'ഞാന്‍ എപ്പോള്‍ വിരമിക്കണമെന്ന് അവരല്ല തീരുമാനിക്കേണ്ടത്'; വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച് രോഹിത്

By Web Desk  |  First Published Jan 4, 2025, 8:25 AM IST

ഓസീസിനെതിരെ അഞ്ച് ഇന്നിംഗ്‌സുകളില്‍ പത്ത് റണ്‍സിനപ്പുറമുള്ള ഒരു സ്‌കോര്‍ നേടാന്‍ രോഹിത്തിന് സാധിച്ചില്ല. 


സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ വിട്ടുനില്‍ക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ഫോമിലല്ലെന്നതിന്റെ പേരിലാണ് രോഹിത് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ജസ്പ്രിത് ബുമ്രയാണ് സിഡ്‌നിയില്‍ ഇന്ത്യയെ നയിക്കുന്നത്. പെര്‍ത്തില്‍, ആദ്യ ടെസ്റ്റിലും ബുമ്രയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. രണ്ടാം ടെസ്റ്റ് മുതലാണ് രോഹിത് ടീമിനൊപ്പം ചേരുന്നത്. എന്നാല്‍ അഞ്ച് ഇന്നിംഗ്‌സിലും രോഹിത് നിരാശപ്പെടുത്തി. അഞ്ച് ഇന്നിംഗ്‌സുകളില്‍ പത്ത് റണ്‍സിനപ്പുറമുള്ള ഒരു സ്‌കോര്‍ നേടാന്‍ രോഹിത്തിന് സാധിച്ചില്ല. 

ഇപ്പോള്‍ വിട്ടുനില്‍ക്കാനുണ്ടായതിനെ കുറിച്ച് ആദ്യമായി സംസാരിക്കുകയാണ് രോഹിത്. വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും രോഹിത് വ്യക്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''സിഡ്‌നി ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെ കുറിച്ച് കോച്ചിമായും സെലക്റ്റര്‍മാരുമായും ചര്‍ച്ച നടത്തിയിരുന്നു. ഞാന്‍ ഫോമിലല്ല, ഇതൊരു പ്രധാന മത്സരമാണ്, ഞങ്ങള്‍ക്ക് ഫോമിലുള്ള ഒരു കളിക്കാരനെ വേണം. ടീമിനാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്. അത്രയാണ് ഞാനും ചെയ്തത്. സിഡ്നിയില്‍ വന്നതിന് ശേഷമാണ് ഞാന്‍ ഈ തീരുമാനമെടുത്തത്. എനിക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ മാറി നില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നി.'' രോഹിത് പറഞ്ഞു. 

Latest Videos

ലിസ്റ്റ് എ ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് മലയാളി താരം കരുണ്‍ നായര്‍! പുറത്താകാതെ 500ലധികം റണ്‍സ്

വിരമിക്കുന്നില്ലെന്നും രോഹിത്. ''എന്റേത് ഒരു വിരമിക്കല്‍ തീരുമാനമല്ല, ഫോമിലല്ലാത്തതിനാല്‍ ഞാന്‍ മത്സരത്തിന് പുറത്താണെന്ന് മാത്രം. ഞാന്‍ എപ്പോള്‍ വിരമിക്കുമെന്ന് ഒരു പേനയും പേപ്പറും ലാപ്‌ടോപ്പുമായി പുറത്തിരിക്കുന്നവരല്ല തീരുമാനിക്കേണ്ടത്. ജീവിതം അനുദിനം മാറുന്നു, കാര്യങ്ങള്‍ മാറുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്താണ് ചെയ്യേണ്ടെന്ന വ്യക്തമായ ബോധ്യം എനിക്കുണ്ട്. അത്രത്തോളം പക്വത എനിക്കായി. രണ്ട് മക്കളുടെ അച്ഛനാണ് ഞാന്‍. ടീമിന് എന്താണ് വേണ്ടതെന്ന് എനിക്ക് മനസിലാവും. ടീമിനെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കില്‍, അത്തരം കളിക്കാരെ ആവശ്യമില്ല. ടീമിന് എന്താണ് വേണ്ടതെന്ന് എപ്പോഴും ചിന്തിക്കുക. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ തുറന്ന മനസുള്ളവനാണ്.'' ക്യാപ്റ്റന്‍ വ്യക്തമാക്കി. 

മധ്യനിരയില്‍ കളിക്കാന്‍ താരുമാനിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ. ''പെര്‍ത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഞങ്ങള്‍ ആ കളി ജയിച്ചതെന്ന വ്യക്തമായ ബോധ്യമുണ്ടായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഞങ്ങള്‍ക്ക് 200 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടായിരുന്നു, അതാണ് ഞങ്ങളെ കളി ജയിപ്പിച്ചത്. കെ എല്‍ രാഹുലും ജയ്സ്വാളും നന്നായി കളിച്ചു. കളി ജയിക്കാനുള്ള സാഹചര്യമുണ്ടാക്കിയത് അവരാണ്. അതുകൊണ്ടാണ് ഓപ്പണിംഗ് സഖ്യം പൊളിക്കാതിരുന്നത്.'' രോഹിത് കൂട്ടിചേര്‍ത്തു.

click me!