ടി20 ലോകകപ്പിന് മുമ്പ് ഡെത്ത് ഓവര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ടീം ഇന്ത്യ
ഇന്‍ഡോര്‍: ഏഷ്യാ കപ്പില്‍ തുടങ്ങി ഓസ്ട്രേലിയന്‍ പരമ്പരയും കടന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരങ്ങള്‍ വരെ നീണ്ട വിട്ടുമാറാത്ത തലവേദന. അതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഡെത്ത് ഓവറുകളിലെ ദയനീയമായ ബൗളിംഗ് പ്രകടനം. പരിക്കേറ്റ ജസ്പ്രീത് ബുമ്ര മിക്കപ്പോഴും കളത്തിന് പുറത്തായപ്പോള്‍ ഡെത്ത് ഓവറില്‍ പന്തെറിഞ്ഞ എല്ലാവരേയും എതിരാളികള്‍ അടിച്ചുപറത്തി ഗാലറിയിലെത്തിച്ചു. ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പറക്കുംമുമ്പ് സ്ലോഗ് ഓവറുകളിലെ തല്ലുകൊള്ളിത്തരത്തിന് മറുപടി കണ്ടെത്തേണ്ട അവസ്ഥയിലാണ് ടീം.
ഇക്കാര്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തുറന്നുസമ്മതിക്കുന്നുണ്ട്. ഇന്‍ഡോറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20ക്ക് ശേഷമുള്ള ക്യാപ്റ്റന്‍ രോഹിത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ. 'നമ്മുടെ ബൗളിംഗില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. പവര്‍പ്ലേയിലും മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലും മികച്ച ഓപ്‌ഷനുകള്‍ കണ്ടെത്താനാകും. അവസാന രണ്ട് പരമ്പരകള്‍ വലിയ വെല്ലുവിളിയായിരുന്നു. ലോകത്തെ രണ്ട് മികച്ച ടീമുകള്‍ക്കെതിരെയാണ് കളിച്ചത്. അതിനാല്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ടു. മികച്ചതായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഇരുത്തിച്ചിന്തിക്കുന്നതാണ്. അതുമൊരു വെല്ലുവിളിയാണ്. എന്നാല്‍ ഉത്തരം കണ്ടെത്തിയേ പറ്റൂ. അതിനുള്ള ശ്രമങ്ങളിലാണ് എന്ന് ഞാനിപ്പോഴും പറയുന്നു. എന്താണ് കളത്തില്‍ നേടേണ്ടത് എന്ന കാര്യത്തില്‍ താരങ്ങള്‍ക്ക് വ്യക്തത വേണം. അത് പറഞ്ഞുനല്‍കേണ്ടത് എന്‍റെ ചുമതലയാണ്. ശ്രമങ്ങള്‍ തുടരുകയാണ്. അത് തുടരും' എന്നും ഇന്‍ഡോറിലെ മത്സരശേഷം ഹിറ്റ്‌മാന്‍ പറഞ്ഞു.
ടി20 ലോകകപ്പിന് മുമ്പ് ഡെത്ത് ഓവര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ടീം ഇന്ത്യ. ലോകകപ്പിനായി വരും ദിവസങ്ങളില്‍ തന്നെ ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് യാത്രതിരിക്കും. ഓസീസ് മണ്ണിലെത്തിയ ശേഷം ഇന്ത്യക്ക് പരിശീലന മത്സരങ്ങളുണ്ട്. ഒക്ടോബര്‍ 22-ാം തിയതിയാണ് ലോകകപ്പില്‍ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ന്യൂസിലന്‍ഡും ഓസീസും തമ്മിലാണ് ആദ്യ മത്സരം. തൊട്ടടുത്ത ദിവസം 23-ാം തിയതി ഇന്ത്യ-പാകിസ്ഥാന്‍ തീപാറും പോരാട്ടം വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും.
ടി20 ലോകകപ്പില്‍ ബുമ്രയുടെ പകരക്കാരന്‍ ആര്? കാത്തിരുന്ന സൂചനയുമായി രാഹുല്‍ ദ്രാവിഡ്