ശ്വാസകോശ ക്യാന്‍സറിനെ അതിവീജിച്ചെത്തിയ യുവി ഫിറ്റ്നെസ് ടെസ്റ്റില്‍ മറ്റ് താരങ്ങളില്‍ നിന്ന് 2 പോയന്‍റിന്‍റെ ഇളവ് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ കോലിയോ അന്നത്തെ ടീം മാനേജ്മെന്‍റോ തയാറായില്ല.
മുംബൈ: ഇന്ത്യൻ ടീമില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. 2011ലെ ഏകദിന ലോകകപ്പിനുശേഷം ക്യാന്‍സര്‍ ബാധിതനാവുകയും പിന്നീട് രോഗത്തെ അതിജീവിച്ച് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുകയും ചെയ്ത യുവരാജ് സിംഗിന് ഇന്ത്യൻ ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കാതിരുന്നതിന് കാരണം ക്യാപ്റ്റനായിരുന്ന വിരാട് കോലിയുടെ കടുംപിടുത്തങ്ങളായിരുന്നുവെന്ന് ഉത്തപ്പ ലല്ലൻടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വിരാട് കോലിയുടെ ക്യാപ്റ്റന്‍സി വേറെ തരത്തിലാണ്. എല്ലാവരും തന്‍റെ നിലവാരത്തിനൊത്ത് ഉയരണമെന്നാണ് അദ്ദേഹത്തിന്‍റെ പിടിവാശി. അത് ഫിറ്റ്നെസിന്‍റെ കാര്യത്തിലായാലും ഭക്ഷണ കാര്യത്തിലായാലും എല്ലാം അങ്ങനെയാണ്. ക്രിക്കറ്റില്‍ രണ്ട് തരത്തിലുള്ള ക്യാപ്റ്റന്‍മാരുണ്ട്. ഒന്നുകില്‍ തന്‍റെ വഴിക്ക് വരിക അല്ലെങ്കില്‍ പെരുവഴിയിലാവുക എന്ന് പറയുന്നവരാണ് ഒരു കൂട്ടര്‍, വിരാട് കോലി ഈ വിഭാഗത്തിലാണ് വരുന്നത്. മറ്റൊരു കൂട്ടര്‍ കൂടെയുള്ളവരെ അവരുടെ കുറവുകളിലും ചേര്‍ത്തു പിടിക്കുന്നവരാണ്. തങ്ങളുടെ നിലവാരത്തിനൊത്ത് ഉയരാന്‍ സഹതാരങ്ങളെ സഹായിക്കുന്നവരാണ്. രോഹിത് ശര്‍മ അത്തരമൊരു ക്യാപ്റ്റനാണ്. രണ്ടിനും അതിന്‍റേതായ ഗുണവും ദോഷവുമുണ്ട്. എന്നാല്‍ കളിക്കാരനില്‍ ഇതുണ്ടാക്കുന്നത് വ്യത്യസ്ത സ്വാധീനമായിരിക്കും.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്താവുക കോലിയോ രോഹിത്തോ അല്ല; മറ്റൊരു സീനിയര്‍ താരം
യുവരാജ് സിംഗിന്‍റെ കാര്യമെടുത്താല്‍, ക്യാന്‍സറിനെ അതിജീവിച്ച് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയ യുവി ടീമില്‍ നിന്ന് പുറത്താവാനുള്ള വഴി ഒരുക്കിയതും വിരാട് കോലിയാണ്. ഇന്ത്യക്കായി രണ്ട് ലോകകപ്പുകള്‍ ജയിച്ച് ജീവിതത്തില്‍ അതിനെക്കാള്‍ വലിയ പോരാട്ടം ജയിച്ചുവന്നയാളാണ് യുവി. ടീമില്‍ തിരിച്ചെത്തണമെങ്കില്‍ യുവി കടുത്ത ഫിറ്റ്നെസ് ടെസ്റ്റ് പാസാവണമെന്ന് കോലി വാശിപിടിച്ചു. എന്നാല്‍ ശ്വാസകോശ ക്യാന്‍സറിനെ അതിവീജിച്ചെത്തിയ യുവി ഫിറ്റ്നെസ് ടെസ്റ്റില്‍ മറ്റ് താരങ്ങളില്‍ നിന്ന് 2 പോയന്‍റിന്‍റെ ഇളവ് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ കോലിയോ അന്നത്തെ ടീം മാനേജ്മെന്‍റോ തയാറായില്ല.
രാജ്യത്തിന് വേണ്ടി രണ്ട് ലോകകപ്പ് നേടിയ ഒരു കളിക്കാരനെ അങ്ങനെയായിരുന്നില്ല പരിഗണിക്കേണ്ടിയിരുന്നത്. ഒടുവില്‍ ഫിറ്റ്നെസ് ടെസ്റ്റ് ജയിച്ച് ടീമില്‍ തിരിച്ചെത്തിയ യുവി, ചാമ്പ്യന്‍സ് ട്രോഫിയിലെ ഫോമിലാവാന്‍ കഴിയാത്തതിന് പിന്നാലെ ടീമില്‍ നിന്ന് പുറത്തായി. പിന്നീടൊരിക്കലും ആരും യുവിയെ ടീമിലേക്ക് പരിഗണിച്ചതുമില്ല. അതിനുശേഷം ടീമിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന വിരാട് കോലിയടക്കമുള്ളവര്‍ യുവിയെ ഉള്‍ക്കൊള്ളാന്‍ ഒരിക്കലും തയാറായില്ല.
ഗൗതം ഗംഭീര്‍ കപടനാട്യക്കാരൻ, തുറന്നടിച്ച് മുൻ സഹതാരം; മറുപടിയുമായി ഇന്ത്യൻ താരങ്ങള്‍
ആവശ്യമില്ലാത്തവരെ ഒഴിവാക്കുക എന്നതാണ് കോലിയുടെ ക്യാപ്റ്റന്‍സി ശൈലി. എന്നാല്‍ എല്ലാവരെയും ചേര്‍ത്ത് പിടിക്കുക എന്നതാണ് രോഹിത്തിന്‍റെ ശൈലി. മത്സരങ്ങളുടെ ഫലം മാത്രമല്ല, വ്യക്തികളെ എങ്ങനെ പരിഗണിക്കുന്നു എന്നത് കൂടി ഒരു ക്യാപ്റ്റന്‍റെ മികവിന്‍റെ അളവുകോലാണ്. ഒന്നുകില്‍ എന്‍റെ വഴി അല്ലെങ്കില്‍ പെരുവഴിയെന്നതായിരുന്നു വിരാട് കോലിയുടെ ശൈലിയെന്നും ഉത്തപ്പ പറഞ്ഞു. 2019 ജൂണ്‍ 10നാണ് യുവരാജ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2019ല്‍ മുംബൈ ഇന്ത്യൻസിനായി കളിച്ച് ഐപിഎല്ലില്‍ നിന്നും വിരമിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക