ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി! പരിക്കിനെ തുടര്‍ന്ന് റിഷഭ് പന്തിന് വിശ്രമം?

By Web TeamFirst Published Oct 21, 2024, 10:44 AM IST
Highlights

ബിസിസിഐയുടെ മെഡിക്കല്‍ ടീം മുന്‍കരുതല്‍ എന്ന നിലയില്‍ പന്തിനോട് വിശ്രമിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

മുംബൈ: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കളിച്ചേക്കില്ല. മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ തന്നെ പിന്നിലാണ്. പന്താവട്ടെ മികച്ച ഫോമിലും. പരമ്പരയില്‍ തിരിച്ചുവരവിന് കൊതിക്കുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ് പന്തിന്റെ പരിക്ക്. ബെംഗളൂരു ടെസ്റ്റില്‍ മൂന്നാം ദിവസം കാല്‍മുട്ടിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ആ ദിവസം മുഴുവന്‍ താരം വിശ്രമത്തിലായിരുന്നു. ശേഷം രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ താരത്തെ വിക്കറ്റ് കീപ്പിംഗ് ചുമതലകള്‍ ഒഴിവാക്കിയിരുന്നു. ധ്രുവ് ജുറലാണ് പിന്നീട് കീപ്പറായത്.

ബിസിസിഐയുടെ മെഡിക്കല്‍ ടീം മുന്‍കരുതല്‍ എന്ന നിലയില്‍ പന്തിനോട് വിശ്രമിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച്ച രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനെത്തിയ പന്ത് 99 റണ്‍സ് നേടി ഇന്ത്യയെ തിരിച്ചുവരാന്‍ സഹായിച്ചു. ഓപ്പറേഷന് വിധേയനായ അതേ കാല്‍മുട്ടില്‍ പന്തിന് പരിക്കേറ്റതിനാല്‍ മാനേജ്മെന്റ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് പറഞ്ഞിരുന്നു. ക്യാപ്റ്റന്‍ ഇക്കാര്യം സമ്മതിച്ച സ്ഥിതിക്ക് താരത്തെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് വിശ്രമം നല്‍കിയേക്കും.

Latest Videos

പന്തിന് വിശ്രമം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ടീം മാനേജ്‌മെന്റാണ്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി, ചീഫ് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റനെയും വിളിച്ച് പന്തിന്റെ കാര്യം ചര്‍ച്ച ചെയ്യും. അതിന് ശേഷം അവസാന തീരുമാനമെടുക്കും. ഓസ്ട്രേലിയക്കെതിരെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് ഒരു മാസം മാത്രം ശേഷിക്കെ, പന്തിനെ എന്നത്തേക്കാളും കൂടുതല്‍ ആവശ്യമായി വരും.

ഇന്ത്യ അദ്ദേഹത്തെ പൂര്‍ണ ആരോഗ്യവാനാക്കി നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റത്തില്‍ ബാറ്റിംഗിലും വിക്കറ്റ് കീപ്പിങ്ങിലും സെലക്ടര്‍മാരെ ആകര്‍ഷിച്ച ധ്രുവ് ജുറലിന് അവസരം വന്നേക്കും.

tags
click me!