിന്‍റെ തന്ത്രങ്ങള്‍ക്കെതിരെ മുന്‍താരങ്ങളും രംഗത്തുവന്നിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ മിസ് ഫിറ്റായ ഹിറ്റ്‌മാന്‍
    
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികളും ടി20 ക്രിക്കറ്റില്‍ അഞ്ച് സെഞ്ചുറികളും പേരിലുള്ള രോഹിത്തിന് ടെസ്റ്റ് ക്രിക്കറ്റ് പലപ്പോഴും മിസ് ഹിറ്റായിരുന്നു. 2013ല്‍ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുമായി ഇന്ത്യയുടെ മധ്യനിരയില്‍ അരങ്ങേറിയ രോഹിത് രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയെങ്കിലും പിന്നീട് പലപ്പോഴും ആ മികവ് നിലനിര്‍ത്താനായില്ല. ഏകദിന, ടി20 ടീമുകളിലെ ഹിറ്റ് മാന്‍ ആയിരിക്കുമ്പോഴും ടെസ്റ്റ് ടീമില്‍ രോഹിത് സ്ഥിരം സാന്നിധ്യമായില്ല. പിന്നീട് ഏകദിന, ടി20 ക്രിക്കറ്റിലേതുപോലെ ഓപ്പണറായി ഇറങ്ങിയതോടെയാണ് രോഹിത്തിന്‍റെ ടെസ്റ്റ് കരിയര്‍ ക്ലച്ചു പിടിച്ചത്. കരിയറില്‍ ഇതുവരെ 67 ടെസ്റ്റുകളില്‍ കളിച്ചെങ്കിലും രോഹിത്തിന്‍റെ ബാറ്റിംഗ് ശരാശരി ഇപ്പോഴും നാല്‍പതുകളില്‍(40.58) മാത്രമാണ്. 12 സെഞ്ചുറികളും ഒരു ഡബിള്‍ സെഞ്ചുറിയും 18 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 4302 റണ്‍സാണ് ടെസ്റ്റില്‍ രോഹിത്തിന്‍റെ സമ്പാദ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!