സിഡ്‌നി ടെസ്റ്റിന് മുമ്പ് ട്വിസ്റ്റ്! ജസ്പ്രീത് ബുമ്ര ക്യാപ്റ്റന്‍; രോഹിത് ശര്‍മ്മ കളിക്കില്ല, വിരമിക്കലോ?

By Web Desk  |  First Published Jan 2, 2025, 4:01 PM IST

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ മാറ്റം, രോഹിത് ശര്‍മ്മയ്ക്ക് പകരം ജസ്പ്രീത് ബുമ്ര ക്യാപ്റ്റന്‍ 


സിഡ്‌നി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണായക സിഡ്‌നി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ മാറ്റം. രോഹിത് ശര്‍മ്മയ്ക്ക് പകരം പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ നയിക്കുക. മോശം ഫോമില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന രോഹിത് ശര്‍മ്മ സിഡ്‌നിയില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ സെലക്ടര്‍മാരെ അറിയിച്ചു. 

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ പേസര്‍ ജസ്പ്രീത് ബുമ്ര നയിക്കും. രോഹിത് ശര്‍മ്മ അഞ്ചാം ടെസ്റ്റില്‍ നിന്ന് പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ യശ്വസി ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയും ശുഭ്‌മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്ക് എത്തുകയും ചെയ്യും. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റില്‍ ജയ്‌സ്വാളിനൊപ്പം രോഹിത്തായിരുന്നു ഓപ്പണര്‍. മൂന്നാമനായാണ് രാഹുല്‍ ബാറ്റേന്തിയത്. ഫോമില്ലായ്‌മയില്‍ രൂക്ഷ വിമര്‍ശനം ഹിറ്റ്‌മാനെതിരെ സജീവമാണ്. മുന്‍ താരങ്ങളില്‍ നിന്നടക്കം രോഹിത് ശര്‍മ്മ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ-ഓസീസ് അഞ്ചാം ടെസ്റ്റില്‍ കളിക്കില്ലെന്ന് രോഹിത് ടീം ഇന്ത്യയുടെ സെലക്ടര്‍മാരെ അറിയിച്ചത്. 

Latest Videos

ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് 31 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മ്മയ്ക്ക് നേടാനായത്. സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് നാളെ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കും. നാല് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 2-1ന് ഓസീസ് മുന്നില്‍ നില്‍ക്കുന്നു. പരമ്പര നഷ്‌ടപ്പെടാതിരിക്കാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള സാധ്യത നിലനിര്‍ത്താനും ഇന്ത്യക്ക് സിഡ്‌നി ടെസ്റ്റില്‍ ജയിച്ചേ മതിയാകൂ. 

Read more: രോഹിത്തും റിഷഭ് പന്തും പുറത്തേക്കോ?; ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!