നിലവില്‍ വലംകൈയന്‍ ബാറ്റർമാരുടെ കൂട്ടമാണ് ഇന്ത്യയുടെ ടോപ് ഓർഡറും മധ്യനിരയും, പക്ഷേ ഇടംകൈയനായ റിഷഭ് പന്തിന് സ്ഥിരം സ്ഥാനം ഇല്ലതാനും
ഇന്‍ഡോര്‍: റിഷഭ് പന്തിന് ഇന്ത്യൻ ട്വന്‍റി 20 ടീമിൽ നിർണായക റോളുണ്ടെന്ന് മുൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍. ട്വന്‍റി 20 ലോകകപ്പില്‍ ടോപ് ഓർഡറിൽ ഇന്ത്യ മാറ്റം വരുത്തില്ലെന്നും ബാംഗര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വലംകൈയന്‍ ബാറ്റർമാരുടെ കൂട്ടമാണ് ഇന്ത്യയുടെ ടോപ് ഓർഡറും മധ്യനിരയും. എന്നാല്‍ ഇടംകൈയനായിട്ടും റിഷഭ് പന്തിന് ട്വന്‍റി 20 ടീമിൽ സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയാണ്. ടി20 ഫോര്‍മാറ്റിലെ റിഷഭിന്‍റെ മികവ് അടുത്തിടെ വലിയ ചോദ്യചിഹ്നമായിരുന്നു. അലക്ഷ്യ ഷോട്ടുകള്‍ കളിച്ചും കാര്യമായ സ്ട്രൈക്ക് റേറ്റില്ലാതെയും പുറത്താകുന്ന റിഷഭിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. റിഷഭിന് പകരം 2022ല്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള സഞ്ജു സാംസണ് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ടി20 ലോകകപ്പ് വരെയെങ്കിലും ദിനേശ് കാർത്തിക്കിനെയാണ് ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി ടീം ഇന്ത്യ പരിഗണിക്കുന്നതെങ്കിലും റിഷഭ് പന്തിനെ ടീം തഴയില്ലെന്ന് മുൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍ നിരീക്ഷിക്കുന്നു.
ഏതെങ്കിലും താരത്തിന് പരിക്കോ, ഫോംഔട്ട് സാഹചര്യമോ വന്നാൽ ആദ്യ പരിഗണന റിഷഭ് പന്തിനായിരിക്കുമെന്നും ബാംഗർ പറയുന്നു. വിരാട് കോലി ലോകകപ്പിൽ ഓപ്പണിംഗിലേക്ക് വരാനുള്ള സാധ്യതയില്ല. ഇന്ത്യയുടെ ടോപ് ഓർഡറിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും സഞ്ജയ് ബാംഗർ കൂട്ടിച്ചേര്‍ത്തു. റിഷഭ് പന്തിനെ മാറ്റിനിര്‍ത്തിയാല്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ മാത്രമാണ് നിലവില്‍ ടീമിലുള്ള ഇടംകൈയന്‍ ബാറ്റര്‍. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിങ്ങനെ ബാറ്റിംഗ് നിര വലംകൈയന്‍മാരുടെ കൂട്ടമാണ്.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.
വിട്ടുമാറാത്ത തലവേദനയായി ഡെത്ത് ഓവര്‍; ഇരുത്തിച്ചിന്തിക്കണമെന്ന് സമ്മതിച്ച് രോഹിത് ശര്‍മ്മ